ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന്: ചിന്മയാനന്ദിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച വിദ്യാര്‍ഥിനി കസ്റ്റഡിയില്‍
ലഖ്‌നൗ: ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച കോളജ് വിദ്യാര്‍ഥിനിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശ് പൊലിസിന്റെ പ്രത്യേക അന്വേഷണ സംഘം വിദ്യാര്‍ഥിനിയെ പ്രതിയാക്കി കേസെടുത്തിരുന്നു. ഷാജഹാന്‍പുരിലെ കോടതിയിലേക്ക് പോകുന്നതിനിടെയാണ് പിതാവിന്റെയും സഹോദരന്റെയും സാന്നിധ്യത്തില്‍ പൊലിസ് സംഘം യുവതിയെ തടഞ്ഞുനിര്‍ത്തി കസ്റ്റഡിയിലെടുത്തത്.
കേസില്‍ അറസ്റ്റ് തടയണമെന്ന യുവതിയുടെ ഹരജി കേസ് ഹൈക്കോടതിക്കു പരിഗണിക്കാനാകില്ലെന്നും അന്വേഷണം നിരീക്ഷിക്കുന്നത് പ്രത്യേക ബെഞ്ചാണെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ചിന്മയാനന്ദിന്റെ പരാതിയില്‍ യുവതിയുടെ രണ്ടു ബന്ധുക്കളെയും സുഹൃത്തിനെയും പൊലിസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു. കേസന്വേഷണത്തില്‍ തൃപ്തിയറിയിച്ച കോടതി പരാതിക്കാരിക്ക് കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അറസ്റ്റ് തടയണമെന്ന ആവശ്യവുമായി ഷാജഹാന്‍പുരിലെ കോടതിയിലേക്ക് പോകുംവഴിയാണ് പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.
ഷാജഹാന്‍പൂര്‍ പീഡനക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ചിന്മയാനന്ദിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘം ചിന്ദമയാനന്ദിന്റെ ആശ്രമത്തിലെത്തിയാണ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 24നാണ് പീഡന ആരോപണം ഉന്നയിച്ച് എസ്.എസ് കോളജിലെ നിയമ വിദ്യാര്‍ഥിനി വിഡിയോ പുറത്ത് വിട്ടത്. ഹോസ്റ്റല്‍ കുളി മുറിയില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളം പീഡനത്തിനിരയാക്കി എന്നായിരുന്നു ആരോപണം. പിന്നീട് കാണാതായ വിദ്യാര്‍ഥിനിയെ ദിവസങ്ങള്‍ക്ക്‌ശേഷം ജയ്പൂരില്‍ നിന്ന് കണ്ടെത്തി. സംഭവത്തില്‍ സ്വമേധയ കേസ് എടുത്ത സുപ്രിംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് അന്വേഷണ സംഘം രൂപീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."