കൈയേറ്റത്തെ തൊടരുത്, നടപടിയെടുത്താല്‍ ഇതുതന്നെ ഗതി, മൂന്നാറില്‍ ഉദ്യോഗസ്ഥര്‍ക്കുനേരെ വീണ്ടും സര്‍ക്കാര്‍ പകപോക്കല്‍
തൊടുപുഴ: ഭൂമാഫിയക്കെതിരേ മുഖം നോക്കാതെ നടപടിയെടുത്തതിന്റെ പേരില്‍ മൂന്നാറില്‍ വീണ്ടും ഉദ്യോഗസ്ഥര്‍ക്കുനേരെ സര്‍ക്കാര്‍ പകപോക്കല്‍. ഒന്‍പത് വര്‍ഷത്തിനിടെ ഇവിടെ വന്നുപോയത് 15 സബ് കലക്ടര്‍മാര്‍. എല്ലാവരെയും തെറിപ്പിച്ചതും മുഖം നോക്കാതെയുള്ള നിയമനടപടി സ്വീകരിച്ചതിനെത്തുടര്‍ന്ന്. കയ്യേറ്റക്കാരില്‍ പലരും എം.എല്‍.എയും എം.പിയും ഒക്കെ തന്നെയാണ്. അല്ലെങ്കില്‍ അവരെ സംരക്ഷിക്കുന്ന മന്ത്രിയും പാര്‍ട്ടിയും തന്നെയാണ് ഉദ്യോഗസ്ഥരെ പുകച്ചു ചാടിക്കുന്നതും.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മാത്രം അഞ്ച് പേരെ മാറ്റി. അതിനും കാരണം മറ്റൊന്നല്ല. അവസാനമായി ഡോ.രേണുരാജിനെ ഒറ്റക്കല്ല 12 അംഗ സംഘത്തില്‍ രണ്ടു പേരെ മാത്രമാണ് നിലനിര്‍ത്തിയിരിക്കുന്നത്.
സബ്കലക്ടറെയും പിന്നാലെ ഉദ്യോഗസ്ഥരെയും മാറ്റിയതോടെ മൂന്നാറിലെ േൈകയറ്റങ്ങള്‍ക്ക് എതിരെയുള്ള നടപടി മരവിപ്പിക്കുകയാണ് ഉദ്ദേശമെന്നാണ് ഉയരുന്ന സംശയങ്ങള്‍.
കൊട്ടക്കമ്പൂരില്‍ ജോയ്‌സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയുടെ പട്ടയം റദ്ദ് ചെയ്ത സബ് കലക്ടറെ സ്ഥലം മാറ്റിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റിയത്. ചിന്നക്കനാലിലെ കയ്യേറ്റങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിലെ 10 പേര്‍ക്കാണ് സ്ഥലം മാറ്റം ലഭിച്ചത്. 12 അംഗ സംഘത്തില്‍ രണ്ടു പേരെ മാത്രമാണ് ഇനി ശേഷിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ജോയ്‌സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും പട്ടയം ദേവികുളം സബ് കലക്ടര്‍ റദ്ദാക്കിയിരുന്നത്. ഈ നടപടി സി.പി.എം നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രേണുരാജിന്റെ സ്ഥാനം തെറിപ്പിച്ചത്. പട്ടയം റദ്ദാക്കിയ നടപടി ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്ത ദിവസം തന്നെയായിരുന്നു രേണു രാജിന്റെ കസേര തെറിപ്പിച്ചത്. മൂന്നാര്‍ ടൗണിലെ മുതിരപ്പുഴയാര്‍ കയ്യേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതും സ്ഥലം മാറ്റത്തിന് കാരണമായിട്ടുണ്ടെന്നും സൂചനയുണ്ട്.
പുതിയ സംഘത്തെ നിയമിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്. പുതിയ സംഘത്തിലെ റവന്യൂ ഉദ്യാഗസ്ഥര്‍ക്ക് നിലവില്‍ ചെയ്യുന്ന ജോലിയുടെ കൂടെ അധികച്ചുമതലയായാണ് കൈയേറ്റം കണ്ടെത്താനുള്ള സംഘത്തിലെ അംഗത്വം നല്‍കിയിരിക്കുന്നത്. ഇത് കയ്യേറ്റക്കാര്യത്തില്‍ നടപടികളൊന്നും സ്വീകരിക്കേണ്ടതില്ലെന്ന് പറയാതെ പറയുകയാണ് സര്‍ക്കാര്‍.
ഇടുക്കിയിലെ ഭൂമാഫിയക്ക് എതിരെ മുഖം നോക്കാതെ നടപടിയെടുത്ത രേണു രാജിനെ സ്ഥാനത്ത് നിന്ന് മാറ്റിയതിന് തൊട്ടു പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കും സ്ഥലം മാറ്റം ലഭിച്ചത്. കൈയ്യേറ്റത്തിനെതിരെ നടപടിയെടുക്കുന്നവര്‍ സ്ഥാനത്ത് തുടരാന്‍ പാടില്ലെന്ന ദേവികുളത്തെ അലിഖിത നിയമം വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."