ഭരണപരിഷ്‌കാര കമ്മിഷനും വെള്ളാനയാകുമോ?
'ജനങ്ങളാലുള്ള, ജനങ്ങള്‍ക്കുവേണ്ടിയുള്ള, ജനങ്ങളുടെ ഭരണം' സമൂഹങ്ങളുടെ അഭിരുചിക്കനുസരിച്ചു മാറിയും മറിഞ്ഞും വരും. എന്നാല്‍, ഭരണസംവിധാനം അങ്ങനെയായിക്കൂടാ. അതെന്നും പാറപോലെ ഉറച്ചതാകണം; സുദൃഢമാകണം. പുതിയ വിവരാവകാശ നിയമമനുസരിച്ചു സുതാര്യവുമാകണം.
പാര്‍ട്ട് ടൈം സ്വീപ്പര്‍ മുതല്‍ ചീഫ് സെക്രട്ടറിവരെയുള്ള ഉദ്യോഗസ്ഥവൃന്ദമാണു ഭരണസംവിധാനം നിര്‍വഹിക്കുന്നത്. മന്ത്രിമാരോ മുഖ്യമന്ത്രിതന്നെയോ നല്‍കുന്ന ഉത്തരവുകള്‍, ഉപദേശ-നിര്‍ദേശങ്ങള്‍ എല്ലാം പ്രവൃത്തിപഥത്തിലെത്തുന്നത് ഉദ്യോഗസ്ഥരിലൂടെയാണ്. കേരളത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു വേതനംപറ്റുന്ന ഏതാണ്ട് ആറുലക്ഷം ഉദ്യോഗസ്ഥരുണ്ട്. ഇതില്‍ മൂന്നുലക്ഷം പേര്‍ അധ്യാപകരാണ്. ബാക്കിയുള്ള മൂന്നുലക്ഷംപേര്‍ ഓഫിസുകളില്‍ ജോലിചെയ്യുന്നു. ഇവര്‍ പക്ഷേ, ജോലിചെയ്യുന്നുവെന്നു പറയാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍.
സര്‍ക്കാര്‍ ഓഫിസുകളില്‍ മര്യാദയ്ക്കു ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ വളരെക്കുറവാണ്. ശമ്പളമോ മറ്റാനുകൂല്യങ്ങളോ ലഭിക്കാത്തതോ സമയക്കുറവോ അല്ല; ജോലിചെയ്യാന്‍ മനസില്ലാത്തതാണു കാരണം. പൊതുജനങ്ങള്‍ ഓഫിസുകളിലെത്തിയാല്‍ പല കസേരകളിലും ആളെക്കാണില്ല. സ്വയംമാറാത്ത ഈ മനോഭാവം മാറ്റാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുകളില്‍നിന്നു സര്‍ക്കാറും താഴെനിന്നു ജനങ്ങളും ശ്രദ്ധിച്ചു കൈകാര്യം ചെയ്താല്‍ മാത്രമേ ഇതു ശരിയാകൂ.
കേരളത്തിലെ ഏതു സംഘടനയും ശക്തിപ്രകടനത്തില്‍ മുഴക്കാറുള്ള ഒരു മുദ്രാവാക്യമുണ്ട്; 'കേരളമാണിതു സൂക്ഷിച്ചോ'. ശരിയാണ്, ഇതു കേരളമാണ്. ഇവിടെ നന്മതിന്മകള്‍ക്കോ ന്യായാന്യായങ്ങള്‍ക്കോ സ്ഥാനമില്ലാതാവുകയാണ്. സംഘടനകളുടെ ഹുങ്കാണു നിര്‍ണായകശക്തി. സിവില്‍ സര്‍വിസില്‍പ്പോലും ഈ സ്ഥിതി സംജാതമായിക്കഴിഞ്ഞു. കേരളത്തിലെ ഓരോ രാഷ്ട്രീയപ്പാര്‍ട്ടിക്കും സ്വന്തം സര്‍വിസ് സംഘടനയുണ്ട്. സാമുദായിക സംഘടനകളും സിവില്‍ സര്‍വിസില്‍ പിടിമുറുക്കുകയാണ്. ഈ സംഘടനകളൊക്കെ ജീവനക്കാരന്റെ അവകാശ സമരങ്ങളോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു; അവനു സമ്പൂര്‍ണ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നു.
