അവധി കഴിഞ്ഞെത്തുന്ന ജേക്കബ് തോമസിനെ കാത്തിരിക്കുന്നത് അച്ചടക്ക നടപടി
തിരുവനന്തപുരം: അവധി കഴിഞ്ഞ് തിങ്കാളാഴ്ച തിരികെയെത്തുന്ന മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ കാത്തിരിക്കുന്നത് ഗുരുതരമായ അച്ചടക്ക നടപടി.
ജേക്കബ് തോമസിന്റെ സര്‍വിസ് സ്റ്റോറിയായ 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' പുസ്തകത്തില്‍ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക പെരുമാറ്റചട്ടം ലംഘിച്ചുവെന്നും അതിനാല്‍ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറി നളിനി നെറ്റോയെ അറിയിച്ചതായാണ് സൂചന. നേരത്തെ ജേക്കബ് തോമസ് ചട്ടലംഘനം നടത്തിയെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സര്‍വിസിലിരിക്കെ ആത്മകഥ രചിച്ചത് സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ്. പുസ്തകം പരിശോധിച്ചപ്പോള്‍ 14 ഇടങ്ങളില്‍ ചട്ടലംഘനത്തിന് കാരണമായ പരാമര്‍ശങ്ങളുണ്ട്. പൊലിസ് ഉദ്യോഗസ്ഥന് സര്‍വിസിലിരിക്കെ പുസ്തകം എഴുതാന്‍ തടസമുണ്ട്. സര്‍ക്കാര്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പുസ്തകത്തിലുണ്ട്. പുസ്തകം രചിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നുവെന്നും നളിനി നെറ്റോ മുഖ്യമന്ത്രിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നളിനി നെറ്റോയുടെ ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഉള്‍പ്പെടെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യേഗസ്ഥനാണ് ജേക്കബ് തോമസ് ചട്ടലംഘനം നടത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ഇത് പരിശോധിച്ചതിനു ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അച്ചടക്ക നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിയോട് ശുപാര്‍ശ ചെയ്തത്. എന്തു നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്‌തേ തീരുമാനം എടുക്കൂ.
ജേക്കബ് തോമസ് പുസ്തകം എഴുതിയത് സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണെന്ന് ചൂണ്ടിക്കാട്ടി കെ.സി. ജോസഫ് എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. ഇത് ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമാണെന്നും ജോസഫ് വിശദീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിയമസെക്രട്ടറിയുടെ ഉപദേശം തേടുകയും അദ്ദേഹത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പുസ്തകം പ്രകാശനം ചെയ്യുന്നതില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറുകയും ചെയ്തിരുന്നു.അതിനിടെ, തിങ്കളാഴ്ച അവധി കഴിഞ്ഞെത്തുന്ന ജേക്കബ് തോമസിനെ ആഭ്യന്തര വകുപ്പിന് പുറത്തുള്ള വകുപ്പില്‍ നിയമിക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."