അനുഗ്രഹത്തിനായി താലത്തില്‍ വെച്ച ഒന്നര ലക്ഷത്തിന്റെ താലിമാല കാള വിഴുങ്ങി
മുംബൈ: വീട്ടില്‍ നടത്തിയ പൂജയ്ക്കിടെ കാള ഒന്നര ലക്ഷം രൂപ വിലവരുന്ന താലിമാല അകത്താക്കി. അനുഗ്രഹത്തിനായി പൂജത്തട്ടില്‍ വെച്ച മാലയാണ് ചപ്പാത്തിക്കൊപ്പം കാള അകത്താക്കിയത്.
ചാണകമിടുമ്പോള്‍ കിട്ടുമെന്ന് കരുതി വീട്ടുകാര്‍ ഒരാഴ്ച കാത്തിരുന്നു. ചാണകത്തില്‍ തിരഞ്ഞ് മടുത്തപ്പോള്‍ ഒടുവില്‍ കാളയ്ക്ക് ശസ്ത്രക്രിയ നടത്തേണ്ടിവന്നു മാല പുറത്തെടുക്കാന്‍.
അഹ്മദ് നഗറിലെ റെയ്റ്റി വാഗ്പുര്‍ ഗ്രാമത്തിലെ കര്‍ഷകന്‍ ബാബുറാവ് ഷിന്ദേയുടെ വീട്ടിലെ കാളയാണ് പോള എന്ന ആഘോഷത്തിനിടയില്‍ താലിമാല അകത്താക്കിയത്. ഒരു സ്വര്‍ണാഭരണം കാളയുടെ നെറുകയില്‍ തൊടുവിച്ച് അനുഗ്രഹം വാങ്ങുന്നത് ചടങ്ങിന്റെ ഭാഗമാണ്. ചടങ്ങ് നടക്കുന്നതിനിടെ കരണ്ട് പോയി. മെഴുകുതിരി എടുക്കാന്‍ പോയതാണ് റാവുവിന്റെ ഭാര്യ. വെളിച്ചവുമായി തിരിച്ചു വന്നപ്പോള്‍ പൂജത്തട്ട് കാലി. ചപ്പാത്തി മാത്രമല്ല, മാലയും കാള അകത്താക്കിയിരുന്നു.
കാളയുടെ വായില്‍ കൈയിട്ട് മാല എടുക്കാനായിരുന്നു വീട്ടുകാരുടെ ആദ്യ ശ്രമം. അത് പരാജയപ്പെട്ടപ്പോള്‍ ചാണകമിടുമ്പോള്‍ മാല കിട്ടുമെന്ന് കരുതി വീട്ടുകാര്‍ ഒരാഴ്ച കാത്തിരുന്നു. അതും നടക്കാതെയായപ്പോള്‍ കാളയെ അടുത്തുള്ള മൃഗഡോക്ടറെ കാണിച്ചക്കുകയായിരുന്നു. മെറ്റല്‍ ഡിറ്റക്ടര്‍ വെച്ച് പരിശോധിച്ചപ്പോള്‍ മാല കാളയുടെ വയറ്റിലുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. ആറായിരം രൂപയാണ് ഇവര്‍ക്ക് ശസ്ത്രക്രിയക്ക് ചിലവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."