ക്ഷീരമേഖലയുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി കെ. രാജു
പാലക്കാട്: അനേകം ആളുകള്‍ക്ക് ജീവനോപാധിയായ ക്ഷീരമേഖലയുടെ സംരക്ഷണത്തിന് സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും പ്രതിജ്ഞാബദ്ധരാണെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. ക്ഷീരവികസന വകുപ്പ് മീനാക്ഷിപുരത്ത് വാണിജ്യനികുതി ചെക്ക്‌പോസ്റ്റിന് സമീപം സംസ്ഥാനത്ത് ആദ്യമായി തുടങ്ങുന്ന സ്ഥിരം പാല്‍ പരിശോധനാ ലബോറട്ടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ അതിനുള്ള എല്ലാ സഹായങ്ങളും നല്‍കിവരുന്നുണ്ട്. കര്‍ഷകരുടെ അധ്വാനത്തിന് അനുസരിച്ചുള്ള ആദായം ലഭ്യമാക്കാന്‍ സര്‍ക്കാരിന്റെ കൈത്താങ്ങ് എപ്പോഴുമുണ്ടാകും.
മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കേരളത്തില്‍ ആവശ്യമുള്ള പാലിന്റെ എഴുപത് ശതമാനം മാത്രമാണ് തദ്ദേശീയമായി ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം വര്‍ധനവ് പാലുത്പാദനത്തിലുണ്ടായി. സംസ്ഥാനത്ത് ഏറ്റവുമധികം പാലുത്പാദനമുള്ള ജില്ല പാലക്കാടാണ്. ബ്ലോക്ക് ചിറ്റൂരും. അധികരിച്ചുണ്ടാകുന്ന പാല്‍ എന്തുചെയ്യണമെന്ന് ചിന്തിക്കേണ്ട സമയമായി. ഉത്പാദിപ്പിക്കപ്പെടുന്ന പാലിന്റെ വിപണി ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്. ഉദ്യോഗസ്ഥര്‍ അതില്‍ ശ്രദ്ധാലുക്കളായിരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. പാലുത്പാദനം എത്ര കൂടിയാലും പാലിന്റെ ആവശ്യകത ഒട്ടുംതന്നെ കുറയുന്നില്ല. മറ്റു കാര്‍ഷികോത്പന്നങ്ങളുടെയും നാണ്യവിളകളുടെയും വില വ്യതിയാനപ്പെടുമ്പോള്‍ പാലിന്റെ വില മാത്രം കുറയുന്നില്ല.
എടു പാലും വിദേശരാജ്യങ്ങളില്‍നിന്നുള്ള പാലും ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം തടയാന്‍ ക്ഷീരകര്‍ഷകരുടെ പ്രതികരിക്കണം ആവശ്യമാണ്. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെട്ട കേന്ദ്ര വകുപ്പിനും പ്രധാനമന്ത്രിക്കും കത്തയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ക്ഷീരമേഖലയ്ക്കായി 107 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നതെന്നും മന്ത്രി കെ. രാജു കൂട്ടിച്ചേര്‍ത്തു.
കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, ചിറ്റൂര്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് മാധുരി പത്മനാഭന്‍, ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത ടീച്ചര്‍, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരിമുത്തു, ജില്ലാപഞ്ചായത്ത് അംഗം കെ. മുരുകദാസ്, വാണിജ്യനികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ. സുരേഷ്, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എം. ജോര്‍ജ് വര്‍ഗീസ്, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ജോര്‍ജ്കുട്ടി ജേക്കബ്, ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. സുരേഷ്‌കുമാര്‍, മലബാര്‍ മേഖലാ ക്ഷീരോത്പാദന യൂണിയന്‍ അംഗങ്ങള്‍, വിവിധ ക്ഷീരസംഘം പ്രതിനിധികള്‍ പങ്കെടുത്തു.
ചെക്ക്‌പോസ്റ്റിലെ സ്ഥിരം ലബോറട്ടറിയില്‍ പാലിന്റെ കൊഴുപ്പ്, കൊഴുപ്പിതര ഘടകങ്ങള്‍, അമ്ലത, മായംചേര്‍ക്കല്‍ എന്നിവയും ബൈകാര്‍ബണേറ്റ്, കാര്‍ബണേറ്റ്, ഫോര്‍മാലിന്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്നിവയുടെ സാന്നിധ്യവും പരിശോധിച്ച് കണ്ടെത്തും. പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പാല്‍ മാത്രമേ കേരളത്തിലേക്ക് കടത്തിവിടുകയുള്ളൂ. പാലിലെ വെള്ളത്തിന്റെ അളവ് 22 ശതമാനത്തില്‍ കൂടുതലാണെങ്കിലും ആകെയുള്ള കൊഴുപ്പിന്റെ അളവ് 12 ശതമാനത്തില്‍ കുറവാണെങ്കിലും ഗുണനിലവാരമില്ലാത്ത പാലായി കണക്കാക്കും. ദിവസേന മൂന്ന് ഷിഫ്ടുകളിലായി ഉദ്യോഗസ്ഥരെ വിന്യസിച്ചാണ് ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."