ജേക്കബ് തോമസിന് വീണ്ടും നിയമനം; ഇനി സ്റ്റീല്‍ ആന്റ് മെറ്റല്‍ ഇന്‍ഡസട്രീസ് എം.ഡി
തിരുവനന്തപുരം: വിവാദച്ചുഴിയില്‍പ്പെട്ട് പുറത്താക്കപ്പെട്ട ജേക്കബ് തോമസിനെ വീണ്ടും നിയമിച്ചു. സ്റ്റീല്‍ ആന്റ് മെറ്റല്‍ ഇന്‍ഡസട്രീസ് എം.ഡി ആയാണ് പുതിയ നിയമനം.
കഴിഞ്ഞ രണ്ടു വര്‍ഷമായി സസ്‌പെന്‍ഷനിലായിരുന്നു ജേക്കബ് തോമസ്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചതിനാണ് ആദ്യം ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് അനുമതിയില്ലാതെ പുസ്തകമെഴുതി, ഡ്രഡ്ജര്‍ അഴിമതി തുടങ്ങിയ ചൂണ്ടിക്കാട്ടി സസ്‌പെന്‍ഷന്‍ കാലാവധി നീട്ടുകയായിരുന്നു.
ഡി.ജി.പി റാങ്കിലുള്ള സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെ സര്‍വിസില്‍ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, തിരിച്ചെടുക്കാന്‍ ശുപാര്‍ശ ചെയ്തുള്ള ഫയല്‍ ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസ ചീഫ് സെക്രട്ടറിക്ക് കൈമാറിയിരുന്നു.
ട്രിബ്യൂണലിന്റെ തീരുമാനമുണ്ടായിട്ടും സംസ്ഥാനം അനുകൂലമായി പ്രതികരിക്കാത്തതിനെ തുടര്‍ന്ന് ജേക്കബ് തോമസ് വീണ്ടും ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനം.
നേരത്തെ സെന്‍കുമാറിന്റെ കേസില്‍ സംഭവിച്ചതുപോലെ കോടതി ഇടപെടല്‍ ഉണ്ടാകാതിരിക്കാന്‍ ട്രിബ്യൂണല്‍ ഉത്തരവിനെതിരേ അപ്പീല്‍ പോകേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ജേക്കബ് തോമസ് നേരത്തേ സ്വയംവിരമിക്കലിന് അപേക്ഷ നല്‍കിയിരുന്നു. ഇത് കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തിന് സര്‍ക്കാര്‍ കൈമാറിയിരുന്നു. എന്നാല്‍, മൂന്നുമാസം മുന്‍പ് മുന്‍കൂര്‍ നോട്ടിസ് നല്‍കണമെന്ന കാലപരിധി പാലിക്കാത്തതിനാല്‍ സ്വയംവിരമിക്കല്‍ അപേക്ഷ അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം മടക്കി അയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."