HOME
DETAILS

പരിദേവനങ്ങളുടെ തീര്‍ഥയാത്ര

  
backup
September 29 2019 | 01:09 AM

paridhevanangalude-yathra-778

 

സാഹിത്യത്തില്‍ എന്നും പലായനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പല മഹത്തായ കൃതികളിലും അത് വായനക്കാര്‍ക്ക് തൊട്ടറിയാം. മനുഷ്യ ജീവിതത്തില്‍ പറിച്ചെറിയപ്പെടുന്നതിന്റെ നോവുകള്‍ അഭിമുഖീകരിക്കുകയെന്നത് അനുഭവിച്ച് മാത്രം അറിയേണ്ടുന്ന കാര്യമാണ്. ഇന്നലെവരെ സ്വന്തമെന്ന് അഭിമാനിച്ച, ഒരിക്കലും കൈവിട്ടുപോകില്ലെന്ന് വ്യാമോഹിച്ച മണ്ണും മരങ്ങളും വാസസ്ഥലവുമെല്ലാം ഉപേക്ഷിക്കേണ്ടിവരുന്നത് ആര്‍ക്കാണ് താങ്ങാനാവുക.
ചരിത്രത്തില്‍ പലായനം എന്നും നോവ് ഘനീഭവിച്ച ഒന്നാണ്. മാതൃരാജ്യം നഷ്ടമായ എത്ര ജനതയാണ് ചരിത്രത്താളുകളില്‍ അങ്ങോളമിങ്ങോളം അനാഥരായി അലഞ്ഞത്. ജൂതരാഷ്ട്രത്താല്‍ അനാഥരാക്കപ്പെട്ട ഫലസ്തീന്‍ ജനതയുടെ കണ്ണുനീരും മ്യാന്‍മര്‍ സര്‍ക്കാര്‍ ആട്ടിയകറ്റിയ റോഹിംഗ്യകളുമെല്ലാം ആധുനിക കാലത്തെ ഭൂമിയില്ലാത്തവരുടെ പ്രതിനിധികളാവുമ്പോള്‍ 1948ല്‍ ഇസ്‌റാഈല്‍ എന്ന രാജ്യം ഉണ്ടാവുന്നതിന് മുന്‍പ് ജൂത ജനതയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. ചരിത്രത്തില്‍ തിക്തമായ അനുഭവങ്ങള്‍ നേരിട്ടവര്‍ അത് ആവര്‍ത്തിക്കുന്നുവെന്നത് വിരോധാഭാസം തന്നെ. ഉദാഹരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താവുന്നതല്ല.

ബല്‍ക്ക വിടുന്ന നൊമ്പരം

ജലാലുദ്ദീന്‍ റൂമിയുടെ ജീവിതം ഇതിവൃത്തമാവുന്നതും അടുത്തിടെ ഇറങ്ങിയതുമായ 'റൂമി ഉന്മാദിയുടെ പുല്ലാങ്കുഴല്‍' എന്ന കൃതിയുടെ താളുകള്‍ മറിക്കുമ്പോള്‍ പലായനത്തിന്റെ നോവ് വായനക്കാരിലേക്ക് പുഴയായി ഒഴുകിനിറയും. റൂമിയുടെ ജന്മഗ്രാമമായ ബല്‍ക്കയില്‍നിന്നുള്ള പലായനകാലം മുതല്‍ ഖോനിയ (തുര്‍ക്കി) യിലെ ഖബറിടത്തോളം ചെന്നെത്തുന്ന ആ ജീവിതം തന്നെയാണ് ഈ കൃതിയില്‍ പ്രമുഖ സൂഫി ചിന്തകനും എഴുത്തുകാരനുമായ ഇ.എം ഹാഷിം മിഴിവോടെ വിവരിക്കുന്നത്. മലയാള സാഹിത്യ ഭൂപടത്തില്‍ പ്രകാശമില്ലാത്ത നക്ഷത്രങ്ങളുടെ പിത്തലാട്ടങ്ങള്‍ അരങ്ങുതകര്‍ക്കുന്ന വര്‍ത്തമാനകാലത്താണ് എഴുത്തില്‍ ഭാഷയുടെ മനോഹാരിത ആവോളം അനുഭവിക്കാവുന്ന ഈ കൃതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കാവ്യഭംഗിയില്‍ ഒരു നോവല്‍

