ഇവരെ ഇപ്പോള്‍ പിന്തുണച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാണ് ?
#നിസാം കെ. അബ്ദുല്ല
കല്‍പ്പറ്റ: കഴിഞ്ഞ 10 വര്‍ഷമായി ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം പകല്‍ കൂടി ഏര്‍പ്പെടുത്തുന്നതിലേക്കു നീക്കങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ വയനാട്ടുകാര്‍ നടത്തുന്ന ജീവന്‍മരണ പോരാട്ടത്തിന്റെ ആദ്യഘട്ടത്തില്‍ ഭൂമികയിലുള്ളത് ജില്ലയിലെ യുവരക്തങ്ങള്‍.
സുല്‍ത്താന്‍ ബത്തേരിയടക്കമുള്ള പട്ടണങ്ങളുടെ അകാല ചരമത്തിലേക്ക് വിരല്‍ചൂണ്ടുന്ന ഗതാഗത നിയന്ത്രണത്തെ പല്ലും നഖവുമുപയോഗിച്ച് ചെറുക്കുകയെന്ന ലക്ഷ്യത്തില്‍ അവര്‍ നിരാഹാര സമരത്തിലേര്‍പ്പെട്ടിട്ട് ഇന്നു മൂന്നു ദിവസം പൂര്‍ത്തിയാകുകയാണ്.
സുല്‍ത്താന്‍ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ അധികൃതരുടെ കണ്ണു തുറപ്പിക്കാനായി സമരമിരിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. ആര്‍. രാജേഷ് കുമാര്‍, മുസ്‌ലിം യൂത്ത് ലീഗ് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ പ്രസിഡന്റ് സി.കെ മുസ്തഫ, ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ലിജോ ജോണി, ഫ്രീഡം ടു മൂവ് കോ-ഓര്‍ഡിനേറ്റര്‍ സഫീര്‍ പഴേരി, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സിനീഷ് വാകേരി എന്നിവരാണ്.
തങ്ങളുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയായി മാറുന്ന ഒരു നടപടിക്കെതിരെ വയനാട് ഒന്നടങ്കം ഇവര്‍ക്കൊപ്പമുണ്ട്. ജീവന്‍ കൊടുത്തും തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുകയെന്ന ലക്ഷ്യത്തിലാണ് ഈ യുവാക്കളുള്ളത്.
വര്‍ഷങ്ങളായി രാത്രിയാത്രാ നിരോധനത്തിനെതിരേ സുപ്രിംകോടതിയില്‍ കേസ് നടക്കുന്നുണ്ടെങ്കിലും കൂടെ നില്‍ക്കേണ്ടവര്‍ തന്നെ പിന്നില്‍നിന്നു കുത്തിയതാണ് പ്രശ്‌നം ഇത്രത്തോളം രൂക്ഷമാക്കിയത്.
കേരളത്തിലെ ഉദ്യോഗസ്ഥര്‍ മറ്റുള്ളവര്‍ക്ക് വേണ്ടി അഭിപ്രായ രൂപീകരണം നടത്തുകയും സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്തതാണ് ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ ഇന്നത്തെ പ്രതിസന്ധിക്ക് കാരണം. ഭരണകൂടങ്ങളും ഇവിടെ അലംഭാവം കാണിച്ചിട്ടുണ്ട്. എങ്കിലും എല്ലാം മറന്നവര്‍ ക്ഷണിക്കുകയാണ്. കേരളത്തിലെ മുഴുവന്‍പേരെയും തങ്ങളുടെ സമരത്തിന് ഒപ്പം നിര്‍ത്താന്‍. രാഷ്ട്രീയം മറന്നുള്ള ഇവരുടെ പോരാട്ടത്തിന് നാടിന്റെ എല്ലാഭാഗത്തുനിന്നുമുള്ള പിന്തുണ എത്തുന്നുണ്ട്. ഈ പോരാട്ടത്തില്‍ ഇവര്‍ വിജയിക്കേണ്ടത് നാടിന്റെ ആവശ്യമാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."