എല്ലാ സംഘടനകളും ജീവനക്കാരുടെ അവകാശബോധത്തെ ഉദ്ദീപിപ്പിക്കുന്നുണ്ട്. എന്നാല്‍, ചുമതലാബോധം അങ്കുരിപ്പിക്കുന്നില്ല. അലഞ്ഞുതിരിഞ്ഞു പരീക്ഷകള്‍ പലതെഴുതി പാസായി, സര്‍ക്കാര്‍ ലാവണത്തില്‍ പ്രവേശിക്കുന്നവര്‍ സ്വാഭാവികമായും നന്നായി പണിയെടുക്കാന്‍ സന്നദ്ധരായിരിക്കും. ഇത്തരം അര്‍പ്പണബോധമുള്ള ധാരാളംപേരെ എനിക്കറിയാം.
എന്നാല്‍, സന്മനസുള്ള ഈ യുവതയുടെ കര്‍മശേഷി ഉപയോഗപ്പെടുത്താന്‍ സിവില്‍ സര്‍വിസിനു കഴിയുന്നില്ല. ആര്‍ജ്ജവമുള്ളവരെയല്ല, അടിമകളെയാണു സര്‍വിസിനാവശ്യം. നൂറ്റാണ്ടുകള്‍ക്കുമുന്‍പ,് കോളനി വാഴ്ചയ്ക്കാവശ്യമായ വിധത്തില്‍ ബ്രട്ടീഷുകാര്‍ നിര്‍മിച്ച നിയമവ്യവസ്ഥകളാണ് ഇന്നും ഇവിടെ പാലിക്കപ്പെടുന്നത്. അതില്‍ മൗലികമായ മാറ്റമൊന്നും വരുത്തിയിട്ടില്ല.
മുകളില്‍നിന്നുള്ള ഉത്തരവുകള്‍ പാലിക്കുക മാത്രമാണു താഴ്ന്ന ജീവനക്കാരുടെ ജോലി. ഭരണരംഗം കാര്യക്ഷമമാക്കാനോ വേഗത വര്‍ധിപ്പിക്കാനോ ഉതകുമെങ്കില്‍പ്പോലും നിര്‍ദേശങ്ങളൊന്നും ജീവനക്കാര്‍ ഉന്നയിച്ചുകൂടാ. അത് അനുസരണക്കേടാണ്; തദ്വാരാ ശിക്ഷാര്‍ഹമാണ്.
ചാതുര്‍വര്‍ണ്യ മനസ്ഥിതി കൊടികുത്തി വാഴുകയാണു സിവില്‍ സര്‍വിസില്‍. പുറമെ, ജാതിരഹിതമായി തോന്നുമെങ്കിലും അകത്തു ജാതിചിന്തയുടെ സൂപ്പര്‍ പാരവയ്പ്പും പാലംവലിയുമാണു നടക്കുന്നത്. സവര്‍ണരായ ഓഫിസ് മേധാവിയുടെ മടിയില്‍പ്പോലും സ്വസമുദായക്കാരായ ജീവനക്കാര്‍ക്കു വിസര്‍ജിക്കാം. ഇതര സമുദായക്കാരായ ജീവനക്കാര്‍ക്കു കോംപൗണ്ടില്‍പ്പോലും അതായിക്കൂടാ. ഓഫിസ് മേധാവി മറിച്ചാണെങ്കില്‍ സ്ഥിതി അതിനുസരിച്ചു മാറുമെന്നു മാത്രം.
പണിയെടുക്കാന്‍ സന്നദ്ധതയുള്ള നവാഗതരെ പണിയെടുക്കാന്‍ സമ്മതിക്കാത്ത 'താപ്പാനകള്‍' ഏതാണ്ടെല്ലാ ഓഫിസുകളിലുമുണ്ട്. ഈ താപ്പാനകള്‍ പണത്തിനോ, മദ്യത്തിനോ, 'ജീവനുള്ള സാധനങ്ങള്‍'ക്കോ വേണ്ടി വിലപേശാനും അവ നേടിക്കഴിഞ്ഞാല്‍മാത്രം കാര്യങ്ങള്‍ ചെയ്തുകൊടുക്കാനുമാണു വിധേയത്വമുള്ള കീഴ്ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കുന്നത്.
