അക്രമങ്ങള്‍ക്കുപിന്നില്‍ ബി.ജെ.പിയെന്ന് തെളിഞ്ഞു: കടകംപള്ളി
തിരുവനന്തപുരം: ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലോടെ ശബരിമലയിലുണ്ടായ അക്രമങ്ങള്‍ക്കുപിന്നില്‍ ബി.ജെ.പിയാണെന്നു തെളിഞ്ഞിരിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തെ കലാപഭൂമിയാക്കി രാഷ്ട്രീയനേട്ടമുണ്ടാക്കാനുള്ള സുവര്‍ണാവസരമാണ് ശബരിമലയെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന കേരളത്തിലെ പൊതുസമൂഹത്തോടും സുപ്രിംകോടതിയോടുമുള്ള വെല്ലുവിളിയാണ്.
അക്രമങ്ങള്‍ക്കുപിന്നില്‍ കേരളത്തിലെ നിരപരാധികളായ അയ്യപ്പഭക്തരാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. ശബരിമലയുടെ പേരില്‍ ബി.ജെ.പി കലാപത്തിന് കോപ്പുകൂട്ടുകയാണ്. എന്‍.എസ്.എസും രാജകുടുംബവും തന്ത്രികുടുംബവും അടക്കമുള്ള കേരളത്തിലെ ഭക്തസമൂഹം ബി.ജെ.പിയുടെ ഗൂഢാലോചനയില്‍ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്ന് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആ മുന്നറിയിപ്പ് ശരിവയ്ക്കുന്നതാണ് ശ്രീധരന്‍പിള്ളയുടെ പ്രസംഗം. ബി.ജെ.പി മുന്നോട്ടുവച്ച അജന്‍ഡയില്‍ ഓരോരുത്തരായി അടിയറവ് പറഞ്ഞുവെന്നാണ് ശ്രീധരന്‍ പിള്ളയുടെ വാദം. മതേതര കേരളത്തെ മതത്തിന്റെ പേരില്‍ കലാപഭൂമിയാക്കാനുള്ള ശ്രമമാണ് നടത്തിയത്. ഈ ഗൂഢാലോചന അന്വേഷിച്ച് കലാപശ്രമത്തിനുപിന്നിലെ ബുദ്ധികേന്ദ്രങ്ങളെ നിയമത്തിനുമുന്നില്‍ എത്തിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."