കൈപൊള്ളിയ പിള്ള വാക്കുകള്‍
'നിരോധനാജ്ഞയെന്നു പറഞ്ഞാല്‍ ആരും ലംഘിച്ചു കൂടായെന്നാണോ. എത്രയെത്ര നിയമലംഘനത്തിന്റെ കഥകളാണു ഗാന്ധിജിയുടെ ജീവിതത്തിന്റെ ചരിത്രത്തില്‍ മൊത്തം കാണാന്‍ സാധിക്കുന്നത്. നിയമം തെറ്റെങ്കില്‍ അതു ലംഘിക്കുകയെന്നത് ഒരു പൗരന്റെ പ്രതിബദ്ധതയാണ്.
കേരളത്തിലെ രാക്ഷസ ഭരണകൂടം യാതൊരു തത്വദീക്ഷയുമില്ലാതെ 144 പ്രഖ്യാപിച്ചുകൊണ്ടു ശബരിമലയില്‍ ഭക്തജനങ്ങളുടെ യാത്ര തടയാന്‍ ശ്രമിച്ചപ്പോള്‍ പ്രതികരിക്കണമെന്നു തോന്നി. എങ്ങനെ പ്രതികരിക്കണം. ആയിരക്കണക്കിനാളുകളെ അങ്ങോട്ടു തള്ളിവിട്ട് അക്രമമുണ്ടാക്കാന്‍ കാത്തിരിക്കുകയാണു ഭരണകൂടം. എന്നിട്ട് ആ അക്രമണത്തെ ഉയര്‍ത്തിപിടിച്ചുകൊണ്ടു നമുക്കെതിരായ സന്നാഹം നടത്തുമ്പോള്‍ അതിന് ഇന്ധനമാകാന്‍ നിന്നുകൊടുക്കേണ്ടവരല്ല നമ്മള്‍ എന്നുള്ളതുകൊണ്ട്, എങ്ങനെ വേണമെന്ന കാര്യം ചിന്തിച്ചു.
നൂറാളെ കൂട്ടി നമുക്ക് അങ്ങോട്ടു പോകാം, എന്നാല്‍, അങ്ങനെ നമ്മളെ അങ്ങോട്ടു കടത്തിവിടില്ല. പമ്പയിലേയ്ക്കു പോകാന്‍ സാധിക്കില്ല. നൂറുപേരുടെ സംഘം കൂടുമ്പോള്‍ വീട്ടുകാര്‍പോലും അറിയാതെ പിടിച്ചുകൊണ്ടുപോകുന്നു. അല്ലെങ്കില്‍ കാട്ടിലേയ്ക്കു തള്ളും. ആ സാഹചര്യത്തില്‍ എന്തു ചെയ്യണം. ഒരു നിലയ്ക്കും അനുവദിക്കില്ലെന്നു പറഞ്ഞു യുദ്ധപ്രഖ്യാപനം നടത്തുന്ന ഭരണകൂടത്തിനു മുന്നില്‍, അവരുടെ സര്‍വ്വസന്നാഹങ്ങളും പൊലിസും എല്ലാം ഒരുക്കി നില്‍ക്കുമ്പോള്‍ ആരു നിയമം ലംഘിക്കും.
18നു രാവിലെ പ്രകാശ് ബാബുവിനെ വിളിച്ചു. പ്രകാശ് ബാബുവിനോടു ഞാന്‍ ചോദിച്ചു. നിയമം ലംഘിക്കാമോയെന്ന്. പ്രകാശ് ബാബുവിന് അതു പായസം കുടിക്കുന്നതിനേക്കാള്‍ സന്തോഷുമുള്ള കാര്യമായിരുന്നുവെന്ന മറുപടിയാണു കിട്ടിയത്. സീനിയര്‍ അഭിഭാഷകനെന്ന നിലയില്‍ അദ്ദേഹത്തിനോടു പറഞ്ഞുകൊടുത്തതിനേക്കാള്‍ അദ്ദേഹത്തെക്കുറിച്ച് ഓര്‍ത്ത് ഏറ്റവും സന്തോഷം തോന്നിയത് ആ നിമിഷത്തിലായിരുന്നു.
അപ്പോള്‍ എനിക്ക് ആത്മവിശ്വാസമായി. ഞാന്‍ അപ്പോള്‍ തന്നെ പത്രക്കാരെ വിളിച്ചു. നമ്മള്‍ നിയമം ലംഘിക്കുമെന്നു പറഞ്ഞു. പ്രഖ്യാപനം നടന്ന് അരമണിക്കൂറിനുള്ളില്‍ ചെറുപ്പക്കാര്‍ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് അവിടെ നിയമലംഘനം നടത്തിയെന്നതു ചരിത്ര നിമിഷമാണ്. നമ്മളില്‍ ഒരു പ്രതീക്ഷ ജനങ്ങള്‍ക്കുണ്ട്. അതിനനുസരിച്ച് നമ്മള്‍ മുന്നോട്ടുപോകണം.
