ഇന്ത്യയും ചൈനയും ഉറ്റുനോക്കുന്ന ശ്രീലങ്ക
കഴിഞ്ഞ രണ്ടു മാസത്തിനിടെ അയല്‍രാജ്യങ്ങളിലെ രാഷ്ടീയനീക്കത്തെ രണ്ടാം തവണയാണ് ഇന്ത്യയും ചൈനയും പ്രതീക്ഷയോടെയും ആശങ്കയോടെയും നിരീക്ഷിക്കുന്നത്. മാലദ്വീപിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇരുരാജ്യങ്ങള്‍ക്കും പ്രധാനപ്പെട്ടതായിരുന്നു. പ്രസിഡന്റ് അബ്ദുല്ല യമീന്‍ ചൈനീസ് പക്ഷക്കാരനായിരുന്നതിനാല്‍ ഇന്ത്യയുടെ പരോക്ഷ പിന്തുണ പ്രതിപക്ഷ സ്ഥാനാര്‍ഥിയായ ഇബ്രാഹീം മുഹമ്മദ് സ്വാലിഹിനായിരുന്നു. തെരഞ്ഞെടുപ്പില്‍ അബ്ദുല്ല യമീന്‍ പരാജയപ്പെട്ടു. വിജയത്തെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്വാഗതം ചെയ്തു. അബ്ദുല്ല യമീന്‍ പുനഃപരിശോധനാ ഹരജി നല്‍കിയെങ്കിലും കോടതി തള്ളി. മറ്റൊരു ദ്വീപ് രാഷ്ട്രമായ ശ്രീലങ്കയാണ് നിലവില്‍ രാഷ്ട്രീയ പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്നത്. ഇവിടെയും ഇന്ത്യക്കും ചൈനയ്ക്കും വ്യത്യസ്ത താല്‍പര്യങ്ങളാണ്.
ഒക്ടോബര്‍ 26നാണ് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ പുറത്താക്കി മഹിന്ദ രാജപക്‌സെയെ പ്രസിഡന്റ് മൈത്രിപാല സിരിസേന നിയോഗിക്കുന്നത്. ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമാണ് തന്റെ നടപടിയെന്നാണ് സിരിസേനയുടെ വാദം. എന്നാല്‍ രാഷ്ടീയ അട്ടിമറിയുടെ ദിവസങ്ങള്‍ക്കു മുന്‍പാണ് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോ തന്നെ വധിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് പ്രസിഡന്റ് സിരിസേന കാബിനറ്റ് യോഗത്തില്‍ വെളിപ്പെടുത്തുന്നത്. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് ഈ പ്രസ്താവനയുണ്ടായത്. ഈ വാര്‍ത്ത സിരിസേന പിന്നീട് നിരസിച്ചെങ്കിലും തുടര്‍ന്ന് ശ്രീലങ്കയിലുണ്ടായ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് ചൈനീസ് സഹായത്തില്‍ കൃത്യമായ ആസൂത്രണത്തോടെയുള്ള അട്ടിമറിയാണെന്നാണ്.
2015ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചൈനീസ് അനുഭാവിയായ മഹിന്ദ രാജപക്‌സെയെ പരാജയപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച യുനൈറ്റഡ് നാഷനല്‍ സഖ്യത്തിന്റെ രൂപീകരണത്തില്‍ ഇന്ത്യ കൃത്യമായ പങ്കുവഹിച്ചിരുന്നു. ഒടുവില്‍ യു.എന്‍.എഫിന്റെ പിന്തുണയില്‍ സിരിസേന പ്രസിഡന്റാവുകയായിരുന്നു. രാജപക്‌സെയോടുള്ള ശത്രുതയായിരുന്നു ഇരുവരെയും ഒന്നിപ്പിച്ചതിന്റെ പിന്നിലെ പ്രധാനപ്പെട്ട മറ്റൊരു കാര്യം. ചൈനക്കിത് വന്‍തിരിച്ചടിയായിരുന്നു. മൂന്നു വര്‍ഷത്തിനിടെ ശ്രീലങ്കയുമായി നിരവധി കരാറുകളില്‍ ഇന്ത്യ ഒപ്പുവച്ചിരുന്നു. മട്ടാല വിമാനത്താവളം, കെരവാലപ്പിട്ടയിലെ പ്രകൃതി വാതക പ്ലാന്റ്, ജാഫ്‌നയിലെ പലാലി വിമാനത്താവളം തുടങ്ങിയവ ശ്രീലങ്കയുമായി ഇന്ത്യ പുലര്‍ത്തിയ മികച്ച ബന്ധത്തിന്റെ അടയാളങ്ങളാണ്.
2005ല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ ശ്രീലങ്കയുടെ പരമ്പരാഗത സുഹൃദ് രാജ്യമായ ഇന്ത്യയെ ആശങ്കപ്പെടുത്തികൊണ്ട് ബെയ്ജിങ്ങില്‍നിന്നു നൂറുകണക്കിനു ഡോളറിന്റെ വായ്പ വാങ്ങി രാജ്യത്തെ ചൈനയുമായി അടുപ്പിച്ചത് രാജപക്‌സെയാണ്. ഇക്കാലയളവിലാണ് ഇന്ത്യയുടെ പ്രതിഷേധത്തിനിടയില്‍ കൊളംബോ തുറമുഖത്ത് ചൈനയുടെ മുങ്ങിക്കപ്പലുകള്‍ നങ്കൂരമിടാന്‍ അനുമതി നല്‍കിയത്. കൊളംബോ ഇന്റര്‍നാഷനല്‍ ഫിനാന്‍സ് സിറ്റിയെന്ന പേരില്‍ പ്രത്യേക സാമ്പത്തിക മേഖല രാജപക്‌സെ വിഭാവനം ചെയ്തു. 2014ല്‍ ചൈനീസ് പ്രസിഡന്റ് ജിന്‍പിങ്ങുമായി ചേര്‍ന്നാണ് ഈ തുറമുഖ നഗര പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇതിനൊപ്പം ഹാംബന്തോട്ട തുറമുഖം ചൈനീസ് കമ്പനിക്കു 99 വര്‍ഷത്തേക്കു പാട്ടത്തിനു നല്‍കാനുള്ള തീരുമാനവും രാജപക്‌സെ സ്വീകരിക്കുകയുണ്ടായി. 2015ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് റോ ഇടപെടല്‍ കാരണത്താലെന്നായിരുന്നു രാജപക്‌സെയുടെ ആരോപണം.
