'സ്‌നേഹസ്പര്‍ശം' പദ്ധതി: രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ വര്‍ധന
കോഴിക്കോട്: 'സ്‌നേഹസ്പര്‍ശം' പദ്ധതിയില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത രോഗികളുടെ എണ്ണത്തില്‍ ഈവര്‍ഷം വര്‍ധനയുള്ളതായി കണക്കുകള്‍. ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത രോഗികളുടെ എണ്ണം 2000ത്തിന് മുകളിലാണ്. കഴിഞ്ഞ വര്‍ഷം ആകെ 160 പേരാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ ഈ വര്‍ഷത്തില്‍ അഞ്ചുമാസം പൂര്‍ത്തിയായതോടെയാണ് 2000ത്തിനടുത്ത് രോഗികളുടെ വര്‍ധനവുണ്ടായത്. ജില്ലയില്‍ 2500നടുത്ത് രോഗികള്‍ ഡയാലിസിസ് ചെയ്യുന്നുണ്ട്. 'കൈകോര്‍ത്തുപിടിക്കാം കണ്ണീരൊപ്പാം' മുദ്രവാക്യത്തോടുകൂടി ജില്ലാ പഞ്ചായത്ത് വൃക്കരോഗികള്‍ക്ക് സഹായം നല്‍കുന്ന പദ്ധതിയാണ് 'സ്‌നേഹസ്പര്‍ശം'. ഭൂരിഭാഗം രോഗികളെയും പദ്ധതിയുടെ ഭാഗമാക്കാന്‍ കഴിഞ്ഞു. ഡയാലിസിസ് ചെയ്യുന്ന രോഗികളുടെ ചികിത്സാ സഹായം 3000 രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സസഹായം നല്‍കുന്നതാണ് പദ്ധതി. കാരുണ്യ പദ്ധതിയുടെ സഹായം ലഭിക്കുന്നവര്‍ക്ക് അതിന്റെ തുടര്‍ച്ചയായി 'സ്‌നേഹസ്പര്‍ശ'ത്തെ ആശ്രയിക്കേണ്ടി വരും. ഇതുകാരണം സ്‌നേഹസ്പര്‍ശം പദ്ധതി വഴി സഹായം ലഭ്യമാക്കേണ്ടവരുടെ എണ്ണം വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വ്യക്ക രോഗികളുള്ളത് കോഴിക്കോട് ജില്ലയിലാണ്. വൃക്ക മാറ്റിവച്ച രോഗികള്‍ക്ക് മരുന്നിനായി നല്‍കുന്നത് 2000 രൂപയാണ്. 2015-ല്‍ 112 രോഗികളാണ് 'സ്‌നേഹസ്പര്‍ശം' പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഒരു വര്‍ഷം മൂന്നു കോടി രൂപയാണ് പദ്ധതി ചെലവ്. 2012 ഫെബ്രുവരിയിലാണ് പദ്ധതി ആരംഭിക്കുന്നത്. അന്ന് 2000 രൂപയായിരുന്നു വ്യക്ക രോഗികള്‍ക്കായി നല്‍കിയിരുന്നത്.
വൃക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് തടയാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. കൂടാതെ 'സ്‌നേഹസ്പര്‍ശം' പദ്ധതിയുടെ ഭാഗമായി മൊബൈല്‍ കിഡ്‌നി ഡിറ്റക്ഷന്‍ ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ എയ്ഡ്‌സ് രോഗികളെയും മാനസികരോഗികളെയും ഉള്‍കൊള്ളിച്ചിട്ടുണ്ട്. ആരും നോക്കാനില്ലാത്ത എയ്ഡസ് രോഗികള്‍ക്കുവേണ്ടി മെഡിക്കല്‍ കോളജില്‍ കെയര്‍ സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. മാനസികാരോഗ്യ ക്ലിനിക്കുകള്‍ ജില്ലയില്‍ അഞ്ചു സ്ഥലത്ത് പ്രവര്‍ത്തിക്കുന്നു. കക്കോടി, കൂട്ടാലിട, അരിക്കുളം, കോട്ടൂര്‍, ചെങ്ങോട്ടുങ്കാവ് എന്നിവിടങ്ങളിലാണ് ക്ലിനിക്കുകള്‍.
രണ്ടു ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ നിന്നും 10 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും 25 ലക്ഷം രൂപ വീതം കോര്‍പറേഷനും ജില്ലാ പഞ്ചായത്തും സംയുക്തമായി ഈ സാമ്പത്തിക വര്‍ഷം സമാഹരിക്കും. നിലവില്‍ സ്‌ക്വാഡ് രൂപീകരിച്ച് പല ഘട്ടങ്ങളിലായി ജനകീയ വിഭവസമാഹരണത്തിലൂടെയാണ് പണം ശേഖരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."