ഇതനുസരിച്ചില്ലെങ്കില്‍, ഈ 'കൊമ്പന്റെ കുത്ത്' ഏതുസമയത്തും പ്രതീക്ഷിക്കാം. സംഘടനയുടെ ഉപദേശങ്ങള്‍ മാനിച്ചില്ലെങ്കില്‍ അത് ഒരുതരം 'മോഴയുടെ നക്കിനു' തുല്യമാകും. ഇതെല്ലാം സഹിച്ച്, പഴഞ്ചന്‍ സര്‍വിസ് ചട്ടങ്ങള്‍ക്കു അനുയോജ്യമായി, സര്‍ക്കാര്‍ ഓഫിസുകളില്‍ മര്യാദയ്ക്കു ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ വളരെക്കുറവാണ്
അധികാരാരോഹണം കഴിഞ്ഞയുടനെ, മുഖ്യമന്ത്രി സംസ്ഥാനജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ത്തു. ഭരണം സുഗമവും സുതാര്യവുമായി മുന്നോട്ടു കൊണ്ടുപോകാനായി ജീവനക്കാരുടെ പൂര്‍ണസഹകരണം അഭ്യര്‍ഥിച്ച മുഖ്യമന്ത്രി, ജീവനക്കാരുടെ പ്രയാസങ്ങള്‍ യഥാസമയം പരിഹരിക്കുമെന്നും ഉറപ്പുനല്‍കി. നിലവിലുള്ള സിവില്‍ സര്‍വിസ് ചട്ടങ്ങള്‍ മാനിച്ചുകൊണ്ട് ഇതു സാധ്യമാകുമോയെന്നു സംശയമാണ്. സര്‍വിസ് നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി പരിഷകരിക്കുകയും ജീവനക്കാരെ പൂര്‍ണമായി വിശ്വസിക്കുകയും ചെയ്താല്‍ മാത്രമേ ഭരണനിര്‍വഹണം കാര്യക്ഷമമാകുകയുള്ളൂ.
ഓഫിസ് മാനേജ്‌മെന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതാണ് ജീവനക്കാരുടെ പ്രവര്‍ത്തനരാഹിത്യത്തിന്റെ പ്രധാനകാരണം. ഒന്നില്‍കൂടുതല്‍ സ്റ്റാഫുള്ള എല്ലാ ഓഫിസിലും ഓഫിസ് മേധാവിയുണ്ട്. മേധാവി കീഴ്ജീവനക്കാരെ ജോലിചെയ്യാന്‍ പ്രേരിപ്പിക്കണം. പ്രേരിപ്പിക്കുകയല്ല, പ്രചോദിപ്പിക്കുകയാണു വേണ്ടത്. ഈ പ്രചോദനം നല്‍കേണ്ടതു വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ മനസുകൊണ്ടോ ആകാം. കീഴ്ജീവനക്കാരുടെ പ്രവൃത്തികള്‍, അവര്‍ കൈകാര്യംചെയ്യുന്ന രജിസ്റ്ററുകള്‍, ഫയലുകള്‍ എന്നിവ ഇടയ്‌ക്കെല്ലാം ഓഫിസ് മേധാവി പരിശോധിക്കുകയും മേലൊപ്പു വയ്ക്കുകയും വേണം. ഇന്ന് ഈ വക പരിപാടികളൊന്നും പല ഓഫിസുകളിലും നിര്‍വഹിക്കപ്പെടുന്നില്ല.
ഈ സന്ദര്‍ഭത്തില്‍ ഒരു പഴയ സംഭവം ഓര്‍മ വരുന്നു. വാര്‍ഷിക പരിശോധനക്കായി ജില്ലാമേധാവി ഒരു പ്രാദേശിക ഓഫിസിലെത്തി. മൂവ്‌മെന്റ് രജിസ്റ്റര്‍ പരിശോധിച്ചശേഷം ഓഫിസ് മേധാവിയോടു ജില്ലാമേധാവി ചോദിച്ചു: 'വിവരം പൊലിസില്‍ റിപ്പോര്‍ട്ടു ചെയ്തില്ലേ.'