ഇ.എം ഹാഷിം എന്ന എഴുത്തുകാരനെ അത്ര പരിചിതമല്ലാത്തവര്‍പോലും അതിമനോഹരമായ ആ ഭാഷക്ക് മുന്നില്‍ നമിക്കുമെന്ന് തീര്‍ച്ച. ഒരു സങ്കീര്‍ത്തനംപോലെ എഴുതിയ കൃതിയെന്ന് അതിനെ ചുരുക്കാം. ഓരോ വരിയിലും കവിത തുളുമ്പുന്നതാണ് ഹാഷിമിന്റെ ഭാഷ. മലയാള സാഹിത്യത്തില്‍ പ്രത്യേകിച്ചും നോവലില്‍ അടുത്തിടെ ഇറങ്ങിയ ചില പ്രമുഖ കൃതികള്‍പോലും എഴുത്തുകാരന്റെ വലിപ്പത്തരങ്ങള്‍ക്ക് ചുറ്റും മാത്രം ഭ്രമണംചെയ്യുന്ന അവസ്ഥയിലാണ് ഇതെന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്.
റൂമിയും ഉമര്‍ഖയ്യാമും പകര്‍ന്നുവച്ച കവിതയുടെ വീഞ്ഞിന് ഇന്നും വീര്യം കൂടിക്കൂടി വരുകയാണ്. വീഞ്ഞെന്ന പാനീയത്തിന് പഴകും തോറുമാണല്ലോ വീര്യം ഏറിവരിക. വീഞ്ഞിനെക്കാള്‍ വീര്യമുള്ള വരികളായതിനാലാവണം റൂമിയും ഖയ്യാമുമെല്ലാം ലോകം മുഴുവന്‍ ഇന്നും അടുത്തിടെ ഇറങ്ങിയ ഒരു പുസ്തകംപോലെ വായിക്കപ്പെടുന്നതും ആഘോഷിക്കപ്പെടുന്നതും. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച ഒരു മനുഷ്യന്‍ ഇന്നും സാഹിത്യത്തിന്റെ അത്യുന്നതങ്ങളില്‍ വരികളില്‍ പുതിയ അര്‍ഥതലങ്ങളുമായി നിലകൊള്ളുന്നുവെന്നത് വിസ്മയിപ്പിക്കുന്ന കാര്യമാണ്.
ആംഗലേയ സാഹിത്യത്തിനും അതുപോലുള്ള യൂറോപ്യന്‍ കൃതികള്‍ക്കുമെല്ലാം ലോകം മുഴുവന്‍ വായനക്കാരെ സൃഷ്ടിക്കുന്നതില്‍ കോളനിവത്കരണം ഉള്‍പ്പെടെയുള്ളവ നിമിത്തമായെങ്കില്‍ ഏഷ്യാ വന്‍കരയുടെ ഭാഗമായ അഫ്ഗാനിസ്ഥാനും ഇറാനും തുര്‍ക്കിയുമെല്ലാം പ്രകൃതിവര്‍ണനകളായും ജീവിതക്കാഴ്ചകളായും നിറയുന്ന റൂമിയുടെ കവിതകള്‍ കാലദേശങ്ങള്‍ക്ക് അതീതമായി വ്യാപിച്ചുവെന്ന് മാത്രമല്ല സജീവമായി ചര്‍ച്ചചെയ്യപ്പെടുന്നുവെന്നതും വായന ഇഷ്ടപ്പെടുന്ന ഏതൊരാളായും സന്തോഷിപ്പിക്കും.
വഴിമാറി സഞ്ചരിക്കാനോ, തുടരുന്ന ജീവിതത്തിന്റെ ഒഴുക്കില്‍നിന്ന് ഒന്ന് പിടഞ്ഞുമാറി രക്ഷപ്പെടാനോ ശ്രമിക്കുന്നവരുടെ ഹൃദയങ്ങളിലെല്ലാം പുറപ്പെട്ടുപോകാനുള്ള അധമ്യമായ ആഗ്രഹം ഒളിഞ്ഞിരിപ്പുണ്ട്. ആ പുറപ്പാടുകള്‍ പലപ്പോഴും ക്രിയാത്മകമായി മാറുന്നതിനും നിരവധി ഉദാഹരണങ്ങളുണ്ട്. റൂമിയുടെ ജീവിതത്തിലും അഫ്ഗാനിസ്ഥാനില്‍നിന്നുള്ള പുറപ്പാട് എഴുത്തുകാരനെ പുതുക്കികൊണ്ടിരിക്കുന്നതിന് കുറച്ചൊന്നുമല്ല സഹായകമായിരിക്കുന്നത്.