മറ്റുള്ളവരുടെ അജന്‍ഡയ്ക്കു മറുപടി പറയേണ്ടവരല്ല ബി.ജെ.പിക്കാര്‍. ബി.ജെ.പി , ബി.ജെ.പിയുടെ അജന്‍ഡയുണ്ടാക്കി ആ അജന്‍ഡയ്ക്കു കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും മറുപടി പറയുമ്പോഴാണു നമ്മള്‍ വിജയിക്കുന്നതെന്നു കരുതുന്ന ഒരു രാഷ്ട്രീയ വിദ്യാര്‍ഥിയാണു ഞാന്‍. ഇപ്പോള്‍ ശബരിമല നമ്മളെ സംബന്ധിച്ചിടത്തോളം ഒരു ഗോള്‍ഡന്‍ ഓപ്പര്‍ച്യൂനിറ്റിയാണ്. ശബരിമല ഒരു സമസ്യയാണ്. ആ സമസ്യയെ എങ്ങനെ പൂരിപ്പിക്കാന്‍ സാധിക്കുമെന്നതിനെകുറിച്ച് ചിന്തിക്കണം. നമുക്ക് ഒരു വര വരച്ചാല്‍ ആ വരയിലൂടെ അതു കൊണ്ടുപോകാന്‍ സാധിക്കണം.
നമ്മുടെ കൈകളിലല്ല കാര്യങ്ങളുള്ളത്. നമ്മള്‍ ഒരു അജന്‍ഡ മുന്നോട്ടുവച്ചു. ആ അജന്‍ഡക്കു പിന്നില്‍ ഓരോ ഓരോത്തരായി അടിയറവ് പറഞ്ഞുകൊണ്ട് രംഗം കാലിയാക്കുമ്പോള്‍ അവശേഷിക്കുന്നതു നമ്മളും നമ്മളുടെ എതിരാളികളായ ഇവിടുത്ത ഭരണകൂടവും അവരുടെ പാര്‍ട്ടികളുമാണെന്നു ഞാന്‍ കരുതുകയാണ്. അതുകൊണ്ടു ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു, ഇപ്പേഴത്തെ സമരത്തെ സംബന്ധിച്ചിടത്തോളം ഈ കഴിഞ്ഞ മലയാളമാസം ഒന്നാംതിയതി മുതല്‍ അഞ്ചാം തീയതി വരെ നടന്ന സമരം ഏതാണ്ടു ബി.ജെ.പിയാണ് അതു പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയത്.
നമ്മുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ നിര്‍ദേശിക്കപ്പെട്ട സ്ഥലത്തെത്തി നിന്നു. അവര്‍ക്കു വിജയകരമായി ആ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചു. അതുപോലെ തന്നെ യുവമോര്‍ച്ചയുടെ പ്രവര്‍ത്തനം. ആദ്യത്തെ ദിവസം രണ്ടു സ്ത്രീകളെയും കൊണ്ടു ശ്രീജിത്ത് പോയപ്പോള്‍ യുവമോര്‍ച്ചയുടെ ഒരു ജില്ലാ ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് അതു തടയിടാന്‍ പൊതുജനങ്ങളെ അറിയിക്കാന്‍ സാധിച്ചത്.
അതിനുശേഷം അങ്ങനെ അല്ലാതായി തീരത്തക്ക കാര്യത്തിലേയ്ക്കു പോയി. അതു കൊണ്ടു കോട്ടമല്ല ഉണ്ടായത്. നമ്മുടെ പ്രസ്ഥാനം നിശ്ചയിക്കുന്നതനുസരിച്ചു പോകുമ്പോള്‍ ഉണ്ടാകുന്ന നേട്ടം ഒരു ഭാഗത്തുണ്ട്. എതിരാളികള്‍ നമ്മളെ പ്രകോപിച്ചുകൊണ്ടു സമരത്തിന്റെ ഗതി തെറ്റിച്ചുകൊണ്ടുപോകുന്ന ഒരു സ്ഥിതി വിശേഷം മറുഭാഗത്തുമുണ്ടാകും. ഒരു സമരത്തെ സംബന്ധിച്ചിടത്തോളം, നീണ്ടു നില്‍ക്കുന്ന സമരത്തെ സംബന്ധിച്ചിടത്തോളം അതിന് അതിന്റേതായ പരിമിതികള്‍ ഉണ്ടാകും.
