പ്രളയ ദുരിതാശ്വാസം കൊടുങ്ങല്ലൂര്‍ താലൂക്കില്‍ ധനസഹായ വിതരണം ഇനിയും പൂര്‍ത്തിയായില്ലെന്ന്
കൊടുങ്ങല്ലൂര്‍: പ്രളയ ദുരിതാശ്വാസ വിതരണ ചടങ്ങില്‍ പ്രതിഷേധവുമായി ജനപ്രതിനിധികള്‍. പ്രളയക്കെടുതിയില്‍പെട്ടവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച 10,000 രൂപയുടെ ധനസഹായ വിതരണം കൊടുങ്ങല്ലൂര്‍ താലൂക്കില്‍ ഇനിയും പൂര്‍ത്തീകരിക്കാത്തതാണ് ജനപ്രതിനിധികളെ ചൊടിപ്പിച്ചത്. ധനസഹായം വൈകുന്നത് റവന്യു ഉദ്യോഗസ്ഥരുടെ അനാസ്ഥയും നിരുത്തരവാദിത്വവും മൂലമാണെന്ന് നഗരസഭ ചെയര്‍മാന്‍ കെ. ആര്‍ജൈത്രന്‍ ആരോപിച്ചു. ദുരിതമനുഭവിച്ച ജനങ്ങളെ വില്ലേജ് ഓഫിസിലും ട്രഷറിയിലും ബാങ്കിലും നടത്തിച്ച് നട്ടം തിരിക്കുന്ന ഉദ്യോഗസ്ഥ നിലപാട് പ്രതിഷേധാര്‍ഹമെന്നും എത്രയും വേഗം ആശ്വാസധനം അവര്‍ക്ക് കൈമാറണമെന്നും ചെയര്‍മാന്‍ പറഞ്ഞു. താലൂക്ക് ഓഫിസില്‍ ഡെപ്യൂട്ടി കലക്റ്റര്‍ കെ.വി മുരളീധരന്‍ വിളിച്ചു ചേര്‍ത്ത ദുരിതാശ്വാസ അവലോകന യോഗത്തിലായിരുന്നു പ്രതിഷേധം.
യോഗത്തില്‍ പങ്കെടുത്ത താലൂക്കിലെ പഞ്ചായത്ത് പ്രസിഡന്റുമാരും ഇക്കാര്യത്തില്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ ഒരാഴ്ചക്കകം സഹായധനം കൊടുത്ത് തീര്‍ക്കുമെന്ന് ഡെപ്യൂട്ടി കലക്റ്റര്‍ യോഗത്തില്‍ ഉറപ്പ് നല്‍കി.
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട താലൂക്കിലെ പത്ത് പേര്‍ക്ക് ധനസഹായം നല്‍കുന്നതിന്റെ ഭാഗമായി ആദ്യ ഗഡുവായ 95100 രൂപ നല്‍കിയതായി ഡപ്യൂട്ടി കലക്ടര്‍ പറഞ്ഞു. ബാക്കിയുള്ളവര്‍ക്ക് ഉടനെ പണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ഗഡുക്കളായി നാല്‌ലക്ഷം രൂപയാണ് നല്‍കുന്നത്. ചെയര്‍മാന്‍ കെ. ആര്‍ജൈത്രന്‍ അധ്യക്ഷനായി.
ബ്ലോക്ക് പ്രസിഡന്റ് കെ.കെ അബീദലി, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രസാദിനി മോഹനന്‍, എ.പി ആദര്‍ശ്, ഇ.കെ മല്ലിക, കെ.കെ സച്ചിത്, ബൈന പ്രദീപ് , ടി.എം രാധാകൃഷ്ണന്‍, തഹസില്‍ദാര്‍ ജെസി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."