നിരത്തില്‍ ഭീതിവിതച്ച് ചീറിപ്പായുന്നു; ടിപ്പറുകള്‍ക്ക് ആരു കടിഞ്ഞാണിടും?
മുക്കം: ജില്ലയിലെ നൂറുക്കണക്കിന് ക്രഷറുകളില്‍ നിന്നും കോറികളില്‍ നിന്നും ദിവസവും ആയിരക്കണക്കിന് ടിപ്പറുകളാണ് മരണമണി മുഴക്കികൊണ്ട് റോഡിലൂടെ ചീറിപ്പായുന്നത്. പൊലിസിന്റെ കണ്ണുവെട്ടിച്ചും വേഗത്തില്‍ ചരക്കെത്തിക്കാനുള്ള വ്യഗ്രതയില്‍ വീതി കുറഞ്ഞ കുറുക്കുവഴികളിലൂടെ അമിത വേഗതയില്‍ സഞ്ചരിച്ചും ടിപ്പറുകള്‍ വരുത്തിവയ്ക്കുന്ന അപകടങ്ങള്‍ക്ക് കണക്കില്ല.
കുരുന്നുകളായ വിദ്യാര്‍ഥികളും കാല്‍ നടയാത്രക്കാരും ബൈക്ക് യാത്രികരുമടക്കം അനവധി പേരാണ് ടിപ്പര്‍ അപകടങ്ങള്‍ കാരണം ദാരുണമായി മരണത്തിന് കീഴടങ്ങുന്നത്. അംഗവൈകല്യം സംഭവിച്ച് ദുരിതക്കയത്തില്‍ കഴിയുന്നവരും തലനാരിഴക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരും ധാരാളം. ഇരുന്നൂറോളം കരിങ്കല്‍ ക്വാറികള്‍, എം സാന്‍ഡ് യൂനിറ്റുകള്‍, ക്രഷറുകള്‍, ചെങ്കല്‍ ക്വാറികള്‍ എന്നിവ മലയോര മേഖലയില്‍ മാത്രം പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യൂനിറ്റുകളില്‍ നിന്ന് ആയിരക്കണക്കിന് ടിപ്പര്‍ ലോറികളാണ് ഇടതടവില്ലാതെ റോഡിലൂടെ മരണപ്പാച്ചില്‍ നടത്തുന്നത്.
കേരളത്തിലെ നിരത്തുകളില്‍ ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുന്ന രാവിലെ 8. 30 മുതല്‍ പത്ത് വരെയും വൈകിട്ട് 3. 30 മുതല്‍ അഞ്ചു വരെയും ടിപ്പറുകള്‍ സര്‍വിസ് നടത്തുന്നത് ഹൈക്കോടതി നിരോധിച്ചതാണ്.
എന്നാല്‍ റോഡുകളില്‍ മരണം വിതച്ച് സ്‌കൂള്‍ സമയങ്ങളില്‍ തലങ്ങും വിലങ്ങും ചീറിപ്പായുന്ന ടിപ്പറുകളെ തടയാനോ നിയന്ത്രിക്കാനോ പൊലിസോ മോട്ടോര്‍ വാഹന വകുപ്പോ വലിയ ഉത്സാഹം കാണിക്കാറില്ല. അപകടം നടന്നാല്‍ കുറച്ചു ദിവസത്തേക്ക് ജാഗരൂഗരാകുന്ന അധികൃതര്‍ പിന്നീട് നിഷ്‌ക്രിയരാവുകയാണ് പതിവ്. അമിത വേഗതക്കു പുറമെ കൂടുതല്‍ ലോഡ് എടുക്കുന്നതിനായി എക്‌സ്ട്രാ ബോഡി ഫിറ്റ് ചെയ്താണ് ടിപ്പറുകളുടെ മരണപാച്ചില്‍. ടിപ്പറുകളുടെ ബോഡി പൂര്‍ണമായും ഇരുമ്പ് കൊണ്ട് നിര്‍മിച്ചതായതിനാല്‍ അപകടം സംഭവിച്ചാലും ടിപ്പര്‍ ഡ്രൈവര്‍മാര്‍ക്ക് കാര്യമായി പരുക്കേല്‍ക്കാറില്ല. റോഡുകള്‍ വീതിയില്ലാത്തതും അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. വീതിയില്ലാത്ത റോഡില്‍ ടിപ്പറിന് സൈഡ് കൊടുക്കുന്നതിനിടെ സ്‌കൂട്ടറിന്റെ ഒരു ഭാഗം റിപ്പറില്‍ തട്ടി നിയന്ത്രണം വിട്ടതാണ് കഴിഞ്ഞ ദിവസം മുക്കത്ത് അധ്യാപികയുടെയും മകളുടെയും മരണത്തില്‍ കലാശിച്ചത്. ജില്ലയിലെ മിക്കവാറും ക്വാറി, ക്രഷര്‍ യൂനിറ്റുകള്‍ പരിസ്ഥിതി നിയമങ്ങളടക്കം കാറ്റില്‍പറത്തി അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്.
പലതിന്റെയും ഉടമസ്ഥര്‍ ഉന്നതരായ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായതിനാല്‍ ഭരണകൂടവും പൊലിസും ഇതിനെതിരേ നടപടിയെടുക്കാന്‍ മടിക്കുന്നു. പല ക്വാറികള്‍ക്കും പ്രാദേശിക ഭരണ-പ്രതിപക്ഷ കക്ഷികളുടെയും പിന്തുണയുമുണ്ട്.
ടിപ്പറപകടങ്ങള്‍ നടക്കുമ്പോള്‍ അതിനെ ചുറ്റിപ്പറ്റി മാത്രം വിഷയം കൈകാര്യം ചെയ്യുകയും അനധികൃത ക്വാറികള്‍ക്കെതിരേ മൗനം പാലിക്കുകയുമാണ് അധികാരികള്‍ ചെയ്യാറുള്ളത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ പത്തിലധികം ആളുകളാണ് മുക്കത്ത് മാത്രം ടിപ്പറപകടങ്ങളില്‍ മരിച്ചത്.
അതില്‍ പകുതിയും വിദ്യാര്‍ഥികളായിരുന്നുവെന്നത് വേദനപ്പിക്കുന്ന വസ്തുതയാണ്. മുന്‍പും ടിപ്പറപകടങ്ങള്‍ നടന്നപ്പോള്‍ ചര്‍ച്ചയും ഉപരോധങ്ങളും സര്‍വകക്ഷി യോഗങ്ങളുമൊക്കെ നടന്നിരുന്നതായും കേവലം ആഴ്ചകള്‍ മാത്രമേ അധികൃതരുടെ ജാഗ്രതക്ക് ആയുസുണ്ടാകൂവെന്നും പറയുന്നത് മുക്കത്തെ പ്രമുഖനായ ഒരു വ്യാപാരിയാണ്. ക്വാറി മുതലാളിമാരില്‍ മിക്കവരും രാഷ്ട്രീയക്കാരായതിനാല്‍ റിപ്പര്‍ ലോറികള്‍ നിയന്ത്രിക്കുമെന്ന അധികൃതരുടെ വാദം പൊള്ളയാണെന്നും ഇദ്ദേഹം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."