അന്തിമഘട്ട വിലയിരുത്തലിനായി മുഖ്യമന്ത്രിയെത്തി
കണ്ണൂര്‍: ഡിസംബര്‍ ഒന്‍പതിന് ഉദ്ഘാടനം ചെയ്യുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ അന്തിമഘട്ട വിലയിരുത്തലിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ടില്‍ അവലോകന യോഗവും ചേര്‍ന്നു.
ആഗമന നിര്‍ഗമന ടെര്‍മിനലുകള്‍, ബാഗേജ് പരിശോധനാ സംവിധാനങ്ങള്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, സി.സി ടി.വി കണ്‍ട്രോള്‍ റൂം തുടങ്ങിയവ മുഖ്യമന്ത്രി നേരില്‍കണ്ട് ഒരുക്കങ്ങള്‍ വിലയിരുത്തി.
വിമാനത്താവളത്തിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നതിനായി സാജു തുരുത്തില്‍ തയാറാക്കിയ 16.56 മീറ്റര്‍ നീളവും 11 മീറ്റര്‍ ഉയരവുമുള്ള തെയ്യത്തിന്റെ രൂപം, മലബാറിലെ പ്രാദേശിക കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഹരീന്ദ്രന്‍ ചാലാട് ഒരുക്കിയ ചുവര്‍ ചിത്രങ്ങള്‍ എന്നിവയും മുഖ്യമന്ത്രി നോക്കിക്കണ്ടു. തുടര്‍ന്ന് വിമാനത്താവളം ഉദ്ഘാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളെ കുറിച്ച് മുഖ്യമന്ത്രി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.കെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, കിയാല്‍ എം.ഡി വി. തുളസീദാസ്, കിയാല്‍ എക്‌സിക്യുട്ടീവ് ഡയരക്ടര്‍ (എന്‍ജിനീയറിങ്) കെ.പി ജോസ്, ചീഫ് പ്രൊജക്ട് എന്‍ജിനീയര്‍ ഇന്‍ചാര്‍ജ് കെ.എസ് ഷിബുകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, ഉത്തരമേഖലാ ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ, എസ്.പി ജി. ശിവവിക്രം, സി.ഐ.എസ്.എഫ് കമാന്‍ഡര്‍ ഡി.എസ് ഡാനിയേല്‍ ധന്‍രാജ് തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."