ലണ്ടനില്‍ 24നില കെട്ടിടത്തില്‍ വന്‍തീപിടിത്തം; 12 മരണം
ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനില്‍ ബഹുനില കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 12 പേര്‍ മരിച്ചു. 74 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 20 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലിസ് അറിയിച്ചു.
ഇന്നലെ പുലര്‍ച്ചെയാണ് ഗ്രെന്‍ഫെല്‍ ടവര്‍ എന്ന പേരിലുള്ള 24 നില കെട്ടിടത്തിന് തീപിടിച്ചത്. സംഭവസമയത്ത് 600ഓളം പേര്‍ കെട്ടിടത്തിനകത്തുണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു.
ആളുകള്‍ ഉറങ്ങിക്കിടക്കുന്ന സമയത്താണ് തീപിടിത്തമെന്നതിനാല്‍ പലരും തീ ആളിപ്പടര്‍ന്ന ശേഷമാണ് സംഭവം അറിഞ്ഞത്. കെട്ടിടത്തിനടകത്ത് രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമായിരിക്കുകയാണെന്ന് മെട്രോപൊളിറ്റന്‍ പൊലിസ് കമാന്‍ഡര്‍ സ്റ്റുവര്‍ട്ട് കന്‍ഡി അറിയിച്ചു. നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
അപകടകാരണം ഇതുവരെ വ്യക്തമല്ല. ആകെ 120 ഫ്‌ളാറ്റുകളാണ് ഗ്രെന്‍ഫല്‍ ടവറിലുണ്ടായിരുന്നത്.
2016ല്‍ നവീകരണ പ്രവൃത്തി പൂര്‍ത്തിയായ കെട്ടിടത്തില്‍ തീ ആളിപ്പടര്‍ന്ന് പൂര്‍ണമായും വിഴുങ്ങിയതോടെ നാടകീയരംഗങ്ങള്‍ക്കാണ് കെട്ടിടം സാക്ഷിയായത്.
പലരും മേല്‍നിലകളില്‍നിന്ന് താഴേക്ക് എടുത്തുചാടാന്‍ ശ്രമിക്കുകയും ചിലര്‍ കുട്ടികളെ താഴേക്ക് എടുത്തെറിയുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
250 അഗ്നിശമന സേനാംഗങ്ങളും 100 ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ടായിരുന്നു. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്ഥിതിഗതികള്‍ വിലയിരുത്താനായി അഗ്നിശമന വകുപ്പ് മന്ത്രി നിക്ക് ഹര്‍ഡും പൊലിസ് അധികൃതരും ചര്‍ച്ച നടത്തി.
നേരത്തെ പല സമയത്തും മുന്നറിയിപ്പ് നല്‍കിയിട്ടും മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കാന്‍ കെട്ടിട ഉടമകള്‍ തയാറായിരുന്നില്ലെന്ന് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. അതേസമയം, നിയമാനുസൃതമായാണ് കെട്ടിടം നിര്‍മിച്ചതെന്നും എല്ലാവിധ സുരക്ഷാ മുന്നൊരുക്കങ്ങളും അഗ്നിനിയന്ത്രണ സംവിധാനങ്ങളും കെട്ടിടത്തിനകത്ത് സജ്ജീകരിച്ചിരുന്നതായും നിര്‍മാതാക്കളായ റൈയ്‌ദോന്‍ പറഞ്ഞു.
കെട്ടിടത്തെ പൂര്‍ണമായും തീ വിഴുങ്ങിയതിനാല്‍ സമീപത്തെ വീട്ടുകാരും കെട്ടിടങ്ങളില്‍ കഴിയുന്നവരും അപകട ഭീഷണിയിലാണ്. കെട്ടിടം ഇടിഞ്ഞുവീണ് കൂടുതല്‍ ദുരന്തത്തിനിടയാക്കുമെന്ന ഭീതിയിലാണ് സമീപത്തുള്ളവര്‍.
ഇതുമൂലം പരിസരങ്ങളില്‍ നിന്നെല്ലാം ആളുകളെ ഒഴിപ്പിക്കുകയും റോഡുകള്‍ അടച്ചിടുകയും ചെയ്തിട്ടുണ്ട്.
ദുരന്തത്തില്‍ പ്രധാനമന്ത്രി തെരേസാ മേ നടുക്കം രേഖപ്പെടുത്തി. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി സര്‍ക്കാര്‍ പ്രസ്താവനയിറക്കണമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."