ഓഫിസ് മേധാവിക്കു കാര്യം മനസിലായില്ല. അയാള്‍ വിധേയഭാവത്തോടെ ജില്ലാമേധാവിയെ നോക്കി. ആ നോട്ടത്തില്‍ നിസഹായതയുടെ വേലിയേറ്റം. ജില്ലാമേധാവി മൂവ്‌മെന്റ് രജിസ്റ്റര്‍ കൈയിലെടുത്തു ചോദിച്ചു: 'ഈ റജിസ്റ്ററില്‍ രേഖപ്പെടുത്തിയത് കണ്ടോ, സുദേവന്‍ എന്ന സ്റ്റാഫ് ചായ കഴിക്കാന്‍ പോയതാണ്. ആറുമാസം കഴിഞ്ഞു. ഇതുവരെയും തിരിച്ചുവന്നിട്ടില്ല. ആ വിവരം പൊലിസില്‍ റിപ്പോര്‍ട്ടു ചെയ്‌തോ.'
ഓഫിസ് മേധാവിക്കു കാര്യം മനസിലായി. മൂവ്‌മെന്റ് രജിസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയിട്ടില്ല. എല്ലാ ഓഫിസുകളിലും മൂവ്‌മെന്റ് രജിസ്റ്റര്‍ ഉണ്ടാകണമെന്നാണു നിയമം. ഓഫിസ് സമയത്തു ജീവനക്കാരന്‍ പുറത്തേയ്ക്കു പോകേണ്ടിവന്നാല്‍ ആ വിവരം മൂവ്‌മെന്റ് രജിസ്റ്ററില്‍ രേഖപ്പെടുത്തണം. എപ്പോള്‍ പോയി, എന്തിനു പോയി, എപ്പോള്‍ തിരിച്ചെത്തും തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷമേ ജീവനക്കാര്‍ ഓഫിസ് കോംപൗണ്ടിനു പുറത്തുപോകാവൂ. തിരിച്ചെത്തിയാലുടനെ തിരിച്ചുവന്ന സമയം രേഖപ്പെടുത്തി ഓഫിസ് മേധാവി സാക്ഷ്യപ്പെടുത്തുകയും വേണം. ഇവിടെ ഈ ഓഫിസ് മേധാവി കഴിഞ്ഞ ആറുമാസക്കാലമായി മൂവ്‌മെന്റ് രജിസ്റ്റര്‍ കണ്ടിട്ടുതന്നെയില്ല.!
മൂവ്‌മെന്റ് രജിസ്റ്റര്‍ എന്നല്ല ഹാജര്‍ പുസ്തകംപോലും ആഴ്ചകളോളം കാണാത്ത ഓഫിസര്‍മാരുണ്ട്. അവ വരുത്തി പിന്നീട് ഒന്നിച്ച് ഒപ്പുവയ്ക്കുകയും ചെയ്യും. കേവലം ഒരാരോപണം എന്ന നിലയ്ക്കല്ല, അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെഴുതുന്നത്. ഓഫിസ് മേധാവികളുടെ അലസത അനുഗ്രഹമാകുന്നു, പലജീവനക്കാര്‍ക്കും. ഇവര്‍ സര്‍ക്കാര്‍ ജോലിയോടൊപ്പംതന്നെ, വരുമാനമുള്ള മറ്റു ജോലികളിലും മുഴുകുന്നു. 'മറ്റു വരുമാന മാര്‍ഗങ്ങള്‍ അരുതെന്ന' നിയമം നിലവിലുള്ളപ്പോഴാണു ഈ സ്ഥിതിയെന്നോര്‍ക്കണം. പെട്ടിക്കട, പേപ്പര്‍ എജന്‍സി, സോപ്പു വ്യവസായം, ലോട്ടറി ടിക്കറ്റ് വില്‍പ്പന, ഔഷധ വ്യാപാരം, ഭൂമികച്ചവടം, കല്യാണബ്രോക്കര്‍, ജ്യോതിഷം, പൂജ, ടൈലറിങ് ഷാപ്പ് തുടങ്ങിയ തുറകളില്‍ പരോക്ഷമായി ജോലിചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ധാരാളം. ഉദ്ദേശിച്ച സ്ഥലത്തേയ്ക്കു സ്ഥലംമാറ്റം വാങ്ങിക്കൊടുത്തു പ്രത്യുപകാരം നേടുന്ന വിരുതന്മാരുമുണ്ട്.
