മുഹമ്മദ് അലി - ഈജിപ്തിലെ വിപ്ലവനായകന്‍
കെയ്‌റോ: വിദേശത്തു കഴിയുന്ന വ്യവസായി മുഹമ്മദ് അലിയാണ് ഇപ്പോഴത്തെ ജനകീയസമരത്തിന് ആഹ്വാനം ചെയ്തത്. ജനം ഒന്നടങ്കം അത് ഏറ്റെടുക്കുകയായിരുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ പ്രസിഡന്റ് വന്‍ അഴിമതിക്കാരനാണെന്ന വാര്‍ത്ത പുറത്തുവന്നതാണ് ജനത്തെ ഇളക്കിയത്. ഔദ്യോഗിക കണക്കനുസരിച്ച് ഈജിപ്തില്‍ മൂന്നിലൊന്നു പേര്‍ പട്ടിണിയിലാണ്.
ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്ത വിഡിയോകളിലൂടെ അലി നടത്തിയ വെളിപ്പെടുത്തല്‍ ഇതാണ്: 15 വര്‍ഷമായി സൈന്യത്തിന്റെ കെട്ടിട നിര്‍മാണ കരാറുകാരനായി ജോലിചെയ്തയാളാണ് താന്‍. രാജ്യത്ത് പട്ടിണി പെരുകുന്നതിനിടെ പ്രസിഡന്റ് അല്‍സിസിയും സഹായികളും പൊങ്ങച്ച പദ്ധതികള്‍ക്കുവേണ്ടി പൊതു സമ്പത്ത് കൊള്ളയടിക്കുകയാണ്. ചെറിയതോതില്‍ അഴിമതി നടത്തിവന്ന സിസി ഇപ്പോള്‍ വലിയതോതില്‍ അഴിമതി നടത്തുന്നു. സിസിയുടെ സഹായികള്‍ക്ക് അഞ്ചു വില്ലകള്‍ താന്‍ പണിതുകൊടുത്തിട്ടുണ്ട്. പ്രസിഡന്റിന് കെയ്‌റോയിലെ സൈനിക ക്യാംപില്‍ ഒരു കൊട്ടാരവും പണിതുകൊടുത്തിട്ടുണ്ട്- അലി വെളിപ്പെടുത്തുന്നു.
അതേസമയം താന്‍ അഴിമതി നടത്തിയതായ വാര്‍ത്ത അല്‍സിസി നിഷേധിച്ചു. രാജ്യത്തോടും സൈന്യത്തോടും താന്‍ വിശ്വസ്തത കാണിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ഇപ്പോള്‍ ഈജിപ്തില്‍ ഏറ്റവും ജനസമ്മതിയുള്ള പൊതുപ്രവര്‍ത്തകനാണ് മുഹമ്മദ് അലിയെന്ന് വിദേശ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. സിസിയുടെ കീഴില്‍ രാജ്യത്ത് ദാരിദ്ര്യം പെരുകുകയാണ്. 2000ത്തില്‍ 17 ശതമാനമായിരുന്നത് 2015ല്‍ 28 ശതമാനമായി. ഇപ്പോഴത് 33 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."