ബന്ധുനിയമന വിവാദം സി.പി.എമ്മിലും മുറുമുറുപ്പ്
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരേ സി.പി.എമ്മിനുള്ളിലും മുറുമുറുപ്പ്. മന്ത്രിസഭാ രൂപീകരണത്തിന്റെ തുടക്കം മുതല്‍ കെ.ടി ജലീലിനോട് താല്‍പര്യമില്ലാതിരുന്ന ഒരു വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിയപ്പെട്ടവനായി മന്ത്രിസഭയിലേക്കെത്തിയ ജലീലിനെ പുതിയ വിവാദത്തില്‍ പ്രതിരോധിക്കാനായി പാര്‍ട്ടി ഒന്നടങ്കം മുന്നിട്ടിറങ്ങുമോയെന്ന കാര്യത്തിലും സംശയമുണ്ട്. സി.പി.എം മലപ്പുറം ജില്ലാ നേതൃത്വംപോലും ഇതുവരെ ജലീലിനെ പിന്തുണച്ചെത്തിയിട്ടില്ല. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ അധ്യക്ഷസ്ഥാനം ഐ.എന്‍.എല്ലിനാണ്. വിവാദ വിഷയത്തില്‍ ഐ.എന്‍.എല്ലും പരസ്യ പ്രതികരണത്തിന് തയാറായിട്ടില്ല.
ജലീലിനെ നേരിടാന്‍ ശക്തമായൊരു ആയുധം കിട്ടിയ സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികളിലേക്കായിരിക്കും മുസ്‌ലിം ലീഗും യൂത്ത് ലീഗും പോകുക. ഇന്നലെത്തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാനും ജലീലിനെതിരേ രംഗത്തെത്തിയിരുന്നു. ബ്രൂവറി അഴിമതി പുറത്തുകൊണ്ടുവന്നതിന്റെ വിജയത്തില്‍ നില്‍ക്കുന്ന പ്രതിപക്ഷ നേതാവും വരുംദിവസങ്ങളില്‍ ജലീലിന്റെ ബന്ധുനിയമനം പുതിയ വിഷയമായി കത്തിക്കും. ഈ സാഹചര്യം സി.പി.എമ്മില്‍തന്നെയുള്ള ജലീല്‍ വിരുദ്ധര്‍ പ്രയോജനപ്പെടുത്താനാണ് സാധ്യത. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് ഇ.പി.ജയരാജനെ ആഴ്ചകള്‍ക്കുള്ളില്‍ മാറ്റിയ കാര്യം കുന്തമുനയാക്കിയുള്ള പോരാട്ടമാകും ഇവര്‍ നടത്തുക. സി.പി.എമ്മിനുള്ളില്‍ സ്വാധീനമില്ലാത്ത കെ.ടി ജലീലിന് അതുകൊണ്ടുതന്നെ ഈ നീക്കങ്ങള്‍ കടുത്ത വെല്ലുവിളിയാകും.
മാത്രമല്ല മന്ത്രിസ്ഥാനത്ത് ജലീലിന്റെ പ്രകടനം മോശമാണെന്ന അഭിപ്രായമാണ് മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമുള്ളത്. അതുകൊണ്ടാണ് ഇ.പി ജയരാജന്റെ തിരിച്ചുവരവിനോടനുബന്ധിച്ച് ജലീലിന്റെ വകുപ്പില്‍ മാറ്റം വരുത്തിയത്. സുപ്രധാനമായ തദ്ദേശ സ്വയംഭരണ വകുപ്പില്‍ കഴിഞ്ഞ രണ്ടര വര്‍ഷം കൊണ്ട് ജലീലിന് ഒന്നും ചെയ്യാനായില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു ആ വകുപ്പ് തിരിച്ചെടുത്തത്.
മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയാല്‍ അത് മലപ്പുറം മേഖലയില്‍ സി.പി.എമ്മിന് തിരിച്ചടിയാകാനിടയുണ്ടെന്ന് വിലയിരുത്തിയാണ് ഏറെ പ്രധാനമല്ലാത്ത വകുപ്പുകള്‍ നല്‍കി മന്ത്രിസഭയില്‍ നിലനിര്‍ത്തിയത്. നേരത്തെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ടെക്‌നോളജിയുടെ എം.ഡി സ്ഥാനത്തേക്ക് ജലീല്‍ നടത്തിയ നിയമനത്തെച്ചൊല്ലിയും പരാതി ഉയര്‍ന്നിരുന്നു.
തിരുവനന്തപുരം ജില്ലയിലെ ഒരു പ്രമുഖ നേതാവാണ് മന്ത്രി ജലീലിനെതിരേ പാര്‍ട്ടിക്ക് പരാതി നല്‍കിയത്. ഇതെല്ലാം ജലീലിന് തിരിച്ചടിയായിട്ടുണ്ട്.
പിണറായി സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോള്‍ നടത്തിയ നവകേരള മാര്‍ച്ചില്‍ ജലീലിന് അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചതായി പരാതി ഉന്നയിച്ച് എതിര്‍ശബ്ദമുയര്‍ത്തിയവരുള്‍പ്പെടെ സി.പി.എമ്മിനുള്ളില്‍ ജലീലിനെ എതിര്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിന് പുതിയ സാഹചര്യം ഇടയാക്കിയിട്ടുണ്ട്. പാര്‍ട്ടിയിലെത്തിയതു മുതല്‍ ജലീലിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധപുലര്‍ത്തുന്ന മുഖ്യമന്ത്രിയുടെ നിലപാടായിരിക്കും മന്ത്രിസ്ഥാനത്തും ജലീലിന്റെ ഭാവി നിര്‍ണയിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."