കായിക താരങ്ങള്‍ക്ക് അഞ്ച് ലക്ഷത്തിന്റെ സ്‌കോളര്‍ഷിപ്പുമായി പോര്‍ട്ടല്‍ വരുന്നു
കോഴിക്കോട്: കായിക മേഖലയുടെ അഭിവൃദ്ധിക്കായി പുതിയ പോര്‍ട്ടല്‍ തുറക്കുമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ അറിയിച്ചു. കോഴിക്കോട് മലബാര്‍ പാലസില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എട്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഇതില്‍ രജിസ്റ്റര്‍ ചെയ്യാം. തങ്ങളുടെ കായിക അഭിരുചികള്‍ പോസ്റ്റ് ചെയ്യാം. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആയിരത്തിലധികം സ്‌കോളര്‍ഷിപ്പ് നല്‍കും. എട്ട് വര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പ്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വെബ്‌സൈറ്റ് മന്ത്രി പ്രകാശനം ചെയ്തു. കേരളത്തിന്റെ കായിക സംസ്‌കാരത്തെ അഭിനന്ദിക്കുന്നുവെന്നും മറ്റ് സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ കേരളത്തെ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. കായിക വികസനത്തിന് കേരളത്തിന് എല്ലാ സഹായവും ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണ്. കേരളത്തില്‍ സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിക്കുന്നതിനായി എല്ലാ സഹായവുമുണ്ടാകും. സര്‍വകലാശാലയ്ക്കാവശ്യമായ 200 ഏക്കര്‍ ഭൂമി കണ്ടെത്താന്‍ കേരള സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. ഭൂമി കിട്ടുന്ന മുറയ്ക്ക് നടപടികള്‍ ആരംഭിക്കും. മൂന്നാറിലെ ഹൈ ആള്‍റ്റിറ്റിയൂട്ട് ട്രെയിനിങ് സെന്റര്‍ നവീകരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉപഹാരം എം.കെ.രാഘവന്‍ എം.പി മന്ത്രിക്ക് സമ്മാനിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, കായിക യുവജന വകുപ്പ് സെക്രട്ടറി ബി.അശോക്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ.മത്തായി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."