അരൂരില്‍ ജാതി സമവാക്യങ്ങള്‍ പരിഗണിക്കാതെ സി.പി.എം
#യു.എച്ച് സിദ്ദീഖ്
ആലപ്പുഴ: വെള്ളാപ്പള്ളി നടേശന്റെ ഭൂരിപക്ഷ അവകാശവാദത്തെ തള്ളി അരൂരില്‍ സി.പി.എം ജില്ല സെക്രട്ടേറിയറ്റിന്റെ സ്ഥാനാര്‍ഥി നിര്‍ണയം. ഭൂരിപക്ഷ സമുദായ സ്ഥാനാര്‍ഥി അരൂരില്‍ വേണമെന്ന വെള്ളാപ്പള്ളി നടേശന്റെ ആവശ്യം തള്ളിക്കളയുന്ന നിലപാടാണ് സി.പി.എം ജില്ല സെക്രട്ടേറിയറ്റിന്റേത്.
സമുദായ സമവാക്യത്തില്‍ തട്ടി കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം നീളുന്നതിനിടെയാണ് സി.പി.എം രാഷ്ട്രീയ പോരാട്ടത്തിന് കളമൊരുക്കുന്നത്. സാമുദായിക ഘടകങ്ങളെ മറികടന്നു രാഷ്ട്രീയ പോരാട്ടമാണ് മനു സി. പുളിക്കലിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ലക്ഷ്യമിടുന്നത്. വിധി നിര്‍ണയത്തില്‍ ഈഴവ, ധീവര, മുസ്‌ലിം സമുദായങ്ങള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ സിറിയന്‍ കത്തോലിക്ക വിഭാഗത്തില്‍ നിന്നുള്ള ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി. പുളിക്കലിനെ സ്ഥാനാര്‍ഥി ആക്കിയത് വെള്ളാപ്പള്ളി നടേശനുള്ള മുന്നറിയിപ്പ് കൂടിയായി.
ശബരിമല വിഷയത്തില്‍തട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വന്ന സി.പി.എം ഉപതെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്റെ അവകാശവാദത്തിന് വഴങ്ങുമെന്ന് തോന്നിപ്പിച്ച ശേഷമാണ് അരൂരില്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്.
നിലവില്‍ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെ എല്‍.ഡി.എഫ് എം.എല്‍.എമാരായ മന്ത്രി തോമസ് ഐസക്ക് (ആലപ്പുഴ), സജി ചെറിയാന്‍ (ചെങ്ങന്നൂര്‍), തോമസ് ചാണ്ടി (കുട്ടനാട്) എന്നിവര്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പേ മനു സി.പുളിക്കലിന്റെ പേര് സ്ഥാനാര്‍ഥിത്വത്തിലേക്ക് പറഞ്ഞു കേട്ടിരുന്നു. ഇതിനിടെ വെള്ളാപ്പള്ളി നടേശന്‍ ഭൂരിപക്ഷ കാര്‍ഡിറക്കിയതോടെ നാലാമതൊരാളെകൂടി ക്രൈസ്തവ വിഭാഗത്തില്‍ നിന്നും പരിഗണിക്കേണ്ടതില്ലെന്ന ആലോചന സി.പി.എമ്മില്‍ ഉയര്‍ന്നു.
ഭൂരിപക്ഷ സമുദായത്തില്‍ നിന്നുള്ള സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി ചന്ദ്രബാബു, മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം ലഭിച്ചതും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്നപ്പോഴും ഈ പേരുകള്‍ മാത്രമാണ് ഉയര്‍ന്നത്. എന്നാല്‍, മന്ത്രി ജി. സുധാകരന്റെ ഉറച്ച നിലപാട് മനു സി. പുളിക്കലിന് തുണയായി. സി.ബി ചന്ദ്രബാബു പട്ടികയില്‍ ഉണ്ടായിട്ടും യുവനേതാവിനെ രംഗത്തിറക്കാന്‍ ഒടുവില്‍ തീരുമാനിക്കുകയായിരുന്നു. സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള യോഗത്തില്‍ സാമുദായിക സമവാക്യങ്ങള്‍ ഉള്‍പ്പടെ ഘടകങ്ങള്‍ പരിശോധിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എ.എം ആരിഫ് ജയിച്ചെങ്കിലും അരൂരില്‍ യു.ഡി.എഫ് മേല്‍കൈ നേടിയിരുന്നു.
വയലാര്‍ സ്വദേശിയായ മനു സി. പുളിക്കല്‍ ചേര്‍ത്തല എസ്.എന്‍ കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായാണ് രാഷ്ട്രീയരംഗത്തെത്തുന്നത്. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജില്‍ മാഗസിന്‍ എഡിറ്ററായി. കേരള സര്‍വകലാശാല യൂനിയന്‍ കൗണ്‍സിലറായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടു. കേരളാ സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പറായും പ്രവര്‍ത്തിച്ചു. 2000 മുതല്‍ അരൂര്‍ ഏരിയ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മനു ചെറുപ്രായത്തില്‍ തന്നെ സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം, ഫിഷറീസ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."