അതിനിടെ പ്രധാനമന്ത്രിയെ നീക്കിയ സിരിസേനയുടെ നടപടിക്കെതിരേ യു.എന്‍, യു.എസ്, യൂറോപ്യന്‍ യൂനിയന്‍ എന്നിവ രംഗത്തുവന്നിരുന്നു. എന്നാല്‍ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തതിനു ശേഷം അഭിനന്ദനവുമായി ആദ്യം എത്തിയത് ചൈനയാണ്. രാഷ്ട്രീയ അട്ടമറിയുടെ അന്തര്‍ധാര ഇതിലൂടെ വ്യക്തമാണ്. രാജപക്‌സെയെ സ്വാഗതം ചെയ്ത ചൈനീസ് അംബാസഡര്‍ ചെങ് സിയോന്‍, ചൈനീസ് പ്രധാനമനമന്ത്രി ലി കെഖ്യാങ്ങിന്റെ അഭിനന്ദന സന്ദേശവും കൈമാറിയിരുന്നു.
ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യ ഉറ്റുനോക്കുന്നതിന്റെ മറ്റൊരു കാരണം ന്യൂനപക്ഷമായ തമിഴ് ഈഴം വിഭാഗത്തോടുള്ള സമീപനങ്ങളാണ്. ഇത് തമിഴ്‌നാടിന്റെ രാഷ്ട്രീയ, സാംസ്‌കാരിക മേഖലയില്‍ വന്‍തോതില്‍ പ്രതിഫലനമുണ്ടാക്കും. തമഴ് വിമത കലാപകാരികള്‍ക്കെതിരേ നടത്തിയ കാലാപത്തില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് രാജപക്‌സെയുടെ കാലത്തുണ്ടായത്.
2009ല്‍ അവസാനിച്ച 26 കൊല്ലത്തെ സംഘര്‍ഷത്തില്‍ ഒരു ലക്ഷം പേരാണ് കൊല്ലപ്പെട്ടത്. 2006നും 2009നും ഇടയില്‍ ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (എല്‍.ടി.ടി.ഇ) എതിരായ നടത്തിയ സൈനിക നടപടി വംശീയ ഉന്മൂലനമെന്നാണു വിളിക്കപ്പെടുന്നത്. ആയിരക്കണക്കിനു നിരപരാധികളെയാണ് ഇക്കാലയളവില്‍ കൊലപ്പെടുത്തിയത്. ഇക്കാരണത്താലണ് രാജപക്‌സക്‌സെയെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന് തമഴിനാട് മുഖ്യമന്ത്രി എടിപ്പാടി കെ. പളനി സ്വാമി കഴിഞ്ഞ ഞാറാഴ്ച ആവശ്യപ്പെട്ടത്.
തമിഴര്‍ക്കു പുറമെ രാജ്യത്തെ മുസ്‌ലിംകള്‍ക്കെതിരേയും വന്‍തോതില്‍ ആക്രമണങ്ങള്‍ രാജപക്‌സെയുടെ കാലത്തുണ്ടായി. സിംഹള ബുദ്ധ വിഭാഗത്തിനു പിന്തുണയുള്ളതിനാല്‍ ന്യൂനപക്ഷ വിഭഗങ്ങള്‍ രാജപക്‌സെയുടെ വരവോടെ അസ്ഥിരമാവും.
പാര്‍ലമെന്റ് മരവിപ്പിച്ച നടപടി സിരിസേന പിന്‍വലിച്ചു. എന്നാല്‍ റനില്‍ വിക്രമസിംഗെയെ പിന്തുണക്കുന്ന പാര്‍ലമെന്റ് അംഗങ്ങളെ ചാക്കിട്ടുപിടക്കാനാണ് അടുത്ത യോഗം നടക്കുന്ന തിങ്കളാഴ്ചവരെ മഹിന്ദ രാജപക്‌സെയുടെയും സിരിസേനയുടെയും ശ്രമം. ഇതിനായി ചൈന ഇടപെടുന്നുണ്ടെന്നു റനില്‍ വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യു.എന്‍.പി)ആരോപിച്ചിരുന്നു.
225 അംഗ പാര്‍ലമെന്റില്‍ 124 പേരുടെ പിന്തുണയുണ്ടെന്നാണ് യു.എന്‍.പിയുടെ വാദം. തിങ്കളാഴ്ച നടക്കുന്ന പാര്‍ലമെന്റില്‍ വോട്ടെടുപ്പു നടക്കുകയാണെങ്കില്‍ അതിലെ ഫലം അംഗീകരിക്കാന്‍ പ്രസിഡന്റ് സിരിസേനയും രാജപക്‌സെയും നിര്‍ബന്ധിതരാവും. അല്ലെങ്കില്‍ 2020 ജനുവരിയില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇരുവര്‍ക്കും ശക്തമായ തിരിച്ചടി നേരിടേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."