മാണിയുടെ 'കളിക്കളത്തില്‍' കാപ്പന്റെ വിജയ സ്മാഷ്
വോളി കോര്‍ട്ടുകളെ പ്രകമ്പനം കൊള്ളിച്ച ഇതിഹാസം ജിമ്മി ജോര്‍ജിനൊപ്പം മിന്നുന്ന സ്മാഷുകള്‍ ഉതിര്‍ത്ത താരമായിരുന്നു മാണി സി. കാപ്പന്‍. നിയമസഭ തെരഞ്ഞെടുപ്പുകളിലെ കോര്‍ട്ടില്‍ കെ.എം മാണിയുടെ ബ്ലോക്കുകളെ തകര്‍ക്കാന്‍ മാണി സി. കാപ്പന് ഒരിക്കലും കഴിഞ്ഞിരുന്നില്ല. കെ.എം മാണി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞപ്പോള്‍ മാണി സി. കാപ്പന്റെ സ്മാഷുകള്‍ കേരള കോണ്‍ഗ്രസിന്റെ ബ്ലോക്കുകള്‍ തകര്‍ത്തു സെന്റര്‍ കോര്‍ട്ടില്‍ തന്നെ പതിച്ചു.
തങ്ങളുടെ സ്‌നേഹം 'മാണി'യോട് തന്നെയെന്ന് പാലാക്കാരും തെളിയിച്ചു. അരനൂറ്റാണ്ടിലേറെ കെ.എം മാണിയെ ചേര്‍ത്തു പിടിച്ച മണ്ഡലമാണ് പാലാ. മാണിക്ക് പാലാ രണ്ടാം ഭാര്യയായിരുന്നു. പാലായിലെ രാഷ്ട്രീയ ചരിത്രത്തിന് മറ്റൊരു 'മാണി'യിലൂടെ തിരുത്തെഴുത്ത്. 1965 ല്‍ തുടങ്ങി 2016 വരെ നീണ്ടതായിരുന്നു വെല്ലുവിളികളില്ലാത്ത കെ.എം മാണി ചരിത്രം. വോളിബോള്‍ കോര്‍ട്ടില്‍ തിളങ്ങിയ മാണി സി. കാപ്പന് കെ.എം മാണിയുടെ വ്യക്തിപ്രഭാവത്തിന് മുന്നില്‍ നിഷ്പ്രഭനാവാനായിരുന്നു വിധി. ഇനി അതെല്ലാം ചരിത്രം മാത്രം. 2,247 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പാലായെ മാണി സി. കാപ്പന്‍ സ്വന്തമാക്കി.
കേരള കോണ്‍ഗ്രസിന്റെ പിറവി മുതല്‍ കൂടെകൂട്ടിയ പാലാ മാണി സി. കാപ്പന് ഇടത്തേക്ക് കൊണ്ടു പോയി. മധ്യകേരളത്തിന്റെ രാഷ്ട്രീയഗതിവിധികളെ നിയന്ത്രിച്ചിരുന്നത് പാലായില്‍ നിന്നായിരുന്നു. കെ.എം മാണിയുടെ വിയോഗം വരെ പാലാ ആ പാരമ്പര്യം കാത്തു. പാലാ കൈവിട്ടു പോകുമ്പോള്‍ യു.ഡി.എഫ് രാഷ്ട്രീയത്തില്‍ അത് സൃഷ്ടിക്കുന്ന പ്രകമ്പനം ചെറുതല്ല. തമ്മില്‍ തല്ലി കുലം മുടിക്കുന്നവര്‍ക്കുള്ള മുന്നറീപ്പ് കൂടിയാണ് പാലായിലെ ജനവിധി. യു.ഡി.എഫിന്റെ അമിത ആത്മവിശ്വാസം. കെ.എം മാണിയെന്ന വൈകാരികത വോട്ടായി മാറുമെന്ന അമിതപ്രതീക്ഷ. തമ്മിലടി തീര്‍ക്കാതെ രാഷ്ട്രീയ പോരാട്ടത്തിന് അരങ്ങൊരുക്കാനാവാതെ പോയതോടെയാണ് പാലാ യു.ഡി.എഫിനെ കൈവിട്ടത്.
യു.ഡി.എഫ് ആധിപത്യമുള്ള പഞ്ചായത്തുകളിലെല്ലാം തന്നെ വ്യക്തമായ ലീഡ് നേടാന്‍ മാണി സി. കാപ്പനായി. കനത്ത രാഷ്ട്രീയ തിരിച്ചടി തന്നെയാണ് യു.ഡി.എഫ് നേരിട്ടിരിക്കുന്നത്. കെ.എം മാണിയോട് ഇല്ലാത്ത സ്‌നേഹം ജോസ് ടോമിനോട് കോണ്‍ഗ്രസുകാര്‍ കാട്ടിയിരുന്നു. പക്ഷെ, വോട്ടിങ് യന്ത്രത്തിലെ ബട്ടണമര്‍ത്തിയപ്പോള്‍ അതു പ്രതിഫലിച്ചില്ലെന്ന് തന്നെയാണ് ചിത്രം വ്യക്തമാക്കുന്നത്. കെ.എം മാണിയില്ലാത്ത പാലായുടെ രാഷ്ട്രീയ മനസ് തിരിച്ചറിയുന്നതിലും യു.ഡി.എഫ് പരാജയപ്പെട്ടു. 'ഹൃദയത്തിലാണ് മാണി സര്‍' എന്ന മുദ്രാവാക്യം ഏശാതെ പോയി. വരാനിരിക്കുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പിനുള്ള മുന്നറീപ്പാണ് പാലാ.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ച ഇടതുവിരുദ്ധ തരംഗം പാലായില്‍ തിരിച്ചടിച്ചത് യു.ഡി.എഫിനെ ഉലയ്ക്കുന്നതാണ്. പാലായിലെ പരാജയം ജോസ് കെ. മാണിയുടെ തോല്‍വികൂടിയാണ്. രാഷ്ട്രീയകളരിയിലെ ബാലപാഠങ്ങള്‍ പോലും തിരിച്ചറിയാതെ പി.ജെ ജോസഫിനെതിരേ യുദ്ധത്തിനിറങ്ങിയ ജോസ് കെ. മാണിയുടെ രാഷ്ട്രീയഭാവിക്കും ഭീഷണിയാണ്. തറവാട് കൈവിട്ടു പോയതോടെ ജോസ് വിഭാഗത്തിനൊപ്പം നില്‍ക്കുന്ന നേതാക്കള്‍ പുനര്‍ചിന്തനം നടത്താനും ഈ തോല്‍വി വഴിയൊരുക്കും. കൂടെ നിന്ന ബി.ഡി.ജെ.എസ് കൈവിട്ടതു ബി.ജെ.പിയുടെ വോട്ടുകളും ചോര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."