കടല്‍ സുരക്ഷാസേന: മാര്‍ഗരേഖക്ക് അംഗീകാരം
മലപ്പുറം: മത്സ്യത്തൊഴിലാളികള്‍ക്കു പരിശീലനംനല്‍കി കടലിലെ സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നിയോഗിക്കുന്നതിനുള്ള കടല്‍ സുരക്ഷാ സേന പദ്ധതിയുടെ മാര്‍ഗരേഖക്കും അപേക്ഷാഫോറത്തിനും ഫിഷറീസ് വകുപ്പ് അംഗീകാരം നല്‍കി. പദ്ധതി നടത്തിപ്പിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 7.15 കോടി രൂപ അനുവദിച്ചിട്ടുമുണ്ട്.
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളില്‍നിന്ന് 300 പേരെ പരിശീലിപ്പിച്ചെടുത്ത് കടലിലെ സുരക്ഷക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ നിയോഗിക്കുന്നതിനുള്ള പദ്ധതിയാണിത്.
മത്സ്യബന്ധനത്തില്‍ അഞ്ചുവര്‍ഷമെങ്കിലും പരിചയമുള്ളവരെയാണ് ഇതിനു നിയോഗിക്കുക. പരിശീലന ചുമതല ദേശീയ ഏജന്‍സിയെ ഏല്‍പ്പിക്കാനാണ് തീരുമാനം.
പരിശീലനം നേടുന്നവര്‍ക്ക് സ്ഥിരനിയമനം നല്‍കില്ല. ആവശ്യം വരുമ്പോള്‍ വിളിച്ചുവരുത്തി സുരക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ നിയോഗിക്കുകയായിരിക്കും ചെയ്യുക.
സുരക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ യാനങ്ങള്‍ വാടകയ്‌ക്കെടുക്കാനാണ് തീരുമാനം. ഇതിനുള്ള മാനദണ്ഡങ്ങള്‍ മാര്‍ഗരേഖയിലുണ്ട്. യാനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ് എന്നിവ ഉണ്ടായിരിക്കണം.
മത്സ്യഗ്രാമവുമായി ബന്ധപ്പെട്ടതോ തൊട്ടടുത്തതോ ആയ ഫിഷിങ് ഹാര്‍ബറോ ലാന്‍ഡിങ് സെന്ററോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവയായിരിക്കണം. മോട്ടോര്‍ ഘടിപ്പിച്ച യാനങ്ങളുടെ പരമാവധി കാലപ്പഴക്കം അഞ്ചുവര്‍ഷവും യന്ത്രവല്‍കൃത വോട്ടുകളുടേത് ഏഴു വര്‍ഷവും ആയിരിക്കണം.
യന്ത്രം ഘടിപ്പിച്ച യാനങ്ങളില്‍ മറൈന്‍ പ്ലൈവുഡ് യാനങ്ങളും യന്ത്രവല്‍കൃത ബോട്ടുകളില്‍ വുഡന്‍ ബോട്ടുകളും പരിഗണിക്കില്ല.
യാനത്തിന്റെ നിലവിലെ ഉടമസ്ഥന്‍ രജിസ്‌ട്രേഡ് ഓണര്‍ ആയിരിക്കണം. യന്ത്രം ഘടിപ്പിച്ച യാനങ്ങളുടെ കുറഞ്ഞ നീളം 9.6 മീറ്ററും യന്ത്രവല്‍കൃത ബോട്ടുകളുടേത് 19.5 മീറ്ററും ആയിരിക്കണം.
യാനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ച കളര്‍ കോഡ് നിര്‍ബന്ധമാണ്. യന്ത്രം ഘടിപ്പിച്ച യാനങ്ങള്‍ക്ക് കുറഞ്ഞത് 25 എച്ച്.പി എന്‍ജിനെങ്കിലും ഉണ്ടായിരിക്കണം. യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് കുറഞ്ഞത് 300 എച്ച്.പി എന്‍ജിനെങ്കിലും ഉണ്ടായിരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."