ജലക്ഷാമം പരിഹരിക്കല്‍; കാരാപ്പുഴ അണക്കെട്ടില്‍ കൂടുതല്‍ ജലം സംഭരിക്കണം
കല്‍പ്പറ്റ: ജില്ലയിലെ ജലക്ഷാമം പരിഹരിക്കാന്‍ ഷട്ടറുകള്‍ അടച്ച് കാരാപ്പുഴ അണക്കെട്ടില്‍ കൂടുതല്‍ ജലം സംഭരിക്കണമെന്ന ആവശ്യം ഉയരുന്നു. ജൂണ്‍ പകുതി പിന്നിട്ടിട്ടും കാലവര്‍ഷം ശക്തി പ്രാപിക്കാത്ത സാഹചര്യത്തിലാണ് ഈ ആവശ്യമുയരുന്നത്.
ഷട്ടറുകള്‍ അടച്ചാല്‍ കൂടുതല്‍ സ്ഥലം ഏറ്റെടുക്കാതെ തന്നെ അണയില്‍ മൂന്നു മീറ്റര്‍ വെള്ളം കൂടി സംഭരിക്കാനാകും. ഇത് ജില്ലയില്‍ ഉണ്ടാകാനിടയുള്ള ജലക്ഷാമം നേരിടാന്‍ ഉതകുമെന്നാണ് വിദഗ്ധാഭിപ്രായം. ഏകദേശം 34 മില്ലി ക്യുബിക് മീറ്റര്‍ വെള്ളമാണ് നിലിവില്‍ അണക്കെട്ടിലുള്ളത്. ഷട്ടറുകള്‍ അടച്ച് സ്റ്റോറേജ് മൂന്നു മീറ്റര്‍ വര്‍ധിപ്പിച്ചാല്‍ അണയിലെ ജലത്തിന്റെ അളവ് 53 മില്ലി ക്യുബിക് മീറ്ററായി ഉയരും.
അടിത്തട്ടില്‍ മണ്ണടിഞ്ഞ് അണയുടെ ജലസംഭരണശേഷി രണ്ട് മില്ലി ക്യുബിക് മീറ്റര്‍ കുറഞ്ഞതായി പീച്ചിയിലെ കേരള എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (കെ.ഇ.ആര്‍.ഐ) നിന്നുള്ള വിദഗ്ധ സംഘത്തിന്റെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. അണയില്‍ അടിഞ്ഞുകൂടിയ മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്നും വൃഷ്ടി പ്രദേശത്തെ മണ്ണൊലിപ്പിനു തടയിടുന്നതിനു കര്‍ശനടപടി സ്വീകരിക്കണമെന്നും കെ.ഇ.ആര്‍.ഐ ശുപാര്‍ശ ചെയ്‌തെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
അണകെട്ടിന് അടുത്തുള്ള പ്രദേശങ്ങള്‍ കൈയേറി സ്വകാര്യവ്യക്തികള്‍ നടത്തിയ കൃഷിയും നിര്‍മാണങ്ങളുമാണ് മണ്ണൊലിപ്പിനു കാരണമായത്. പദ്ധതി പ്രദേശത്ത് നത്തംകുനി, മാമലക്കുന്ന്, പുറ്റാട്, മുരണിവയല്‍, ചെറുവറ്റ, പാക്കം എന്നിവിടങ്ങളിലാണ് ഭൂമി കൈയേറ്റവും കൃഷിയും വ്യാപകമായിരുന്നത്. ചരിവുള്ള ഈ പ്രദേശങ്ങളില്‍ മണ്ണുമാന്തി ഉപയോഗിച്ച് നിലമൊരുക്കിയാണ് കപ്പ, വാഴ, ഇഞ്ചി കൃഷികള്‍ നടത്തിയിരുന്നത്.
മീനങ്ങാടി, മുട്ടില്‍, അമ്പലവയല്‍, ബത്തേരി പഞ്ചായത്തുകളില്‍ 5221 ഹെക്ടറില്‍ കനാലുകളിലൂടെ ജലം എത്തിച്ച് കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കുന്നതിനു വിഭാവനം ചെയ്തതാണ് കാരാപ്പുഴ പദ്ധതി. കബനി നദിയുടെ കൈവഴിയാണ് കാരാപ്പുഴ. വാഴവറ്റയിലാണ് പദ്ധതിയുടെ അണ. 62 ചതുരശ്ര കിലോമീറ്ററാണ് വൃഷ്ടിപ്രദേശം. 1978ലാണ് കാരാപ്പുഴ ജലസേചന പദ്ധതിക്ക് പ്ലാനിംഗ് കമ്മിഷന്റെയും സര്‍ക്കാരിന്റെയും ഭരണാനുമതി ലഭിച്ചത്. 1978-ല്‍ 7.60 കോടി രൂപ മതിപ്പുചെലവിലായിരുന്നു പ്രവൃത്തിയുടെ തുടക്കം. ഇതിനകം ഏകദേശം 560 കോടി രൂപ ചെലവഴിച്ചിട്ടും പദ്ധതി പൂര്‍ണമായി കമ്മിഷന്‍ ചെയ്യാനായിട്ടില്ല.
കാരാപ്പുഴ പദ്ധതി ജലസേചനത്തിനും ടൂറിസത്തിനും പുറമേ കുടിവെള്ള വിതരണത്തിനും ഉപയോഗപ്പെടുത്തിവരികയാണ്. കാരാപ്പുഴ അണയിലെ വെള്ളം നിലവില്‍ 592 ഏക്കറില്‍ കൃഷി ആവശ്യത്തിനു പ്രയോജനപ്പെടത്തുന്നുണ്ട്. പദ്ധതിയുടെ ഇടതുകര കനാല്‍ പൂര്‍ണമായും തുറന്നു. വലതുകര കാനാല്‍ തുറക്കുന്നതിനു ജോലികള്‍ നടന്നുവരികയാണ്.
രണ്ട് കനാലുകളും തുറക്കുന്നതോടെ കൂടുതല്‍ സ്ഥലത്ത് ജലസേചനം സാധ്യമാകും. കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയിലും വൈത്തിരി, അമ്പലവയല്‍, മൂപ്പൈനാട്, കണിയാമ്പറ്റ, മുട്ടില്‍, മീനങ്ങാടി, നൂല്‍പ്പുഴ പഞ്ചായത്തുകളിലുമായി തുടങ്ങിയതും തുടങ്ങാനിരിക്കുന്നതുമായ കുടിവെള്ള പദ്ധതികളുടെ സ്രോതസും കാരാപ്പുഴ അണക്കെട്ടാണ്. 1481 ഹെക്ടര്‍ സ്ഥലമാണ് കാരാപ്പുഴ പദ്ധതിക്കായി ഇതിനകം ഏറ്റെടുത്തത്. 102 ഹെക്ടര്‍ കൂടി ഏറ്റെടുക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."