2020 ഒക്‌ടോബറിനുളളില്‍ 'പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് കമ്മിഷന്‍ ചെയ്യും'
തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് 2020 ഒക്‌ടോബറിനുള്ളില്‍ കമ്മീഷന്‍ ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി മന്ത്രി അഡ്വ. കെ. രാജു.
പുത്തൂരില്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാംഘട്ട നിര്‍മാണ പ്രവൃത്തികള്‍ ഡിസംബറില്‍ ആരംഭിക്കും.
രണ്ടാംഘട്ട നിര്‍മാണപ്രവൃത്തികള്‍ക്ക് കിഫ്ബിയില്‍നിന്നും 112.10 കോടി രൂപയുടെ അനുമതി ലഭിക്കുകയും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാവുകയും ചെയ്തു. ഉരഗങ്ങള്‍, ഉഭയജീവികള്‍ തുടങ്ങിയവയ്ക്കുള്ള 14 കൂടുകള്‍, പാര്‍ക്കിങ് സൗകര്യം, റിസപ്ഷന്‍ എന്നിവയുള്‍പ്പടെയുള്ള സൗകര്യങ്ങളാണ് രണ്ടാംഘട്ട നിര്‍മാണപ്രവൃത്തിയില്‍ ഉള്‍പ്പെടുന്നതെന്നും അന്തര്‍ദേശീയ നിലവാരത്തിലുള്ള നിര്‍മാണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 360 കോടിരൂപയാണ് സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മാണത്തിന് ആകെ ചിലവ്. ഇതില്‍ 30കോടി രൂപയുടെ ആദ്യഘട്ടനിര്‍മാണപ്രവൃത്തികള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തീകരിക്കും. നാലു കൂടുകള്‍, സന്ദര്‍ശന പാതകള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. മൃഗങ്ങളുടെ ചികിത്സയ്ക്കാവശ്യമായ സൂ ഹോസ്പിറ്റല്‍ സമുച്ചയത്തിന് 7.9 കോടിരൂപയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസിന്റെ നിര്‍മാണത്തിന് മൂന്ന്‌കോടി രൂപയും അനുവദിച്ചു. പ്രതിദിനം നാല് ലക്ഷം ലിറ്റര്‍ വെള്ളമാണ് പാര്‍ക്കിലേക്ക് ആവശ്യമായി വരുക. വാട്ടര്‍ അതോറിറ്റിയുടെ പ്രത്യേക പദ്ധതി വഴി മണലിപ്പുഴയില്‍ നിന്നാണ് വെള്ളം ലഭ്യമാക്കുക. പാര്‍ക്കിലേക്ക് അധികജലം ഉറപ്പുവരുത്താനായി പരിസരത്തുള്ള നാല് ക്വാറികള്‍ സര്‍ക്കാര്‍ എറ്റെടുക്കും. ഇതിന്റെ സര്‍വെ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിക്കുകയും ചെയ്തു. സെന്‍ട്രല്‍ പിഡബ്ല്യൂഡിയാണ് വൈദ്യുതി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുക. ഹരിതവല്‍ക്കരണത്തിന്റെ ഭാഗമായി 10 ലക്ഷത്തിലധികം വരുന്ന തൈകള്‍ നട്ടുപിടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
തുറന്ന മൃഗശാലയായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സന്ദര്‍ശകര്‍ക്കായി സുവോളജിക്കല്‍ പാര്‍ക്കില്‍ ട്രാംവേ സൗകര്യം എര്‍പ്പെടുത്തും. സന്ദര്‍ശക ഗ്യാലറിയും നിര്‍മിക്കും. പദ്ധതി പുരോഗതി വിലയിരുത്തുന്നതിന് വനം-വന്യജീവി വകുപ്പ് മന്ത്രിയും അഡ്വ. കെ രാജന്‍ എം.എല്‍.എയും, പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റും, സുവോളജിക്കല്‍ പാര്‍ക്കിന്റെ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫിസറും ഉള്‍പ്പടെയുള്ളവരുടെ ഹൈപ്പവര്‍ കമ്മറ്റിക്ക് രൂപം നല്‍കുകയും ഈ കമ്മിറ്റി എല്ലാ മാസവും യോഗം ചേരുകയും ചെയ്യും. നിര്‍മാണപ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കെ. രാജന്‍ എം.എല്‍.എ. പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, ഡി.എഫ്.ഒ പാട്ടീല്‍ സുയോഗ് സുഭാഷ്‌റാവു, സുവോളജിക്കല്‍ പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫിസര്‍ കെ.ജെ വര്‍ഗീസ് തുടങ്ങിയവരും മന്ത്രിക്കൊപ്പം സന്നിഹിതരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."