ഇത്തവണ സര്‍ക്കാര്‍ ജീവനക്കാരുടെ സംസ്ഥാന കായികമേള ഇല്ല
മലപ്പുറം: സര്‍ക്കാര്‍ ജീവനക്കാരുടെ കായികമേളയായ സംസ്ഥാന സിവില്‍ സര്‍വിസ് ടൂര്‍ണമെന്റ് ഇത്തവണ നടക്കില്ല. കേരളം നേരിട്ട പ്രളയ ദുരന്തത്തിന്റെ പശ്ചാതലത്തില്‍ സംസ്ഥാന സിവില്‍ സര്‍വിസ് ടൂര്‍ണമെന്റ് റദ്ദാക്കിയതായി കഴിഞ്ഞ ദിവസം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഡയരക്ടറേറ്റില്‍ നിന്നും ജില്ലാ സ്‌പോര്‍ട്‌സ് സെക്രട്ടറിമാര്‍ക്ക് അറിയിപ്പു നല്‍കി.
ഈമാസം 13 മുതല്‍ 15 വരെ തിരുവനന്തപുരത്തു വച്ച് ടൂര്‍ണമെന്റ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇതുപ്രകാരം മലപ്പുറം, കോഴിക്കോട്, പാലക്കാട് തുടങ്ങി മിക്ക ജില്ലകളിലും ജില്ലാ സിവില്‍ സര്‍വിസ് മീറ്റുകള്‍ നടത്തി വിജയികളെ കണ്ടെത്തുകയും സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ കായിക താരങ്ങള്‍ പൂര്‍ത്തീയാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മത്സരാര്‍ഥികളെ നിരാശയിലാക്കി പുതിയ നിര്‍ദേശം വന്നിരിക്കുന്നത്.
സംസ്ഥാന കായികമേള നടത്തുന്നില്ലെങ്കില്‍ ഭീമമായ തുക ചിലവഴിച്ച് ജില്ലാതല മീറ്റുകള്‍ നടത്തിയതെന്തിനാണെന്ന ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയിലെ നിരവധി പ്രതിഭകളെ കണ്ടെത്തുന്ന ഈ കായികമേള നടത്താതിരിക്കുന്നത് പ്രതിഭകള്‍ക്കുള്ള പുതിയ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന നടപടിയാണെന്നു വിലയിരുത്തപ്പെടുന്നു.
ദേശീയ മത്സരത്തില്‍ പ്രതിഭകളാവുന്ന ഒട്ടേറെ താരങ്ങള്‍ സംസ്ഥാന കായികമേളയില്‍ പങ്കെടുക്കാറുണ്ട്. ദേശീയ മീറ്റിനു പങ്കെടുക്കാനുള്ള ഒരു സെലക്ഷന്‍ മത്സരം കൂടിയാണ് സംസ്ഥാന കായികമേള.
അതിനാല്‍ തന്നെ കേരളത്തില്‍ നിന്നുള്ള സര്‍ക്കാര്‍ ജീവനക്കാരായ കായിക താരങ്ങള്‍ക്കു ദേശീയ മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരവും ഉദ്യോഗസ്ഥരുടെ ഫയലുകള്‍ക്കിടയിലെ തിരക്കിട്ട ജീവിതത്തില്‍ നിന്നും മാനസിക-ശാരീരിക ഉല്ലാസത്തിനുള്ള അവസരവും ഇതുവഴി നിഷേധിക്കപ്പെട്ടന്നുമുള്ള വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
എന്നാല്‍ വലിയ സാമ്പത്തിക ബാധ്യത വരുന്ന മത്സരമായതിനാല്‍ പ്രളയാനന്തര ദുരിതത്തിന്റെ പശ്ചാതലത്തില്‍ കായികമേള നടത്താനാവില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. ഒരോ ജില്ലകളില്‍ നിന്നും കോച്ചുമാരും മാനേജര്‍മാരുമുള്‍പ്പെടെ 200ലേറെ പേര്‍ക്ക് പങ്കെടുക്കുന്നതിനുള്ള ചിലവുകള്‍ ഭീമമായി വരുമെന്നാണ് കണക്കാക്കുന്നത്. ഇത്തരം കാരണത്താലാണ് കായികമേള വേണ്ടെന്നു വച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് അനൗദ്യോഗിക അറിയിപ്പ് ഒരാഴ്ച്ച മുന്‍പ് തന്നെ നല്‍കിയിരുന്നു.
എന്നാല്‍ രണ്ട് ദിവസം മുന്‍പാണ് രേഖാമൂലമുള്ള അറിയിപ്പ് നല്‍കിയത്. അതേസമയം മത്സരത്തില്‍ പങ്കെടുക്കാന്‍ എല്ലാ അര്‍ഥത്തിലും യോഗ്യതനേടിയവര്‍ സംസ്ഥാന കായിക മേള റദ്ദാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഇ.പി ജയരാജന് നിവേദനം സമര്‍പ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."