മുസ്തഫ ഹുദവിയുടെ പ്രഭാഷണത്തിനു വിശ്വാസികളുടെ ഒഴുക്ക്
കണ്ണൂര്‍: സുന്നി യുവജനസംഘം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് മൈതാനിയില്‍ ആരംഭിച്ച പ്രമുഖ വാഗ്മി മുസ്തഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണ പരിപാടിക്കു വിശ്വാസികളുടെ തിരക്ക്. രണ്ടാംദിനമായ ഇന്നലെ സ്ത്രീകളടക്കം ആയിരങ്ങളാണു രാവിലെ തന്നെ സദസിലെത്തിയത്. 'ആടും മാടും നമ്മുടെ നാടും' എന്ന സമകാലിക വിഷയത്തിലായിരുന്നു പ്രഭാഷണം. രാജ്യത്തിന്റെ നാനാത്വത്തിലെ ഏകത്വം തകര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്നു മുസ്തഫ ഹുദവി ചൂണ്ടിക്കാട്ടി. സമുദായ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികളോടു ഒരുതരത്തിലും വിട്ടുവീഴ്ച ചെയ്യാന്‍ സമൂഹം തയാറാകരുതെന്നും അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു. ഇന്നലത്തെ പ്രഭാഷണ പരിപാടി അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂര്‍ ഉദ്ഘാടനം ചെയ്തു. പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവും മനസമാധാനവും ഖുര്‍ആനിലൂടെ മാത്രമാണെന്നും ഖുര്‍ആന്റെ സന്ദേശം ജീവതത്തില്‍ കൊണ്ടുവരാന്‍ സത്യവിശ്വാസികള്‍ സന്നദ്ധരാവണമെന്നും അദ്ദേഹം പറഞ്ഞു. എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് പി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് കെ.കെ മുഹമ്മദ്, സത്താര്‍ വളക്കൈ, ഇബ്രാഹിം എടവച്ചാല്‍ സംസാരിച്ചു. ഇന്നു രാവിലെ എട്ടിന് 'ബീവി സുമയ്യ: കനല്‍പഥങ്ങളിലെ കനല്‍ ശോഭ' എന്ന വിഷയത്തില്‍ മുസ്തഫ ഹുദവി പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."