ഓഫിസ് മേധാവികള്‍ നയശാലികളും ആര്‍ജവമുള്ളവരുമായാല്‍ പോലും 'സര്‍ക്കാര്‍ കാര്യം മുറപോലെ' മാത്രമേ നടക്കൂ, അങ്ങനെയേ നടക്കാവൂവെന്ന രീതിയിലുള്ളതാണു നമ്മുടെ നിയമവ്യവസ്ഥകള്‍. ബ്രിട്ടീഷുകാരുടെ കാലത്തു നിര്‍മിച്ച ഓഫിസ് പ്രൊസീജ്യറും കോണ്‍ടക്റ്റ് റൂള്‍സും മൗലികമായ മാറ്റങ്ങള്‍ക്കു വിധേയമായിട്ടില്ല ഇതുവരെയും. സര്‍വിസ് വ്യവസ്ഥകള്‍ പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും വേണ്ടി റൂള്‍സ് റിവിഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ യോഗം ചേര്‍ന്നു ചില തീരുമാനങ്ങളെടുക്കും. അവ സര്‍ക്കാറിനു സമര്‍പ്പിക്കും. പ്രസ്തുത റിപ്പോര്‍ട്ടുകളില്‍ പലതും നടപ്പാക്കാന്‍ സര്‍ക്കാര്‍ ഔത്സുക്യം കാണിക്കാറില്ല.
സിവില്‍ സര്‍വിസില്‍ ജനാധിപത്യത്തിന്റെയും നീതിയുടേയും സ്വരത്തിനു പ്രാമുഖ്യംനല്‍കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്നത്തെപ്പോലെ നാളെയും മടിയന്മാരും മന്ദഗതിക്കാരുമാകും. അങ്ങനെയാകാതിരിക്കണമെങ്കില്‍ സര്‍ക്കാര്‍ തികഞ്ഞ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചേ പറ്റൂ. ഭരണരംഗം കൂടുതല്‍ കാര്യക്ഷമവും സജീവവുമാക്കാന്‍ വേണ്ടി ഇ.എം.എസ് ചെയര്‍മാനായ ആദ്യത്തെ ഭരണപരിഷ്‌കാര കമ്മിറ്റി ശുപാര്‍ശ ചെയ്ത കേരള സിവില്‍ സര്‍വിസ് രൂപീകരണം ഈ അവസരത്തിലും കടലാസില്‍ത്തന്നെയാണ്. മുന്‍മുഖ്യമന്ത്രി ഇ.കെ നായനാര്‍ ചെയര്‍മാനായി രൂപവല്‍ക്കരിച്ച ഭരണപരിഷ്‌കാര കമ്മിറ്റിയുടെ ശുപാര്‍ശകളില്‍ പ്രധാനപ്പെട്ട പലതും നടപ്പാക്കിയിട്ടില്ല.
ജീവനക്കാരെ ഭീഷണിപ്പെടുത്തി പണിയെടുപ്പിക്കാമെന്ന വ്യാമോഹം ഉപേക്ഷിച്ച്, അവരില്‍ അല്‍പ്പം അര്‍പ്പണബോധമുളവാക്കാനാവശ്യമായ നടപടി സ്വീകരിക്കാനുള്ള ഇച്ഛാശക്തിയാണ് ഇന്നാവശ്യം. നിര്‍ദിഷ്ട ഭരണപരിഷ്‌കാര കമ്മിഷന്റെ നിര്‍ദേശങ്ങളും തീരുമാനങ്ങളുമെങ്കിലും പ്രാവര്‍ത്തികമാകുമെന്നു പ്രത്യാശിക്കുക. ഇല്ലെങ്കില്‍, അതും കേവലമൊരു വെള്ളാനയായി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."