ചരിത്രത്തോടൊപ്പമുള്ള സഞ്ചാരം

പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭ ദശകങ്ങളെ ബാധിച്ച മഹാമാരിയായി വേണമെങ്കില്‍ ചെങ്കിസ്ഖാന്റെ ആക്രമണത്തെ വായിക്കാവുന്നതാണ്. ചെന്നെത്തിയ നാടും നഗരവും ജനപഥങ്ങളുമെല്ലാം തനിക്ക് വിലപ്പെട്ടതെന്ന് തോന്നിയവയെ ഭാണ്ഡത്തിലൊതുക്കി ചുട്ടെരിച്ച് ആരാലും പ്രതിരോധിക്കാനില്ലാതെ മുന്നേറിയ മംഗോള്‍ അക്രമകാരിയാല്‍ ആ കാലത്ത് ലക്ഷോപലക്ഷം മനുഷ്യരാണ് കളകളെന്നപോലെ വിദൂരതകളിലേക്ക് വലിച്ചെറിയപ്പെട്ടതും ചവച്ചരച്ച് നാമാവശേഷമാക്കിയതും.
ബല്‍ക്കയിലെ ചോളവും ഗോതമ്പും വിളയുന്ന കൃഷിയിടങ്ങളുമെല്ലാം ജലാലുദ്ദീന്റെ കുടുംബത്തിന് പൈതൃകമായി സിദ്ധിച്ചതായിരുന്നു. പ്രമാണികളായി നാടുവാണിരുന്ന ആ കാലഘട്ടത്തില്‍ സ്വന്തം കിടപ്പാടംപോലും ഉപേക്ഷിച്ച് ഒരു പലായനം സംഭവിക്കുമെന്ന് ജലാലുദ്ദീനോ, പിതാവ് ബഹാവുദ്ദീന്‍ വാലദോ സ്വപ്‌നേപി വിചാരിച്ചതല്ല. നാടിളക്കിയെത്തുന്ന മംഗോള്‍ പടയില്‍നിന്ന് പ്രാണനും കൊണ്ട് നെട്ടോട്ടമോടുന്നവരുടെ കഥകളായിരുന്നു നാട്ടില്‍ ദിനേന എത്തിക്കൊണ്ടിരുന്ന വാര്‍ത്തകള്‍.
പിറന്നമണ്ണില്‍ ചെങ്കിസ്ഖാന്റെ പടയുടെ വാളുകള്‍ക്ക് ഇരയാകണമോ, വീടുപേക്ഷിച്ച് പോകണമെന്നോയുള്ള രണ്ട് ചോദ്യങ്ങളായിരുന്നു ആ കുടുംബത്തിന് മുന്നിലും ഉയര്‍ന്നുനിന്നത്.

'ജലാലുദ്ദീന്‍ സന്ധ്യയില്‍ അമരുന്ന ബല്‍ക്കയെ നോക്കി.
പിറകില്‍ ജനിച്ചുവളര്‍ന്ന തറവാട്. കളിച്ചുനടന്ന പരിസരം. കണ്ണെത്താദൂരത്തോളമുള്ള ഭൂമിയില്‍ തോടുകളും ആല്‍മരങ്ങളും ആടുമാടുകളും കഴുതകളും. അകലെ കാണുന്ന വയലുകളില്‍ ഗോതമ്പും ചോളവും നിറഞ്ഞുകവിയാറുണ്ട്. അതില്‍ ഭൂരിഭാഗവും പൗരാണികമായി ജലാലുദ്ദീന്റെ കുടുംബസ്വത്താണ്...'

