അക്ഷരം കൊതിച്ചെത്തിയ മിഥുനിനെ നെഞ്ചോട് ചേര്‍ത്ത് സ്‌കൂള്‍
പടിഞ്ഞാറത്തറ: അധ്യയന വര്‍ഷത്തിന്റെ രണ്ടാംദിനത്തില്‍ പടിഞ്ഞാറത്തറ ജി.എല്‍.പി സ്‌കൂളിലേക്ക് പ്രദേശത്തെ കൂവലത്തോട് കോളനി വാസിയും ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയുമായ ഗോപികയെത്തി. പ്രധാനധ്യാപകന്റെ മുറിയിലെത്തിയ ഗോപികയോടൊപ്പം ഒരു കൊച്ചു മിടുക്കനുമുണ്ടായിരുന്നു. ഇവരുടെ ആവശ്യംകേട്ട പ്രധാനധ്യാപകന്‍ സന്തോഷ് ആദ്യമൊന്ന് അമ്പരന്നു. പിന്നീട് അമ്പരപ്പ് ആഹ്ലാദത്തിന് വഴിമാറി. കാരണം പട്ടികവര്‍ഗ വിഭാഗങ്ങളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് നാള്‍ക്ക് നാള്‍ വാര്‍ത്തയാവുന്ന സന്ദര്‍ഭത്തിലാണ് കൂവത്തോട് കോളനിയിലെ മിഥുനെന്ന കൊച്ചുമിടുക്കന്‍ അക്ഷരം കൊതിച്ച് അയല്‍വാസിയായ ഗോപികക്കൊപ്പം സ്‌കൂളിലെത്തുന്നത്. പിന്നെ ഒന്നും ആലോചിക്കേണ്ടി വന്നില്ല, സ്‌കൂളില്‍ മിഥുന് പ്രവേശനം നല്‍കാന്‍.
സാധാരണ ആദിവാസി പണിയ വിഭാഗത്തിലുള്ള കുട്ടികള്‍ സ്‌കൂളിലെത്തുന്നത് പലപ്പോഴും വളരെ വൈകിയാണ്. കാരണം അവരുടെ അച്ഛനമ്മമാര്‍ക്ക് അവരെ സ്‌കൂളിലയക്കുന്നതിനേക്കാളും ഇഷ്ടം അവര്‍ തങ്ങളുടെ ചാരത്ത് തന്നെ നില്‍ക്കുന്നതാണ്. അതുകൊണ്ടുതന്നെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ അവര്‍ക്ക് വലിയ നിര്‍ബന്ധ ബുദ്ധിയൊന്നുമില്ല. പഠിക്കുന്നെങ്കില്‍ പഠിക്കട്ടെ എന്നേയുളളൂ. കൂടുതലും സന്നദ്ധ പ്രവര്‍ത്തകരും അധ്യാപകരുമൊക്കെ ഇടപെട്ട് നിര്‍ബന്ധപൂര്‍വം അവരെ സ്‌കൂളുകളിലെത്തിക്കുകയാണ് പതിവ്.
ഇവിടെയാണ് മിഥുന്റെ അക്ഷര സ്‌നേഹം വെളിവാകുന്നത്. കൂലിപ്പണിക്ക് പോകുന്ന അച്ഛന്‍ സുരേഷിനും പ്രസവിച്ച് കിടക്കുന്ന അമ്മ മിനിക്കും മിഥുനെ സ്‌കൂളില്‍ ചേര്‍ക്കുകയെന്നത് ഇത്തിരി കഷ്ടതയുള്ള കാര്യമായപ്പോള്‍ അവന്‍ സ്വയം സ്‌കൂളിലെത്തി. പഠിക്കണമെന്ന അതിയായ മോഹത്തോടെ. അടുത്തകൊല്ലം സ്‌കൂളില്‍ പോയാല്‍ മതി എന്നായിരുന്നു വീട്ടുകാരുടെ നിലപാട്. അപ്പോഴാണ് മിഥുന്‍ അയല്‍വാസിയായ ഗോപികയുടെ അടുത്തെത്തി തന്റെ സങ്കടം ബോധിപ്പിച്ചത്. ഗോപിക ഉടനെ മിഥുനെയും കൂട്ടി സ്‌കൂളിലെത്തുകയായിരുന്നു. മറ്റ് കീഴ്‌വഴക്കങ്ങളൊന്നും നോക്കാതെ തന്നെ പ്രധാനധ്യാപകന്‍ സന്തോഷ് അവന് സ്‌കൂളില്‍ പ്രവേശനവും നല്‍കി. ഇപ്പോള്‍ സ്‌കൂളിന്റെ മൊത്തം സ്വത്തായി മാറിയിരിക്കുകയാണ് മിഥുന്‍. അക്ഷരങ്ങളെ സ്‌നേഹിച്ച് പ്രതിസന്ധികള്‍ മറികടന്ന് സ്‌കൂളിലെത്തിയ മിഥുനും അവന്റെ സങ്കടം കേട്ടപാടെ അവനെ സ്‌കൂളിലെത്തിച്ച ഗോപികക്കും നല്‍കാം നൂറ് കൈയടികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."