വൈദ്യുതി ലൈനില്‍ വീണ മരം വെട്ടിമാറ്റുന്നതിനിടെ ആറു തൂണുകള്‍ കൂടി തകര്‍ന്നു
നിലമ്പൂര്‍: അകമ്പാടം നിലമ്പൂര്‍ റോഡില്‍ മണ്ണുപ്പാടത്ത് വൈദ്യുതി ലൈനിലേക്ക് ചാഞ്ഞു വീണ മരം വെട്ടി മാറ്റുന്നതിനിടെ ആറ് വൈദ്യുതി തൂണുകള്‍ കൂടി ഒടിഞ്ഞുവീണു. തൂണുകളിലൊന്ന് ദേഹത്ത് വീണ് ബൈക്ക് യാത്രികന് പരുക്കേറ്റു. അകമ്പാടത്ത് ഫര്‍ണീച്ചര്‍ കട നടത്തുന്ന മൈലാടി പുരയ്ക്കല്‍ ജോസഫിനാണ് (60) പരുക്കേറ്റത്. ഇയാള്‍ക്ക് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കി. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം.
തലേദിവമുണ്ടായ കനത്ത മഴയില്‍ മണ്ണ് കുതിര്‍ന്നതിനെ തുടര്‍ന്ന് വനഭൂമിയിലെ വന്‍ മരം റോഡിനു കുറുകെ 11 കെവി വൈദ്യുത ലൈനിലേക്ക് ചായുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി അധികൃതരും, നിലമ്പൂരില്‍ നിന്നും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി. ആസൂത്രണമില്ലാതെ ചരിഞ്ഞ നില്‍ക്കുന്ന മരത്തിന്റെ അടിഭാഗം കട്ടര്‍ ഉപയോഗിച്ച് മുറിച്ചതോടെ മരത്തിന്റെ മുകളിലെ ഭാരം മുഴുവന്‍ വൈദ്യുത കമ്പിയിലേക്ക് അമര്‍ന്നു. ലൈന്‍ വലിഞ്ഞതോടെ സമീപത്തെ ആറു തൂണുകളും ഒടിഞ്ഞുവീണു. അതുവഴി വരികയായിരുന്ന ബൈക്കിനും കാറിനും പിക്കപ്പിനും മുകളില്‍ തൂണുകള്‍ ഒടിഞ്ഞുവീണു. ഇതോടെ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. പൂവാടി സിദ്ദാര്‍ഥന്റെ വീടിനു ചുറ്റും മതിലും തകര്‍ന്നു. അതേസമയം മരത്തിന്റെ മുകള്‍ ഭാഗത്തെ ഭാരം ഒഴിവാക്കാതെ അടിഭാഗം മുറിച്ചതാണ് ഇത്രയും നഷ്ടങ്ങള്‍ക്കിടയായിക്കിയത്. മരം മുറിച്ചതിനെ തുടര്‍ന്ന് ഭാരം മുഴുവനും 11 കെ.വി ലൈനിലേക്ക് വരികയായിരുന്നു. സ്‌കൂള്‍, ഓഫിസ് സമയമായതിനാല്‍ നിരവധി യാത്രകാരും പെരുവഴിയിലായി. നാട്ടുകാരും കെ.എസ്.ഇബി ഉദ്യോഗസ്ഥരും, അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് തടസങ്ങള്‍ നീക്കിയാണ് മൂന്നു മണിക്കൂറിന് ശേഷം ഗതാഗതം പുന:സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."