കല്ലട്ടിക്കടവില് പാലം; അവഗണന അവസാനിപ്പിക്കണമെന്ന്
കോട്ടത്തറ: കല്ലട്ടിക്കടവ് പാലം യാഥാര്‍ഥ്യമാക്കാത്ത അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്ന് ജനതാദള്‍ (യു) കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
കോട്ടത്തറ പഞ്ചായത്തിലെ പിന്നോക്ക പ്രദേശങ്ങളിലൊന്നായ കല്ലട്ടിയെ വെണ്ണിയോട്ട്-കരിഞ്ഞകുന്ന് പ്രദേശവുമായി ബന്ധിപ്പിക്കുന്ന കല്ലട്ടിക്കടവില് പാലം നിര്‍മിക്കണമെന്നത് ദീര്‍ഘകാലത്തെ ആവശ്യമാണ്. മഴക്കാലത്ത് വെണ്ണിയോട് വലിയപുഴ കരകവിഞ്ഞൊഴുകുന്നതിനാല്‍ കല്ലട്ടി, മാടക്കുന്ന്, പൊയില്‍ പ്രദേശങ്ങള്‍ ഒറ്റപ്പെടുന്ന സ്ഥിതിയാണ്. നാട്ടുകാര്‍ മരചങ്ങാടം ഉപയോഗിച്ചാണ് സമീപപ്രദേശങ്ങളിലെത്തുന്നത്. കഴിഞ്ഞവേനലില്‍ ചങ്ങാടം മറിഞ്ഞ് സ്കൂള്‍ കുട്ടികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. എം.പി വീരേന്ദ്രകുമാര്‍ എം.പി. പാര്‍ലമെന്റ് അംഗമായിരുന്ന കാലത്ത് കല്ലട്ടിക്കടവില് പാലം നിര്‍മിക്കുന്നതിന് 24 ലക്ഷം രൂപ അനുവദിക്കുകയും എസ്റ്റിമേറ്റ് തയാറാക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. പാലത്തിന്റെ സ്ട്രക്ച്ചര്‍ ഡിസൈനിങിന് പഞ്ചായത്ത് ഭരണസമിതി ഫണ്ട് അനുവദിക്കാത്തതിനാല്‍ പ്രസ്തുത ഫണ്ട് ലാപ്സായി. തുടര്‍ന്ന് മുന്‍ എം.എല്‍.എ. എം.വി ശ്രേയാംസ് കുമാറിന്റെ ശ്രമഫലമായി യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ബജറ്റില്‍ പാലത്തിനായി പണം അനുവദിക്കുന്നതിനായി വോള്യം രണ്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. പഞ്ചായത്ത് ഭരണസമിതിയോ കല്‍പ്പറ്റ എം.എല്‍.എയോ ഇക്കാര്യത്തില്‍ യാതൊരു താല്പര്യവും കാണിക്കാത്തതില്‍ യോഗം പ്രതിഷേധിച്ചു. ടി.ജി ശങ്കരന് അധ്യക്ഷനായി. കെ.എസ് ബാബു, മധു എസ് നമ്പൂതിരി, എം.വി മണിയന്, പി.എല്‍ അനീഷ്, ശാരദാ മണിയന്, കെ. രവീന്ദ്രന്, തങ്കച്ചന് വേങ്ങച്ചേരി, ത്രേസ്യാമ്മാ ജോയി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."