സൗഹൃദ ഫുട്‌ബോള്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഫ്രാന്‍സ്
പാരിസ്: പത്ത് പേരായി ചുരുങ്ങിയിട്ടും ഇംഗ്ലണ്ടിനെ നിര്‍ണായക ഗോളില്‍ വീഴ്ത്തി ഫ്രാന്‍സ് അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്റെ വിജയം. ലാറ്റിനമേരിക്കന്‍ കരുത്തരായ കൊളംബിയ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് കാമറൂണിനെ വീഴ്ത്തി. മറ്റ് മത്സരങ്ങളില്‍ പെറു 3-1ന് ജമൈക്കയേയും ഇക്വഡോര്‍ 3-0ത്തിന് എല്‍ സാല്‍വദോറിനേയും കാനഡ 2-1ന് ക്യുറാക്കാവോവിനേയും പരാജയപ്പെടുത്തി.
ഫ്രാന്‍സും ഇംഗ്ലണ്ടും തമ്മില്‍ ത്രില്ലര്‍ പോരാട്ടമാണ് അരങ്ങേറിയത്. ഇംഗ്ലണ്ടിനായി നായകന്‍ ഹാരി കെയ്ന്‍ ഇരട്ട ഗോളുകള്‍ നേടി. കളിയുടെ ഒന്‍പതാം മിനുട്ടില്‍ തന്നെ കെയ്‌നിലൂടെ ഇംഗ്ലണ്ടാണ് മുന്നിലെത്തിയത്. എന്നാല്‍ ഉംറ്റിറ്റിയുടെ ഗോളില്‍ ഫ്രാന്‍സ് 22ാം മിനുട്ടില്‍ സമനില പിടിച്ചു. 43ാം മിനുട്ടില്‍ സിഡിബെയിലൂടെ ഫ്രാന്‍സ് ലീഡ് സ്വന്തമാക്കിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കെയ്ന്‍ തന്റെ രണ്ടാം ഗോളിലൂടെ ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു. രണ്ടാം പകുതി തുടങ്ങി രണ്ട് മിനുട്ട് മാത്രം കളി പിന്നിട്ടപ്പോള്‍ ഫ്രാന്‍സിന്റെ റയല്‍ മാഡ്രിഡ് പ്രതിരോധ താരം റാഫേല്‍ വരാനെയ്ക്ക് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തേയ്ക്ക് പോകേണ്ടി വന്നു. ഇംഗ്ലീഷ് താരം ബെംബല്ലെ അലിയെ ബോക്‌സില്‍ വീഴ്ത്തിയതിനാണ് താരത്തിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ഇതിന് ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ചാണ് ഇംഗ്ലണ്ട് സമനില സ്വന്തമാക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഫ്രാന്‍സിന് പത്ത് പേരായി ചുരുങ്ങേണ്ടി വന്നെങ്കിലും 78ാം മിനുട്ടില്‍ ഡെംബെലെയുടെ ഗോളില്‍ ഫ്രഞ്ച് ടീം വിജയം സ്വന്തമാക്കി. പത്ത് പേരായി ചുരുങ്ങിയ ഫ്രാന്‍സിന്റെ ദൗര്‍ബല്യം മുതലാക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചില്ല.
യെരി മിനയുടെ ഇരട്ട ഗോളുകളും നായകന്‍ ജെയിംസ് റോഡ്രിഗസ്, ഇസക്ക്വിയാര്‍ഡോ എന്നിവരുടെ ഗോളുകളുമാണ് കാമറൂണിനെതിരേ കൊളംബിയക്ക് ഏകപക്ഷീയ വിജയമൊരുക്കിയത്. അതേസമയം ലാറ്റിനമേരിക്കന്‍ ചാംപ്യന്‍മാരായ ചിലിയെ റുമാനിയ 3-2ന് അട്ടിമറിച്ചു. സ്വീഡന്‍- നോര്‍വെ പോരാട്ടം 1-1നും ഇന്തോനേഷ്യ- പ്യുര്‍ട്ടോ റിക്കോ പോരാട്ടം ഗോള്‍രഹിത സമനിലയിലും പിരിഞ്ഞു. സാംബിയ 2-1ന് ദക്ഷിണാഫ്രിക്കയെ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."