ഭക്തജന സമിതിയുടെ പൊതുയോഗത്തിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുമതി നിഷേധിച്ചു
അരൂര്‍: തുറവൂര്‍ ക്ഷേത്രത്തിലെ ഭക്തജന സമിതിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തിരിച്ചടി.
ഭക്തജന സമിതി വിജിലന്‍സ് അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ യാതൊരുവിധ പൊതുയോഗവും വിളിക്കരുതെന്നും ഇതിനായി ക്ഷേത്രത്തിന്റെ കെട്ടിടമോ സ്ഥലമോ നല്‍കേണ്ടതില്ലെന്നും കാണിച്ച് ദേവസ്വം ബോര്‍ഡ് ഉത്തരവ് നല്‍കിയതോടെയാണ് ഭക്തജന സമിതിക്ക് തിരിച്ചടിയായത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വിപുലമായ പൊതുയോഗം നടത്തുമെന്ന് കാണിച്ച് പരസ്യങ്ങള്‍ നല്‍കിയിരുന്നു.
എന്നാല്‍ ഇതിനെതിരെ ഭക്തജനങ്ങളില്‍ ചിലര്‍ തിരുവനന്തപുരം ദേവസ്വം കമ്മീഷണര്‍ ഓഫീസില്‍ വിവരമറിയിക്കുകയും ഭക്തജന സമിതി തന്നെ പൊതുയോഗം നടത്തുന്നതിനായി അനുവാദം വാങ്ങുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഭക്തജന സമിതിയംഗങ്ങളെ പോലും വിസ്മയിപ്പിച്ചു കൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്. തുറവൂര്‍ ദേവസ്വം ഭക്തജന സമിതിയെന്ന പേരില്‍ കോണ്‍ഗ്രസിന്റെ ചില പ്രമുഖര്‍ ചുക്കാന്‍ പിടിച്ച് നടത്തി വരുന്ന സംഘടനയാണ് ഭക്തജന സമിതി. സമിതി ആരംഭിച്ച കാലം മുതല്‍ ഇപ്പോഴും ഒരാളാണ് പ്രസിഡന്റായി തുടരുന്നത്. ഇതിനെതിരെ ഭക്തജനങ്ങളില്‍ ചിലര്‍ രംഗത്തെത്തിയിരുന്നു. വന്‍ തോതിലുള്ള അഴിമതി ആരോപണത്തെ തുടര്‍ന്നാണ് ഇവര്‍ സമിതിക്കെതിരെ രംഗത്തെത്തിയത്.
എന്നാല്‍ ദേവസ്വം ബോര്‍ഡിലെ ചിലര്‍ ഭക്തജന സമിതിക്ക് അനുകൂലമായി നീങ്ങുന്ന സമീപനമാണ് ഉണ്ടായിരുന്നത്. ഇത്തരം സാഹചര്യത്തിലാണ് സമിതിയുടെ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്. ഭക്തജനങ്ങളുടെ പരാതിയെ തുടര്‍ന്ന് കോട്ടയം വിജിലന്‍സ് കോടതി ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന വിജിലന്‍സിന് ഉത്തരവ് നല്‍കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് കൊച്ചി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓംബുഡ്‌സ്മാനും പരാതി നല്‍കിയതിനെ തുടര്‍ന്ന് സമിതി ഹൈക്കോടതിയില്‍ കേസ് നല്‍കുകയും അത് ഇപ്പോള്‍ പരിഗണനയിലുമാണ്. തങ്ങളുടെ അഴിമതി മറച്ചു പിടിക്കാനാണ് കോടതിയില്‍ കേസ് നല്‍കിയിരിക്കുന്നതെന്ന ആരോപണവും ശക്തമാണ്.
എന്നാല്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ ഭക്തജന സമിതിയെ അടിയന്തിരമായി പിരിച്ചു വിടണമെന്നും ദേവസ്വത്തില്‍ നിന്നും ഒഴിപ്പിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. പക്ഷേ അതിന് തയാറാകാതെ സമിതിയെ സംരക്ഷിക്കുന്ന നിലപാടാണ് കഴിഞ്ഞ സമയം വരെ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചിരുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലൊന്നും ഇത്തരം സമിതികള്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല.
മറിച്ച് ഉപദേശക സമിതിയാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് അംഗീകാരവും നല്‍കാറുണ്ട്. പക്ഷേ തുറവൂരില്‍ അനധികൃതമായി ഇത്തരം ഭക്തജന സമിതി പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട് കാലമേറെയായിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കുകയോ ഉപദേശക സമിതി രൂപീകരിക്കാന്‍ വേണ്ട സഹകരണം ഒരുക്കുവാനോ ദേവസ്വം ബോര്‍ഡ് തയാറാകാതിരുന്നത് ഈ സമിതിയെ സംരക്ഷിക്കുവാനാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്.
ക്ഷേത്രത്തിലെ ജീവനക്കാരെയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറേയും തങ്ങളുടെ ചൊല്‍പ്പടിക്ക് നിന്നില്ലെങ്കില്‍ ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിതിവിശേഷവും ഇവിടെ നില്‍ക്കുന്നു. അതി രൂക്ഷമായ ഭീഷണിയാണ് ഇവര്‍ക്ക് നേരിടേണ്ടി വരുന്നത്.
ഇത്തരം സംഭവങ്ങള്‍ ജീവനക്കാര്‍ക്കിടയിലും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇവിടത്തെ ഭക്തജന സമിതി കൊടിമരം സ്വര്‍ണ്ണം പൂശിയതിന്റെ പേരിലും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരിലും വന്‍ തോതിലുള്ള ക്രമക്കേടുകളാണ് നടത്തിയിട്ടുള്ളതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."