ദിവാകര്‍ റെഡ്ഡിക്ക് വിലക്കുമായി കൂടുതല്‍ വിമാനക്കമ്പനികള്‍ രംഗത്ത്
വിശാഖപട്ടണം: ജീവനക്കാരനോട് മോശമായി പെരുമാറിയ ടി.ഡി.പി. എം.പി. ജെ.സി. ദിവാകര്‍ റെഡ്ഡിക്ക് വിലക്കുമായി കൂടുതല്‍ വിമാനക്കമ്പനികള്‍ രംഗത്ത്. നേരത്തെ വിലക്കേര്‍പ്പെടുത്തിയ ഇന്‍ഡിഗോ, എയര്‍ ഇന്ത്യാ കമ്പനികള്‍ക്ക് പുറമെ സ്പെയ്സ് ജെറ്റ്, ഗോഎയര്‍, ജെറ്റ് എയര്‍വെയ്സ്, വിസ്താര എന്നീ കമ്പനികള്‍കൂടി റെഡ്ഡിക്ക് വിലക്കേര്‍പ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് സംഭവം. വിശാഖപട്ടണം വിമാനത്താവളത്തില്‍ ഇന്‍ഡിഗോയുടെ രാവിലെ 8.10 നുള്ള വിമാനത്തില്‍ പോകാനായി വളരെ വൈകിയാണ് റെഡ്ഢി എത്തിയത്. ടേക്ക് ഓഫിന് 28 മിനുട്ട് മാത്രമേ അപ്പോള്‍ ബാക്കിയുണ്ടായിരുന്നുള്ളു. കൗണ്ടറിലെത്തിയ ദിവാകര്‍ റെഡ്ഡിയോട് ബോര്‍ഡിങ് കഴിഞ്ഞതായി ജീവനക്കാര്‍ അറിയിച്ചു. തുടര്‍ന്ന് ദേഷ്യപ്പെട്ട് അദ്ദേഹം ജീവനക്കാരനെ പിടിച്ചുതള്ളുകയായിരുന്നു. കൗണ്ടറിലെ പ്രിന്ററും നിലത്തെറിഞ്ഞു തകര്‍ത്തു. ഇതേ തുടര്‍ന്നാണ് ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും ഇയാള്‍ യാത്രാവിലക്കേര്‍പ്പെടുത്തിയിരുന്നത്.
വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന്റെ തെലുഗുദേശം പാര്‍ട്ടിയിലെ അംഗമാണ് റെഡ്ഡി.
നേരത്തെ ശിവസേന എംപി. രവീന്ദ്ര ഗെയ്ക്ക് വാദ് എയര്‍ഇന്ത്യ ജീവനക്കാരനെ മര്‍ദിച്ചതിനെത്തുടര്‍ന്ന് ഏതാനും നാള് യാത്രാവിലക്ക് നേരിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."