ബാങ്ക് ഇടപാടുകളും വിമാനയാത്രയും ഇനി കേന്ദ്രത്തിന്റെ നിരീക്ഷണ വലയത്തില്‍
ന്യൂഡല്‍ഹി: ബാങ്ക് ഇടപാടുകള്‍, വ്യക്തിഗത നികുതി, ആഭ്യന്തര യാത്രകള്‍ തുടങ്ങി ഇരുപതിലേറെ മേഖലകളുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി നാഷനല്‍ ഇന്റലിജന്‍സ് ഗ്രിഡ് (നാറ്റ്ഗ്രിഡ്) എന്ന പേരില്‍ പുതിയ യൂനിറ്റ് രൂപീകരിച്ചു. ഇത് അടുത്ത വര്‍ഷം ജനുവരിയില്‍ പ്രവര്‍ത്തനമാരംഭിക്കും. രാജ്യത്തെ വിവിധ സുരക്ഷാഏജന്‍സികള്‍ തമ്മില്‍ രഹസ്യാന്വേഷണ വിവരം കൈമാറുന്നതിനു വേണ്ടിയാണ് നാറ്റ്ഗ്രിഡ് രൂപീകരിച്ചിരിക്കുന്നത്. മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അശോക് പട്‌നായിക് ആണ് നാറ്റ്ഗ്രിഡിന്റെ സി.ഇ.ഒ.
രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് മുന്‍കൂട്ടി അറിയാനും ഭീകരാക്രമണങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കാനുമാണ് നാറ്റ്ഗ്രിഡ് രൂപീകരിച്ചിരിക്കുന്നത്. റിയല്‍ ടൈം ഡാറ്റയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന നാറ്റ്ഗ്രിഡ് രൂപീകരിക്കാന്‍ 2008ലെ മുംബൈ ഭീകരാക്രമണത്തിനു പിന്നാലെയാണു തീരുമാനിച്ചത്. എന്നാല്‍ ഇതുവരെ ഫലപ്രദമായ രീതിയില്‍ മുന്നോട്ടു പോയിരുന്നില്ല. പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്ത ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് നാറ്റ്ഗ്രിഡിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചത്.
രാജ്യത്തേക്കു വരികയും പോകുകയും ചെയ്യുന്നവരുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കും. കൂടാതെ ബാങ്കിങ്, മറ്റു സാമ്പത്തിക ഇടപാടുകള്‍, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം, ടെലികമ്മ്യൂണിക്കേഷന്‍, നികുതി, വിമാനയാത്ര, ട്രെയിന്‍ യാത്ര തുടങ്ങി ഒരു വ്യക്തിയുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് വിവരങ്ങള്‍ക്കായുള്ള പൂര്‍ണ വിവരങ്ങളും ഇതോടെ നാറ്റ്ഗ്രിഡിന്റെ നിരീക്ഷണത്തിനു കീഴിലാകും. ആദ്യഘട്ടത്തില്‍ 10 ഏജന്‍സികളും 21 സേവന ദാതാക്കളും നാറ്റ്ഗ്രിഡിനോട് സഹകരിച്ചു പ്രവര്‍ത്തിക്കും. അടുത്ത ഘട്ടങ്ങളില്‍ 950 സ്ഥാപനങ്ങളും പിന്നീടുള്ള വര്‍ഷങ്ങളില്‍ 1000 സ്ഥാപനങ്ങളും വീതം ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
ഇന്റലിജന്‍സ് ബ്യൂറോ(ഐബി), റിസേര്‍ച് ആന്‍ഡ് അനാലിസിസ് വിങ് (റോ), സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്, ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ), ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂനിറ്റ് (എഫ്.ഐ.യു), സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ട് ടാക്‌സസ് (സി.ബി.ഡി.ടി), സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് (സി.ബി.ഇ.സി), ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് ഇന്റലിജന്‍സ് (ഡി.ജി.സി.ഇ.ഐ), നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) എന്നിവയാണ് ആദ്യഘട്ടത്തില്‍ നാറ്റ്ഗ്രിഡ് ശേഖരിക്കുന്ന ഡാറ്റ ഉപയോഗപ്പെടുത്തുന്ന 10 ഏജന്‍സികള്‍.
സംസ്ഥാന ഏജന്‍സികള്‍ക്ക് നാറ്റ്ഗ്രിഡിന്റെ സേവനം തുടക്കത്തില്‍ ലഭിക്കില്ലെങ്കിലും അവശ്യവിവരങ്ങള്‍ക്ക് ഏതെങ്കിലും 10 കേന്ദ്ര ഏജന്‍സികളില്‍ ഏതെങ്കിലും ഒന്നിനെ സമീപിക്കാം. നികുതിദായകരായ എട്ടു കോടി പേരുടെ വിവരങ്ങള്‍ ആദായനികുതി വകുപ്പില്‍ നിന്ന് ആഭ്യന്തര വിമാനയാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമവും ഇതിനകം തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."