ചാലക്കുടി സ്വര്‍ണക്കവര്‍ച്ച: തടിയന്റവിട നസീറിന്റെ സഹോദരനടക്കം നാലുപേര്‍ പിടിയില്‍
ചാലക്കുടി: വിദേശത്തു നിന്നു നെടുമ്പാശ്ശേരി വഴിയെത്തിച്ച സ്വര്‍ണം ചാലക്കുടിയില്‍വച്ച് വാഹനാപകടം ഉണ്ടാക്കി കൊള്ളയടിച്ച സംഭവത്തിലെ സൂത്രധാരന്‍ ഉള്‍പ്പെടെ നാലുപേര്‍ കൂടി പിടിയിലായി. കണ്ണൂര്‍ തയ്യില്‍ സ്വദേശി ബൈത്തുല്‍ ഹിലാല്‍ വീട്ടില്‍ ശുഹൈല്‍ (35), തയ്യില്‍ സ്വദേശി അമീന്‍ വീട്ടില്‍ ഷാനവാസ് (25), വയനാട് പെരിക്കല്ലൂര്‍ സ്വദേശി ചക്കാലക്കല്‍ സുജിത് (24), കണ്ണൂര്‍ തയ്യില്‍ സ്വദേശി മല്ലാട്ടി വീട്ടില്‍ മനാഫ് (22) എന്നിവരെയാണ് ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പിടിയിലായ ശുഹൈല്‍ കശ്മിര്‍ റിക്രൂട്ട്‌മെന്റ് കേസിലടക്കം പ്രതിയായ തടിയന്റവിട നസീറിന്റെ സഹോദരനാണ്.
വിദേശത്തായിരുന്ന ഇയാള്‍ നാട്ടിലെത്തിയ ശേഷം എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് സ്വര്‍ണം കൊണ്ടുവരുന്നവരെ കൊള്ളയടിക്കുന്ന സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് കൊടുവള്ളി സ്വദേശികള്‍ സ്വര്‍ണവുമായി വരുന്ന വിവരം കിട്ടിയ ശുഹൈലും സംഘവും ഒട്ടേറെ കേസുകളില്‍ പ്രതിയായ കല്ലേറ്റുംകര സ്വദേശി ശഫീഖ് എന്ന വാവയെ കവര്‍ച്ച നടത്താന്‍ ഏര്‍പ്പെടുത്തുകയായിരുന്നു. തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനത്തെ ഗുണ്ടാസംഘങ്ങള്‍ രണ്ട് കാറുകളിലായി പിന്‍തുടര്‍ന്നു. ചാലക്കുടി പോട്ട ഫ്‌ളൈഓവറിനു സമീപത്തുവച്ച് തങ്ങളുടെ കാര്‍ കവര്‍ച്ചാ സംഘം കൊടുവള്ളി സ്വദേശികളുടെ വാഹനത്തിലിടിപ്പിച്ചു. സ്വര്‍ണമുണ്ടായിരുന്ന വാഹനവും ഒപ്പം കൂട്ടത്തിലെ ഒരാളുമായി കവര്‍ച്ചാ സംഘം കടന്നുകളയുകയായിരുന്നു. 560 ഗ്രാം സ്വര്‍ണം കൈക്കലാക്കി കൊടകരക്ക് സമീപം യുവാവിനെയും കാറും ഉപേക്ഷിക്കുകയും ചെയ്തു.
സംഘത്തിലെ ഏഴു പേര്‍ മുന്‍പ് പൊലിസ് പിടിയിലായിരുന്നു. സ്വര്‍ണം ശഫീഖും ശുഹൈലും മനാഫും കണ്ണൂരില്‍ വില്‍പന നടത്തുകയായിരുന്നു. സംഘാംഗങ്ങള്‍ തമ്മില്‍ പരിചയം ഇല്ലാത്തതിനാല്‍ മുഖ്യ സൂത്രധാരന്‍മാരെ പിടികൂടുവാന്‍ പൊലിസിന് ഏറെ പണിപ്പെടേണ്ടി വന്നു.
തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി എം.കെ പുഷ്‌കരന്റെ നിര്‍ദേശാനുസരണം ചാലക്കുടി സി.ഐ ജെ. മാത്യു, എസ്.ഐ ജയേഷ് ബാലന്‍, ക്രൈം സ്‌ക്വാഡ് എസ്.ഐ വി.എസ് വത്സകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഒന്നര മാസമായി നടത്തിയ അന്വേഷണമാണ് വടക്കന്‍ ജില്ലകളിലെ ഗുണ്ടാ സംഘങ്ങള്‍ക്ക് ഈ കേസില്‍ പങ്കുണ്ടെന്ന നിഗമനത്തില്‍ എത്തിച്ചേരുവാന്‍ സഹായകമായത്.
കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മറ്റൊരു കവര്‍ച്ച ലക്ഷ്യമിട്ട് എയര്‍പോര്‍ട്ടിലെത്തിയ ഇവരെ പിടികൂടാനായത്. വില്‍പ്പന നടത്തിയ സ്വര്‍ണം കണ്ണൂരില്‍ നിന്ന് പൊലിസ് സംഘം കണ്ടെടുത്തു. അറസ്റ്റിലായ സുജിത്തിന്റെ പേരില്‍ കണ്ണൂര്‍ വളപട്ടണത്ത് വധശ്രമക്കേസും അടിപിടി കേസുകളുമുണ്ട്. മനാഫ് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ കൊലപാതകശ്രമ കേസില്‍ പ്രതിയാണ്.
ശുഹൈലും കൂട്ടാളികളും കരിപ്പൂരില്‍വച്ച് കാര്‍ തട്ടിയെടുത്ത് കവര്‍ച്ച നടത്താന്‍ ശ്രമിച്ചതിന് പൊലിസ് അന്വേഷിക്കുന്നവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."