ബസ് സ്റ്റാന്‍ഡിനുള്ളിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കല്‍ ഇന്ന്
പാലക്കാട്: നഗരസഭാ സ്റ്റാന്‍ഡിനകത്തെ അനധികൃത കയ്യേറ്റങ്ങള്‍ ഇന്ന് ഒഴിപ്പിക്കും. ഇതിന്റെ ഭാഗമായി ഇന്നലെ സ്റ്റേഡിയം സ്റ്റാന്‍ഡിലെത്തിയ ജെ.സി.ബി വാഹനവുമായെത്തിയവരിലൊരാള്ക്ക് ഇരുമ്പ് പോസ്റ്റ് തലയില്‍ വീണ് ഗുരുതരമായി പരുക്കേറ്റിരുന്നു. സ്റ്റാന്‍ഡിനകത്തേക്ക് കയറുന്നതിനടുത്ത് വലതുവശത്തായി സ്ഥാപിച്ചിട്ടുളള സിമന്റ് തൂണുകളില്‍ പരസ്യബോര്‍ഡിന്റെ ഇരുമ്പ് പൈപ്പുകള്‍ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതേ തുടര്‍ന്ന് പൊളിച്ചുമാറ്റല്‍ നിര്‍ത്തിവെച്ച് സംഘം മടങ്ങുകയായിരുന്നു. എന്നാല്‍ ഇന്ന് നഗരസഭാ അധികൃതരോടൊപ്പം ചേര്‍ന്ന് അനധികൃത കയ്യേറ്റം ഒഴിപ്പിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നതെങ്കിലും ഇവിടുത്തെ വ്യാപാരികള്‍ ഒഴിപ്പിക്കലിനെ തടയുമെന്നാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ഒരോ സ്ഥാപനത്തിനു മുന്നിലും നാലടിയോളം ഇറക്കി സാധന സാമഗ്രികള്‍ വെക്കാന്‍ നഗരസഭയിലെ മുന്‍ ഭരണസമിതി അനുമതി നല്‍കിയിരുന്നുവെങ്കിലും ചില കടക്കാര് ഇതില്‍ കൂടുതല്‍ നടപ്പാത കയ്യേറി വ്യാപാരം നടത്തുന്നുണ്ട്. പലപ്പോഴും ഇതിനെതിരേ നഗരസഭ നടപടിക്കൊരുങ്ങിയെങ്കിലും ഒഴിപ്പിക്കല്‍ നീണ്ടുപോകുകയായിരുന്നു. എന്നാല്‍ സ്റ്റാന്‍ഡിനു മുന്നിലെ നടപ്പാത കയ്യേറിയുള്ള വ്യാപാരവും അനധികൃത ഓട്ടോ സ്റ്റാന്‍ഡും സ്റ്റാന്‍ഡിനകത്തെ വാഹന പാര്‍ക്കിങ് ഏരിയയിലെ അനധികൃത വ്യാപാര സ്ഥാപനങ്ങളും ഒഴിപ്പിക്കാതെ പൊളിച്ചുമാറ്റലുമായി സഹകരിക്കില്ലെന്നാണ് നിലപാടിലാണ് വ്യാപാരികള്‍.
ലക്ഷക്കണക്കിന് രൂപ അഡ്വാന്‍സും ഭീമമായ തുക വാടകയും നല്കി വ്യാപാരം നടത്തുന്നവര്‍ക്ക് ഇത്തരം അനധികൃത കച്ചവടങ്ങള്‍ ഭീഷണിയാകുന്നതിനെതിരേ വ്യാപാരികളുടെ പ്രതിഷേധം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."