അരൂരില്‍ ചിത്രം തെളിയുന്നു; എസ്. ദീപു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും
#യു.എച്ച് സിദ്ദീഖ്
ആലപ്പുഴ: സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു തുടങ്ങിയതോടെ അരൂര്‍ പ്രചാരണ ചൂടിലേക്ക്. കോന്നിയും അരൂരും വച്ചുമാറാന്‍ ഐ, എ ഗ്രൂപ്പുകള്‍ തീരുമാനിച്ചതോടെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥിത്വവും മാറിമറിയുന്നു. യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് എസ്. ദീപു അരൂരിലെ സ്ഥാനാര്‍ഥിയാകും. എസ്. ദീപുവിന് പുറമേ ഡി.സി.സി പ്രസിഡന്റ് എം. ലിജുവിന്റെ പേരും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് ലിജു നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് ചര്‍ച്ചകളില്‍ ഒരുഘട്ടത്തിലും രംഗത്തില്ലാതിരുന്ന ദീപു പട്ടികയില്‍ കയറി കൂടിയത്. ഡി.സി.സി പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ച് മത്സരരംഗത്തിറങ്ങി റിസ്‌ക് എടുക്കാന്‍ ലിജു തയാറാകാതെ വന്നതും എസ്. ദീപുവിന് അനുഗ്രഹമാകുകയാണ്.
ദീപുവിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലും ധാരണയായിട്ടുണ്ട്. പത്തുവര്‍ഷമായി ദീപു യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭ മണ്ഡലം പ്രസിഡന്റായി പ്രവര്‍ത്തിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ അരൂരിലെ സ്ഥാനാര്‍ഥിത്വത്തിനായി ശ്രമം നടത്തിയ ഷാനിമോള്‍ ഉസ്മാനും യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എസ്. രാജേഷും പട്ടികയില്‍നിന്നും ഇതോടെ പുറത്തായി. സാമുദായിക സമവാക്യങ്ങളുടെ പേരില്‍ ഷാനിമോള്‍ ഉസ്മാനെ പിന്തള്ളി സ്ഥാനാര്‍ഥി പട്ടികയില്‍ അപ്രതീക്ഷിതമായി മുന്നിലെത്തിയ ആളാണ് എ ഗ്രൂപ്പുകാരനായ എസ്. രാജേഷ്. മണ്ഡലത്തിലുടനീളം കാല്‍നട പ്രചാരണ ജാഥ നടത്തുന്നതിന്റെ തിരക്കിലാണ് രാജേഷ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. ബൂത്ത് തല കമ്മിറ്റികള്‍ രൂപീകരിക്കാനുള്ള നടപടികള്‍ക്കും തുടക്കമായി. മണ്ഡലംതല തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ 29ന് നടക്കും.
യു.ഡി.എഫ് നേതൃത്വ സമ്മേളനം ഇന്ന് രാവിലെ 10ന് ചന്തിരൂര്‍ പാലസ് ഓഡിറ്റോറിയത്തില്‍ ചേരുന്നുണ്ട്. യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ ബെന്നി ബഹ്‌നാന്‍ പങ്കെടുക്കുന്ന യോഗത്തിലേക്ക് യു.ഡി.എഫ് ജില്ല നേതാക്കളെയും അരൂര്‍ മണ്ഡലത്തിലെ നേതാക്കള്‍, ജനപ്രതിനിധികള്‍, സഹകരണസംഘം ഭാരവാഹികള്‍ എന്നിവരെയുമാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്.
സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ എല്‍.ഡി.എഫും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. സി.പി.എം സ്ഥാനാര്‍ഥിയായ മനു സി. പുളിക്കല്‍ ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കും. പട്ടണക്കാട് ബി.ഡി.ഒ മുന്‍പാകെ രാവിലെ 10.30 ന് ആണ് പത്രിക സമര്‍പ്പണം. എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ 30ന് നടക്കും.
ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ എല്‍.ഡി.എഫ് തുടക്കമിട്ടിരുന്നു. ബൂത്ത് തല കമ്മിറ്റികളുടെ രൂപീകരിച്ചുള്ള പ്രവര്‍ത്തനങ്ങളും എല്‍.ഡി.എഫ് തുടങ്ങി കഴിഞ്ഞു. എന്‍.ഡി.എ ആവട്ടെ ബി.ഡി.ജെ.എസ് നടത്തിയ അപ്രതീക്ഷിത നീക്കത്തിലെ ഞെട്ടലില്‍ നിന്നും മുക്തരായിട്ടില്ല. ബി.ഡി.ജെ.എസിന്റെ മത്സരരംഗത്തു നിന്നുള്ള പിന്മാറ്റത്തോടെ വെട്ടിലായ ബി.ജെ.പി സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. മികച്ചൊരു അപ്രതീക്ഷിത സ്ഥാനാര്‍ഥി ഉണ്ടാവുമെന്ന് ബി.ജെ.പി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോക്‌സഭയിലേക്ക് മത്സരിച്ച ഡോ. കെ.എസ് രാധാകൃഷ്ണനെ രംഗത്തിറക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. ധീവര സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലം കൂടിയായ അരൂരില്‍ ഡോ. രാധാകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വം ഗുണകരമാവുമെന്ന പ്രതീക്ഷ ബി.ജെ.പിക്കുണ്ട്. ബി.ജെ.പിയുടെ വാഗ്ദാന ലംഘനത്തില്‍ പ്രതിഷേധിച്ചാണ് ബി.ഡി.ജെ.എസ് മത്സരരംഗത്തു നിന്നും പിന്മാറിയത്. തട്ടിപ്പു കേസില്‍ കുടുങ്ങി അജ്മാനിലെ ജയിലിലായപ്പോള്‍ പുറത്തിറക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി സഹായിച്ചതിന്റെ പ്രത്യുപകാരമാണ് ബി.ഡി.ജെ.എസിന്റെ പിന്മാറ്റത്തിന് പിന്നിലെന്ന് ബി.ജെ.പി കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."