പറമ്പിക്കുളം- ആളിയാര്‍ കരാര്‍ പുനരവലോകനം ചെയ്യും
തിരുവനന്തപുരം: പറമ്പിക്കുളം - ആളിയാര്‍ കരാര്‍ പുനരവലോകനം ചെയ്യാന്‍ തീരുമാനം. അന്തര്‍സംസ്ഥാന നദീജല കരാറുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി ഇടപ്പാടി കെ. പളനിസ്വാമി എന്നിവര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പറമ്പിക്കുളം ആളിയാര്‍ കരാറുകള്‍ പുനരവലോകനം ചെയ്യാനായി ഇരു സംസ്ഥാനങ്ങളിലെയും വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ അഞ്ച് അംഗങ്ങള്‍ വീതമുള്ള കമ്മിറ്റി രൂപീകരിക്കും.
കമ്മിറ്റിയില്‍ സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരുണ്ടാകും. കമ്മിറ്റിയുടെ ആദ്യ യോഗം സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കാനും യോഗം തീരുമാനിച്ചു. ആനമലയാര്‍, നീരാ - നല്ലാര്‍ ഡൈവര്‍ഷനുകള്‍, മണക്കടവ് വിഷയങ്ങളും ഇതേ കമ്മിറ്റി പരിശോധിക്കും.
മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന് വൈദ്യുതി നല്‍കാന്‍ തീരുമാനിച്ചു. ഇതോടൊപ്പം മറ്റു വിഷയങ്ങളും ചര്‍ച്ച ചെയ്തു പരിഹാരം കാണും. ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ ആറു മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തും.
15 വര്‍ഷത്തിനു ശേഷമാണ് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ജല വിഷയത്തില്‍ ചര്‍ച്ച നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇരുസംസ്ഥാനങ്ങളിലുമുള്ളത് സഹോദരങ്ങളാണെന്ന ചിന്തയുണ്ടെങ്കില്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാവുമെന്ന് അദ്ദേഹം യോഗത്തില്‍ അഭിപ്രായപ്പെട്ടു.
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രണ്ടു സംസ്ഥാനങ്ങള്‍ക്കും താല്‍പര്യമുണ്ട്. ഇതിന് അനുയോജ്യമായ ഫോര്‍മുല കണ്ടെത്താനാവും. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ജനങ്ങളും കര്‍ഷകരും സഹോദരങ്ങളാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയും പറഞ്ഞു. ഇത് നല്ല തുടക്കമാണെന്നും ചരിത്രനിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി, വനംവന്യജീവി വകുപ്പ് മന്ത്രി കെ. രാജു, വൈദ്യുതി മന്ത്രി എം. എം മണി, തമിഴ്‌നാട് നഗരസഭാ ഭരണം ഗ്രാമ വികസന മന്ത്രി എസ്. പി വേലുമണി, തമിഴ്‌നാട് ഡെപ്യൂട്ടി സ്പീക്കര്‍ ഡോ. പൊള്ളാച്ചി വി. ജയരാമന്‍, കേരള ചീഫ് സെക്രട്ടറി ടോം ജോസ്, തമിഴ്‌നാട് ചീഫ് സെക്രട്ടറി കെ. ഷണ്‍മുഖം, കേരളത്തിന്റെ ആഭ്യന്തര ജലവിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ജലവിഭവ വൈദ്യുതി വകുപ്പ് സെക്രട്ടറി ബി. അശോക്, നിയമ സെക്രട്ടറി പി.കെ അരവിന്ദ് ബാബു, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍. എസ്. പിള്ള, ജോയിന്റ് വാട്ടര്‍ റെഗുലേറ്ററി ബോര്‍ഡ് ജോ. ഡയറക്ടര്‍ പി. സുധീര്‍, തമിഴ്‌നാട്ടിലെയും കേരളത്തിലെയും ബന്ധപ്പെട്ട വകുപ്പുകളിലെ സെക്രട്ടറിമാര്‍, എന്‍ജിനീയര്‍മാര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."