താല്‍ക്കാലിക നേട്ടമല്ല, അവരവിടെ പോകാതിരിക്കാന്‍, 10 വയസിനും 50 വയസിനും ഇടയിലുള്ള സ്ത്രീകള്‍ പോകാതിരിക്കാന്‍ പരാമാവധി പോരാട്ടം നടത്തണം. ഒരു യുദ്ധമല്ല, വെട്ടി വീഴ്ത്തുകയും മരിച്ചു വീഴുകയും ചെയ്യുന്ന ഒരു യുദ്ധത്തിന്റെ അന്തരീക്ഷത്തില്‍ ശബരിമല പ്രശ്‌നത്തെ കാണരുതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
സ്ത്രീകളെ അവിടെ കൊണ്ടുപോയാല്‍ എന്തു ചെയ്യണമെന്നു ചിന്തിക്കാന്‍ കഴിവുള്ള അതിനു സജ്ജമാക്കപ്പെട്ട തന്ത്രി സമൂഹമുണ്ട്. ആ തന്ത്രി സമൂഹത്തിന് ഇന്ന് ബി.ജെ.പിയുണ്ട്, സംസ്ഥാന പ്രസിഡന്റുണ്ട്. ഇത്തരം ഒരു സ്ഥിതിവിശേഷമുണ്ടായപ്പോള്‍ തന്ത്രി മറ്റൊരു ഫോണില്‍ എന്നെ വിളിച്ചു. ഞാന്‍ അദ്ദേഹത്തോടു ഒരു വാക്കു പറഞ്ഞു. എന്തോ അറം പറ്റിയതുപോലെ ആ വാക്കു ശരിയായി.
തന്ത്രി ഫോണ്‍ വിളിച്ചപ്പോള്‍ ആകെ അസ്വസ്ഥനായിരുന്നു. പൂട്ടിയിട്ടാല്‍ കോടതി വിധി ലംഘനമാവില്ലേ, കോടതിയലക്ഷ്യമാകില്ലേ എന്നു ചോദിച്ചു. പൊലിസ് അദ്ദേഹത്തെ പേടിപ്പിച്ചിരുന്നു. ഈ സമയത്ത് അദ്ദേഹം വിളിച്ച ഒരാള്‍ ഞാനായിരുന്നു. ഞാന്‍ പറഞ്ഞു. തിരുമേനി ഒറ്റയ്ക്കല്ല, ഇതില്‍ കണ്ടംപ്റ്റ് ഓഫ് കോര്‍ട്ട് നില്‍ക്കില്ല. കേസെടുക്കുന്നുവെങ്കില്‍ ആദ്യം ഞങ്ങളുടെ പേരിലായിരിക്കും എടുക്കുക. പതിനായിരത്തില്‍ അധികം ആളുണ്ടാകും കൂട്ടത്തില്‍.
തിരുമേനി ഒറ്റക്കല്ലെന്നു പറഞ്ഞപ്പോള്‍ രാജീവര് എനിക്കു സാര്‍ പറഞ്ഞ ആ ഒറ്റവാക്കു മതി എന്നു പറഞ്ഞുകൊണ്ട് ഒരു ദൃഢമായ തീരുമാനം അന്ന് എടുക്കുയായിരുന്നു. ആ തീരുമാനമാണ് വാസ്തവത്തില്‍ പൊലിസിനെയും ഭരണകൂടത്തേയും അങ്കലാപ്പിലാക്കിയത്. ഈ തിരുമാനം ഇന്ന് അദ്ദേഹം വീണ്ടും എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഏതായാലും കണ്ടംപ്റ്റ് ഓഫ് കോര്‍ട്ട് വന്നപ്പോള്‍ ഞാന്‍ ഒന്നാം പ്രതിയും അദ്ദേഹം രണ്ടാം പ്രതിയുമായിട്ടാണു മാര്‍ക്‌സിറ്റുകാര്‍ സുപ്രിംകോടതിയില്‍ നടത്തിയത്. ഭഗവാന്റെ നിശ്ചയമാണ് ഞാനും അദ്ദേഹവും ഒരുമിച്ച് കോടതിയലക്ഷ്യ കേസില്‍ പ്രതികളായത്. ഇത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഒന്നൂടി ഉയര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ അജന്‍ഡ ബി.ജെ.പിയുടെ കൈകളില്‍ എത്തിയിരിക്കുന്നു. ബി.ജെ.പിയുടെ ചരിത്രത്തില്‍ വീണുകിട്ടിയ, ലഭിച്ച ഏറ്റവും വലിയ ഗോള്‍ഡന്‍ ഓപ്പര്‍ച്യൂണിറ്റിയായി ഞാന്‍ ഇതിനെ കാണുകയാണ് '.
(തയ്യാറാക്കിയത്: ടി.കെ ജോഷി)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."