മൗലാനാ സമീഉല്‍ ഹഖ് കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പ്രമുഖ പാകിസ്താന് പണ്ഡിതനും ജംഇയ്യത്തുല്‍ ഉലമാ ഇസ്ലാം സമി നേതാവുമായ മൗലാനാ സമീഉല്‍ ഹഖ്(82) കൊല്ലപ്പെട്ടു. റാവല്‍പിണ്ടിയിലെ വസതിയില്‍വച്ച് കുത്തേറ്റ് മരിക്കുകയായിരുന്നുവെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട്് ചെയ്തു. മുറിയില്‍ വിശ്രമിക്കുന്നതിനിടെയാണ് മരിച്ചതെന്ന് അദ്ദേഹത്തിന്റെ മകന് ഹാമിദ് ജിയോ ന്യൂസിനോട് പറഞ്ഞു. അതേസമയം വെടിയേറ്റാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. താലിബാന് ഗോഡ്ഫാദറായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
ഡ്രൈവര്‍ ഹഖാനി പുറത്തു പോയി തിരിച്ചെത്തിയപ്പോള്‍ മൗലാന സമിയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയെന്ന് മകന് പറഞ്ഞു. നിരവധി തവണ കുത്തേറ്റെന്നും ഡ്രൈവര്‍ പുറത്തുപോയി 15 മിനുട്ടിനുള്ളിലാണ് ആക്രമണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തെ പ്രധാനമന്ത്രി ഇമ്രാന് ഖാന് അപലപിച്ചു. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. മതനിന്ദ കേസുമായി ബന്ധപ്പെട്ട് ആസിയ ബിബിയുടെ വധ ശിക്ഷ റദ്ദാക്കിയ കോടതി ഉത്തരവ് പുറത്തുവന്നതിനാല്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ കൊലപാതകം. ഖൈബര്‍ പഖ്ത്വണ്ഖയിലെ ദാറുല്‍ ഉലൂം ഹഖാനിയ സെമിനാരിയുടെ തലവനാണ് സമീഉല്‍ ഹഖ്. 1985 -1991, 1991-1997 കാലയളവില്‍ ഇദ്ദേഹം പാകിസ്താന് സെനറ്റംഗമായിരുന്നു. ജൂലൈ 25ന് നടന്ന പാക് പൊതു തെരഞ്ഞെടുപ്പില്‍ ഇമ്രാന് ഖാന്റെ പാകിസ്താന് തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയെ പിന്തുണച്ചിരുന്നു. പാകിസ്താനിലെയും അഫ്ഗാനിസ്ഥാനിലെയും താലിബാന് സംഘത്തിനിടയില്‍ ഇദ്ദേഹത്തിന് വന്‍ സ്വാധീനമുണ്ട്. അഫ്ഗാന് താലിബാനുമായുള്ള പ്രശ്ന പരിഹാരത്തിന് ഇദ്ദേഹം മധ്യസ്ഥനാവാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."