കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ ലഷ്കര്‍ കമാന്‍ഡര്‍ ജുനൈദ് മാട്ടു അടക്കം രണ്ടു ഭീകരരെ വധിച്ചു
ശ്രീനഗര്‍: ലഷ്കറെ ത്വയ്ബ കമാന്‍ഡര്‍ ജുനൈദ് മാട്ടു അടക്കമുള്ള രണ്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ദക്ഷിണ കശ്മിരിലെ കുല്‍ഗാമിലാണ് ഇന്നലെ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. സംഭവത്തില്‍ ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്.
ഭീകരര്‍ താമസിക്കുന്നതായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംയുക്തസൈന്യം കുല്‍ഗാമിലെ അര്‍വാനി ഗ്രാമത്തിലുള്ള രണ്ടു വീടുകള്‍ വളയുകയായിരുന്നു. വീടിന്റെ എല്ലാ ഭാഗത്തും സൈന്യം നിലയുറപ്പിച്ചതോടെ ഭീകരര്‍ വീടിനകത്തു നിന്ന് വെടിയുതിര്‍ത്തു. തുടര്‍ന്ന് സൈന്യം നടത്തിയ തിരിച്ചടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഗ്രാമീണനായ മുഹമ്മദ് അശ്റഫ്(22) ആണ് സംഭവത്തില്‍ കൊല്ലപ്പെട്ട മറ്റൊരാള്‍. സമീപത്തുണ്ടായിരുന്ന അശ്റഫിന്റെ ശരീരത്തില്‍ ബുള്ളറ്റുകള്‍ പതിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അതിനു കൂട്ടാക്കാതെ ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചതായി സി.ആര്.പി.എഫ് ഡി.ഐ.ജി എം. ദിനകരന് അറിയിച്ചു. വന്‍ സ്ഫോടക ശേഷിയുള്ള തോക്കുകള്‍ ഉപയോഗിച്ചാണ് സൈന്യം വീടിനു നേരെ ആക്രമണം നടത്തിയത്.ഭീകരരെ രക്ഷിക്കാനായി സൈന്യത്തിനുനേരെ നാട്ടുകാര്‍ നിറയൊഴിച്ചതായി സൈനികവൃത്തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."