ബല്‍ക്കി റൂമിയായത്

ഹാഷിം തന്റെ കൃതി ആരംഭിക്കുന്നത് തന്നെ പലായനത്തില്‍നിന്നാണെന്ന് കാണാം. ഗ്രാമവാസികള്‍ ആക്രമണ ഭീതിയില്‍ കിട്ടിയതെടുത്ത് തിരിഞ്ഞുനോക്കാന്‍പോലും ഭയന്ന് ജന്മഗ്രാമങ്ങളുടെ അതിര്‍ത്തികളില്‍നിന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെടാന്‍ തത്രപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. ചിങ്കിസ്ഖാന്‍ നാട് ഉഴുതുമറിക്കാന്‍ എത്തുന്ന കാലത്ത് മഹത്തായ റോമാ സാമ്രാജ്യത്തിന്റെ കിഴക്കന്‍ അതിരിലുള്ള പ്രദേശങ്ങളില്‍ ഒന്നായിരുന്നു ബല്‍ക്ക. റോം എന്നതിന്റെ പ്രാദേശിക ഭാഷാന്തരണമാണ് റൂമി എന്നത് കൂടി ഓര്‍ക്കുക. റോമാ സാമ്രാജ്യത്തിന്റെ പ്രജയെന്ന അര്‍ഥത്തിലാവണം ജലാലുദ്ദീന്‍ പലായന നാളുകളില്‍ തന്റെ മുഹമ്മദ് ജലാലുദ്ദീന്‍ ബല്‍ക്കിയെന്ന തന്റെ പേര് ജലാലുദ്ദീന്‍ റൂമിയെന്ന് പുതുക്കിയത്.
നാടുവിട്ടേ മതിയാവൂവെന്ന ഘട്ടത്തില്‍ വാലദിനെയും മകന്‍ ജലാലുദ്ദീനെയും ധര്‍മസങ്കടത്തിലാക്കുന്നത് തങ്ങളുടെ അതിബൃഹത്തായ പുസ്തശേഖരത്തില്‍നിന്ന് ഏതിനെയാണ് കൂടെ കൂട്ടേണ്ടതെന്നതാണ്. പണ്ഡിതനും നാട്ടുപ്രമാണിയും മദ്‌റസ അധ്യാപകനുമാണ് പിതാവായ ബഹാഉദ്ദീന്‍ വാലദ്. തനിക്ക് പ്രിയപ്പെട്ട പുസ്തകങ്ങള്‍ക്കൊപ്പം സ്വന്തം വരികളുടെ പകര്‍പ്പുകളും റൂമി നിധിപോലെ ഭാണ്ഡങ്ങളിലേക്ക് മാറ്റുന്നു.

നോവറിഞ്ഞ യാത്ര

'അഞ്ചാറ് കഴുതകള്‍ മുറ്റത്ത് നില്‍പ്പുണ്ട്. പുസ്തകങ്ങളും പാത്രങ്ങളും നിറച്ച പെട്ടികളും തുണിക്കെട്ടുകളും പേറി അവ ഒപ്പംവരും. പ്രശസ്ത ഗ്രന്ഥങ്ങളാണ് പേറുന്നതെന്ന് അവയ്ക്കറിയില്ല. ഭാരങ്ങളാണ് പുറത്തുള്ളതെന്ന് മാത്രമറിയാം...'
പലായനം നിശ്ചയിക്കപ്പെട്ട ദിനത്തിലായിരുന്നു മദ്‌റസയിലെ സഹപാഠിയും പ്രണയിനിയുമായ അഫ്രീനും കുടുംബവും ഒന്നിച്ച് യാത്രക്കായി എത്തുന്നത്. അഫ്രീന്റെ പിതാവ് ദലിറും മാതാവുമൊത്താണ് റൂമിയും കുടുംബവും ഗ്രാമം ഉപേക്ഷിച്ച് അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ പലായനം ആരംഭിക്കുന്നത്.
'നീണ്ട വരിയായിരുന്നു അത്. ഒരു ഒട്ടകവും കുറേ കഴുതകളും നാലഞ്ചു പശുക്കളും കുറച്ച് ആടുകളും. സ്ത്രീപുരുഷന്മാരുടെയും കുട്ടികളുടെയും സംഘവും. ഓരോ കുടുംബവും ചെറുകൂട്ടമായി വാഹക സംഘത്തില്‍ ചേര്‍ന്നു...'
രാവിലെ ആരംഭിച്ച പ്രയാണം സന്ധ്യയോടെ കുഷ്‌ക്ക എന്ന പ്രദേശത്ത് എത്തുന്നു. ഹാഷിം എഴുതുന്നു
'സന്ധ്യയായപ്പോള്‍ ജലാലുദ്ദീന്‍ ഈണത്തില്‍ ബാങ്കുവിളിച്ചു. അയാളുടെ ശബ്ദം പള്ളിക്കു ചുറ്റും മുഴങ്ങി. അല്‍പ സമയം കാത്തുനിന്നിട്ടും ആരും പ്രാര്‍ഥനക്ക് വന്നില്ല...'
ഈ വരികളിലും നോവ് മുട്ടിയുരുമ്മുന്നത് വായനക്കാര്‍ അനുഭവിക്കും.

