ജില്ലയില്‍ മനോരോഗ മരുന്നുകള്‍ക്ക് ക്ഷാമം: പകല്‍വീട് പദ്ധതി പ്രതിസന്ധിയില്‍
മഞ്ചേരി: മനോരോഗ മരുന്നുകള്‍ക്ക് ജില്ലയില്‍ കടുത്ത ക്ഷാമം. ഇതോടെ മാനസികരോഗികളുടെ പുനരധിവാസം ലക്ഷ്യമിട്ട് ആരംഭിച്ച പകല്‍വീട് പദ്ധതി പ്രതിസന്ധിയിലായി. താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളിലാണ് പകല്‍വീടുകള്‍ പ്രവര്‍ത്തിക്കുന്നത്. മരുന്ന് കിട്ടാതായതോടെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ മാനസികരോഗ വിഭാഗത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായി.
ജന്നി, ഉറക്കമില്ലായ്മ, അമിത കോപം, ഉത്കണ്ഠ, മാനസിക പിരിമുറുക്കം, ടെന്‍ഷന്‍ തുടങ്ങിയ സാധാരണ മാനസിക തകരാറുകള്‍ക്കും മാനിയപോലുള്ള മാരകരോഗങ്ങള്‍ക്കുള്ള മരുന്നും ഫാര്‍മസിയില്‍ സ്റ്റോക്കില്ലെന്നാണ് വിവരം. അപസ്മാരത്തിനുള്ള സോഡിയം വാല്‍പ്പറേറ്റ്, വിഷാദരോഗത്തിനുള്ള ഫ്‌ളൂ ഓഫ് സെന്റിന്‍, എഫിറ്റലോ പ്രാം, ഫെല്‍ട്രാലിന്‍, സൈക്കോസിസിനുള്ള റിസ്പരിസോണ്‍, ഓലാംസെപീന്‍ തുടങ്ങിയമരുന്നുകളുടെ വിതരണമാണ് മുടങ്ങിയത്.
മനോരോഗ ചികിത്സക്ക് സാധാരണ ഉപയോഗിക്കുന്ന സോഡിയം വാല്‍പ്പറേറ്റിന്റെ ഒരു ഗുളികയ്ക്ക് ഏഴുമുതല്‍ പത്തുരൂപ വരെയാണ് സ്വകാര്യ ഫാര്‍മസികള്‍ ഈടാക്കുന്നത്. മരുന്നുകള്‍ക്ക് ക്ഷാമമുണ്ടായതോടെ രോഗികള്‍ ചില മരുന്നുകള്‍ മാത്രമാണ് കഴിക്കുന്നത്. സൗജന്യമായി ലഭിച്ചിരുന്ന ഇത്തരം മരുന്നുകളുടെ വിതരണം മുടങ്ങിയതുമൂലം സ്വകാര്യ ഫാര്‍മസികളില്‍നിന്ന് ഉയര്‍ന്ന വിലയ്ക്ക് വാങ്ങേണ്ട ഗതികേടിലാണ് രോഗികള്‍. സെക്യാട്രിക് മരുന്ന് സൂക്ഷിക്കുന്നതിനും വില്‍ക്കുന്നതിനും പ്രത്യേക ലൈസന്‍സ് ആവശ്യമാണ്. അതുകൊണ്ടുതന്നെ പ്രധാന മെഡിക്കല്‍ സ്റ്റോറുകളില്‍ മാത്രമേ ഇവ ലഭിക്കു. ആന്റി സൈക്കോട്ടിക് ഡ്രഗ്‌സ് ഇനത്തില്‍പ്പെട്ട ഹാലോപെരിഡോള്‍, ഒലാന്‍സെപിന്‍, റിസ് പെരിഡോള്‍, അമിസള്‍പ്രൈഡ്, മനോരോഗ ചികിത്സാവിഭാഗത്തില്‍ മാനിയപോലുള്ള ലക്ഷണം പ്രകടമാക്കുന്നവര്‍ക്ക് നല്‍കേണ്ട സോഡിയം വാള്‍പ്പറേറ്റ് (200 മി.ഗ്രാം, 500 മി.ഗ്രാം), ജന്നി, ഓര്‍മക്കുറവ് തുടങ്ങിയവയ്ക്ക് നല്‍കുന്ന ടിആര്‍2 മരുന്നുകളായ കാര്‍ബാംസിപിന്‍, ഫിനിടോയിന്‍, ഫിനോബാര്‍ബിറ്റോണ്‍ എന്നിവയ്‌ക്കെല്ലാം ക്ഷാമമുണ്ട്. ഉറക്കക്കുറവിനുള്ള മരുന്നുകളുടെ വിതരണം മുടങ്ങിയിരിക്കുകയാണെന്നും ആരോപണമുണ്ട്. മരുന്ന് ക്ഷാമം രോഗം കലശലാകാന്‍ ഇടയാക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സൈക്യാട്രി മരുന്ന് മുടങ്ങിയത് ഡി അഡിക്ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനവും അവതാളത്തിലാക്കി. ബ്രൌണ്‍ ഷുഗര്‍, കഞ്ചാവ്, മദ്യം തുടങ്ങി ലഹരികള്‍ക്ക് അടിപ്പെട്ടവരുടെ ചികിത്സയും മരുന്നില്ലാത്തതിനാല്‍ മുടങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."