സ്വാമി ചിന്മയാനന്ദ് എ.സി മുറിയില്‍; ഇര ജയിലില്‍ ചികിത്സയില്ലാതെ
ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ് ജയിലിലെ എ.സി മുറിയില്‍ എല്ലാ സൗകര്യങ്ങളോടെയും കഴിയുമ്പോള്‍ സ്വാമിയുടെ പീഡനത്തിനിരയായ പെണ്‍കുട്ടി ജയിലില്‍ ചികിത്സപോലും ലഭിക്കാതെ രോഗങ്ങളുമായി മല്ലടിക്കുന്നു. ബലാത്സംഗക്കേസിലെ പ്രതി സുഖവാസം അനുഭവിക്കുമ്പോള്‍ ഇരയും പരാതിക്കാരിയുമായ തന്റെ മകള്‍ ജയിലില്‍ രോഗംമൂലം ചികിത്സലഭിക്കാതെ കഷ്ടപ്പെടുകയാണെന്ന് പിതാവിനെ ഉദ്ധരിച്ച് ടെലഗ്രാഫ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
ഈ മാസം 20നാണ് ചിന്മയാനന്ദ് അറസ്റ്റിലായത്. അറസ്റ്റിലായി ആദ്യ മൂന്നുദിവസം ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജയിലിലാണ് അയാള്‍ കഴിഞ്ഞത്. തുടര്‍ന്ന് ചിന്‍മയാനന്ദിനെ ലഖ്‌നൗവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ച ചിന്‍മയാനന്ദ് രണ്ടുദിവസം ഐ.സി.യുവില്‍ കഴിഞ്ഞതിന് ശേഷമാണ് കാര്‍ഡിയോളജി വിഭാഗത്തിലെ സ്വകാര്യ കാബിനിലേക്ക് എത്തിയത്. ആശുപത്രിയിലെ എ.സി മുറിയിലാണ് ചിന്മയാനന്ദ് കഴിയുന്നത്. ഇയാള്‍ ഇവിടെ എത്തിയിട്ട് ഇന്നേക്ക് ഏഴാംദിവസമായി. ചിന്മയാനന്ദ് സുഖം പ്രാപിക്കുന്നതുവരെ ആശുപത്രിയില്‍ കഴിയുമെന്ന് ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് അമിത് അഗര്‍വാള്‍ പറഞ്ഞു.
ചിന്മയാനന്ദിന്റെ സഹായികള്‍ അദ്ദേഹത്തെ ആശുപത്രി മുറിയില്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വന്നുകാണുന്നുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. നേരത്തെ ലഭിച്ചിരുന്ന എല്ലാ ആഡംബരങ്ങളും അത്യാധുനിക സൗകര്യങ്ങളും ചിന്മയാനന്ദിന് ആശുപത്രിയില്‍ വച്ചും ലഭിക്കുന്നുണ്ട്. ജാമ്യം ലഭിക്കുന്നതുവരെ അദ്ദേഹത്തെ ആശുപത്രിയില്‍ താമസിപ്പിക്കാനാണ് സര്‍ക്കാരും ആഗ്രഹിക്കുന്നത്. മകള്‍ക്ക് സുഖമില്ല. വ്യാഴാഴ്ച ജയിലില്‍ വച്ച് കണ്ടപ്പോള്‍ അവള്‍ അവശനിലയിലായിരുന്നു. ജയിലധികൃതര്‍ അവള്‍ക്ക് ചികിത്സ നല്‍കുന്നില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. അതേസമയം, പെണ്‍കുട്ടിക്ക് അസുഖമുണ്ടെന്ന് വിവരം ലഭിച്ചിട്ടില്ലെന്ന് ജയില്‍ സൂപ്രണ്ട് പറഞ്ഞു.
പെണ്‍കുട്ടിയെ കഴിഞ്ഞദിവസം സി.പി.എം നേതാക്കളായ വൃന്ദാ കാരാട്ടും സുഭാഷിണി അലിയും ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ബാബയെ സംരക്ഷിക്കുകയും ഏറെ സ്വാധീനമുള്ള കുറ്റവാളിയോട് പോരാടുന്ന പെണ്‍കുട്ടിയുടെ മനോവീര്യം തകര്‍ക്കാന്‍ ശ്രമിക്കുകയുമാണെന്ന് സുഭാഷിണി അലി പറഞ്ഞു. പെണ്‍കുട്ടിയെയും അവരുടെ മാതാപിതാക്കളെയും യു.പി കോണ്‍ഗ്രസ് നേതാക്കളും സന്ദര്‍ശിച്ചു.
ചിന്മയാനന്ദ് ഡയരക്ടറായ കോളജില്‍ നിയമവിദ്യാര്‍ഥിനിയായ പെണ്‍കുട്ടി, സോഷ്യല്‍മീഡിയയില്‍ പോസ്റ്റ്‌ചെയ്ത വിഡിയോയിലൂടെയാണ് അയാള്‍ക്കെതിരേ ലൈംഗികപീഡനം ആരോപിച്ചത്. പിന്നാലെ തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ചിന്മയാനന്ദ് നല്‍കിയ പരാതിയിലാണ് യുവതി അറസ്റ്റിലായത്. ചിന്മയാനന്ദിന്റെയും യുവതിയുടെയും ജാമ്യാപേക്ഷ ഇന്ന് ഷാജഹാന്‍പൂര്‍ കോടതി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."