പ്രണയവും വിരഹവും

അഫ്രീനും കുടുംബവും വഴി പിരിയുന്ന ഭാഗമെത്തുമ്പോള്‍ റൂമിയുടെ ഉത്കണ്ഠകളും സങ്കടങ്ങളും വായനക്കാരില്‍ അതേ തീവ്രതയോടെ നിറയുന്നു.
'കവിതകളില്‍ പ്രണയനുരയുണ്ടാക്കി വായനക്കാര്‍ക്ക് രസരുചി നല്‍കുന്ന കവി എന്തേ സ്വന്തം കാമുകിയെ വിട്ടുകൊടുത്തു? പക്ഷേ ചോദിക്കാനുള്ള ധൈര്യമില്ലാതെപോയി. മദ്‌റസയില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ തന്റെ കണ്ണുകള്‍ ജലാലുദ്ദീനു ചുറ്റും കറങ്ങും. യുവകവികള്‍ക്കൊപ്പം നടന്നുപോകുമ്പോള്‍ മറ്റാരെയും കാണാറില്ല, അയാളെയല്ലാതെ. കവി സദസിലിരിക്കുമ്പോള്‍ മറ്റൊരു ശബ്ദവും കേള്‍ക്കാറില്ല, ജലാലുദ്ദീന്റെതല്ലാതെ. കവിതകളില്‍ മറ്റൊന്നും വായിക്കാറില്ല, ജലാലുദ്ദീന്‍ ബല്‍ക്കിയുടേതല്ലാതെ. ജീവനാണ് നല്‍കിയത്. പകരം ലഭ്യമായത് വേദനയും...'
അഫ്രീന്റെ ആത്മഗതങ്ങളില്‍ നിറയുന്നത് പത്തോ, പന്ത്രണ്ടോ വയസുള്ള കുട്ടിയുടെ മനമല്ലെന്ന് നാം അറിയുന്നു.
ദര്‍ദ്മാന്‍ ബറായി ദര്‍ദ് ബാ ദര്‍ദ് അസ്ത് (വേദനയെ ശമിപ്പിക്കുന്നത് അതിനകത്തുതന്നെയുള്ള മറ്റൊരു വേദനയാണ്) എന്ന വരികള്‍ എഴുതാന്‍ റൂമിക്ക് പ്രേരണയായത് ആ വേര്‍പ്പിരിയലായിരുന്നു.

മഹാനായ സൂഫി കവി ബയാസിദ് ബിസ്തമിയുടെ ഗ്രന്ഥത്തിലെ വരികള്‍ റൂമിയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.
മൗനമെന്ന വെളിച്ചത്തെക്കാള്‍
പ്രഭയുള്ള മറ്റൊരു പ്രകാശം
ഞാന്‍ ഇതുവരെ ദര്‍ശിച്ചിട്ടില്ല
റൂമിക്ക് സമ്മാനമായി കിട്ടിയതായിരുന്നു ആ പുസ്തകം.

യാത്രക്കിടയിലായിരുന്നു മൈലാഞ്ചിച്ചെടികള്‍ നിറഞ്ഞ മഹാനായ എഴുത്തുകാരന്‍ അത്താറി (അബു ഹമീദ് ബിന്‍ അബൂബക്കര്‍ ഇബ്രാഹീം) റിന്റെ വീട്ടിലേക്ക് അച്ഛനും മകനും എത്തുന്നത്. മധ്യ അനത്തോളന്‍ പ്രവിശ്യയിലെ അധീനതയിലുള്ള പ്രദേശമായ അക്ശഹറിലും സമീപ പ്രദേശമായ കരാമന്നിലുമായി ഏഴു വര്‍ഷത്തോളം ജലാലുദ്ദീനും കുടുംബവും കഴിയുന്നുണ്ട്. ഈ കാലഘട്ടമായിരുന്നു റൂമിയെന്ന നാമത്തിലേക്കുള്ള മാറ്റത്തിന് കാരണമായത്.

