റോഡ് നന്നാക്കാന്‍ നിരാഹാര സമരവുമായി നാട്ടുകാര്‍
ഗൂഡല്ലൂര്‍: റോഡ് ഗതാഗത യോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നിരാഹാര സമരം നടത്തി. കുന്നൂര് താലൂക്കിലെ ഉളിക്കല്‍ പഞ്ചായത്തില്‍പ്പെട്ട പക്കാസൂരന് മല ഗ്രാമവാസികളാണ് സമരവുമായി രംഗത്തെത്തിയത്.
ഉളിക്കല്‍ പഞ്ചായത്തിലെ പക്കാസൂരന് മല, ട്രൂക്ക് എസ്റ്റേറ്റ്, ചെങ്കല്‍ പുതൂര്‍, ടാന്‍ ടി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് മറ്റുസ്ഥലങ്ങളിലേക്ക് പോകാനുള്ള റോഡ് വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ പാടെ തകര്‍ന്നിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് വാഹനം പോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് രോഗിയെ ചുമലിലേറ്റി ആശുപത്രിയില്‍ കൊണ്ടുപോകവേ വഴി മധ്യേ മരിച്ചിരുന്നു. പലവിധ സമരങ്ങള്‍ നടത്തിയിട്ടും നിവേദനം നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ നിരാഹാര സമരം ആരംഭിച്ചത്.
സമര വാര്‍ത്തയറിഞ്ഞ് കുന്നൂര് തഹസില്‍ദാര്‍ ശിവകുമാര്‍, ടി.എസ്.ഒ സംഗീത റാണി, എസ്.ഐ ഷണ്മുഖ സുന്ദരന്‍, എക്സിക്യുട്ടിവ് ഓഫിസര്‍ മണികണ്ഠന് തുടങ്ങിയവര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. റോഡ് കടന്നുപോകുന്നത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലൂടെയാണെന്നും ജില്ലാ ഭരണകൂടവുമായി ആലോചിച്ച് റോഡ് നന്നാക്കാനുള്ള നടപടി ആരംഭിക്കുമെന്ന് ഇവര്‍ ഉറപ്പ് നല്‍കിയെങ്കിലും റോഡ് പ്രവൃത്തി ആരംഭിക്കുന്നത് വരെ സമരം തുടരാനാണ് നട്ടുകാരുടെ തീരുമാനം. പ്രദേശത്ത് പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."