പാലായിലേത് ചേരിതിരിഞ്ഞു പോരടിച്ചവര്ക്കെതിരേയുള്ള ജനവിധിയെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: പാലായിലെ ജനവിധി ചേരിതിരിഞ്ഞു പോരടിച്ച കേരള കോണ്‍ഗ്രസിന് എതിരെയുള്ളതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. തങ്ങളെ പരിഹസിക്കും വിധമാണ് ചേരിപ്പോരെന്നു ജനങ്ങള്‍ വിലയിരുത്തിയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
കേരള കോണ്‍ഗ്രസിലെ ചേരിപ്പോരില്‍ വോട്ടര്‍മാര്‍ കോപാകുലരാണ്. ജനങ്ങളെ പരിഹസിക്കുന്ന നിലപാടിന് എതിരായ ജനവിധിയാണുണ്ടായത്. ഇവര്‍ക്കിടയിലെ തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ആവും വിധം ശ്രമിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് പ്രത്യേക താത്പര്യമെടുത്തു തന്നെ പരിഹാരത്തിനു ശ്രമിച്ചു. ഘടകകക്ഷികളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതില്‍ മറ്റു പാര്‍ട്ടികള്‍ക്കു പരിമിതിയുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
പാലായില്‍ ബിജെപി വോട്ടുകള്‍ ഗാണ്യമായി കുറഞ്ഞിട്ടുണ്ട്. വോട്ടുകച്ചവടം നടന്നുവെന്ന് അവരുടെ നേതാവു തന്നെ പരസ്യമായി സമ്മതിച്ചതാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും അതു സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സിപിഎം അഭിപ്രായം പറയണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ബിജെപി വോട്ടു കിട്ടിയിട്ടും എല്‍.ഡി.എഫിന് 44 വോട്ടു കുറയുകയാണ് ചെയ്തത്. പാലായിലെ യു.ഡി.എഫ് പരാജയം സാങ്കേതികം മാത്രമാണ്. അതിനെ ഒരു കൈത്തെറ്റു മാത്രമായേ കാണുന്നുള്ളൂവെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."