വിടവാങ്ങലുകളുടെ ഒടുക്കം

ഖാത്തമിന്റെ മരണം ഏറെ വേദനിപ്പിക്കുന്നതായിരുന്നു. പ്രശസ്തനായ ഭര്‍ത്താവിനും അതിനേക്കാള്‍ പ്രശസ്തനായി വളര്‍ന്നുവരുന്ന മകനുമിടയില്‍ കെട്ടിയിടപ്പെട്ട ജീവിതമായിരുന്നു ഖാത്തമിന്റേത്. ഉമ്മയുടെ മരണത്തിന്റെ തിണര്‍പ്പുകള്‍ക്ക് കുറേയെങ്കിലും പരിഹാരമാവുന്നത് നിലാവിന്റെ കുളിരുമായി ഗൗഹര്‍ റൂമിയുടെ ജീവിതത്തിലേക്ക് എത്തുന്നതോടെയാണ്. സുല്‍ത്താന്‍ വാലദ്, അലാവുദ്ദീന്‍ എന്നീ രണ്ടു മക്കളെയും റൂമിക്കായി നല്‍കിയായിരുന്നു ആ സ്ത്രീ അകാലത്തില്‍ പൊലിയുന്നത്. ക്രിസ്തുമതത്തില്‍ വളര്‍ന്ന് ഇസ്‌ലാമിലേക്ക് എത്തിയ ഖിറയായിരുന്നു രണ്ടാമത് റൂമിയിലേക്ക് എത്തിയ സ്ത്രീ. ആമിര്‍ ആലം എന്ന മൂന്നാമത്തെ പുത്രനെ നല്‍കിയ ഖിറക്ക് കിമിയ എന്ന ഒരു ദത്തുപുത്രികൂടിയുണ്ടായിരുന്നു.
കിമയയോട് റൂമി ചെയ്തത് റൂമിയുടെ ജീവിതം വായിച്ചെടുക്കുന്ന ആര്‍ക്കും പൊറുക്കാനാവാത്ത തെറ്റായിരുന്നു. സ്വന്തം പുത്രിയായ മലേഖാ ഖാത്തുമിനെ വൃദ്ധനായ ഗുരു തബ്‌റീസിന് നല്‍കാതെ കിമിയയെന്ന അനാഥപെണ്‍കുട്ടിയുടെ ജീവിതം എന്തിന് മഹാനായ കവി തച്ചുടച്ചൂവെന്നത് പ്രസക്തമാവുന്നു. റൂമിയുടെ ഒരു പിതാവെന്ന സ്വര്‍ഥത ആര്‍ക്കും അംഗീകരിക്കാനാവില്ല. ദുനിയാവുമായി യാതൊരു ബന്ധവും ആഗ്രഹിക്കാത്ത ഒരു സൂഫിക്ക് കിമിയയുടെ സ്വപ്നങ്ങളില്‍ പുരട്ടാന്‍ അത്തറേ ഉണ്ടായിരുന്നില്ല. അവള്‍ ഹൃദയം പൊട്ടിജീവിച്ച് മരിക്കുന്നത് എങ്ങനെ നീതീകരിക്കാനാവും. അലാവുദ്ധീന് അവളോട് വല്ലാത്തൊരു ഇഷ്ടം നിലനിന്നിരുന്നു. അവളുടെ മരണത്തിന് ശേഷം ആ ജീവിതവും അധികം നീണ്ടില്ല.
റൂമിയുടെ ജീവിതവുമായി അഭേദ്യമായ ബന്ധമുള്ള സ്വര്‍ണപണിക്കാരന്‍ സലാഹുദ്ദീനും (ഇദ്ദേഹത്തിന്റെ കടയും കൂടിയിരുന്ന ജനങ്ങളുമായിരുന്നു സലാഹുദ്ദീന്റെ കൊട്ടിനനുസരിച്ച് റൂമിയെ ഉന്മാദനൃത്തത്തിലേക്ക് നയിച്ചത്).
റൂമിയുടെ ലോക പ്രശസ്തമായ കാവ്യഗ്രന്ഥമായ മസ്‌നവി പൂര്‍ത്തീകരിക്കുന്നതില്‍ നിര്‍ണായകമായ ചിലബിയെക്കുറിച്ചും നോവലില്‍ വരച്ചിടുന്നുണ്ട്. റൂമി അവസാനമായി എഴുതിയ വരികള്‍ നോവലില്‍ ഉദ്ധരിക്കുന്നുണ്ട്:
എനിക്കുവേണ്ടി കരയരുത്
ഹാ, കഷ്ടം എന്നാര്‍ത്തുലയ്ക്കരുത്
എന്നെ നിങ്ങള്‍ മണ്ണില്‍ അടക്കുമ്പോള്‍
യാത്രാമൊഴി ചൊല്ലരുത്
മരണം എനിക്ക് പരലോകത്തെ
കൂടിച്ചേരല്‍ മാത്രം
-റൂമി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago