കാവനൂരിന് ഇനി കുടിവെള്ളം ലഭിക്കും
അരീക്കോട്: നാല് വര്‍ഷം മുന്‍പ് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫ് പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ച കാവനൂര്‍ പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവന്‍. 2014 ല്‍ പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ച പദ്ധതി ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുമെന്നായിരുന്നു മന്ത്രി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പ്രവര്‍ത്തികള്‍ പേരിന് മാത്രമാണ് നടന്നത്. പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തിക്ക് 10.80 കോടിയുടെ ഭരണാനുമതി ലഭിച്ചതോടെ പ്രവൃത്തി വേഗത്തിലാക്കുമെന്ന് പി.കെ ബഷീര്‍ എം.എല്‍.എ അറിയിച്ചു.
കിളിക്കല്ലിങ്ങല്‍ വാട്ടര്‍ അതോറിറ്റി ഓഫിസിന് പരിസരത്ത് ടാങ്കിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും ടാങ്കില്‍ നിന്ന് വെള്ളം വിതരണം ചെയ്യാനുള്ള പൈപ്പ് സ്ഥാപിക്കുന്ന പ്രവര്‍ത്തി ഇഴഞ്ഞ് നീങ്ങിയതാണ് പ്രദേശത്തുകാര്‍ക്ക് കുടിവെള്ളം മുടങ്ങാന്‍ കാരണമായത്.
165 കിലോമീറ്റര്‍ ദൂര പരിധിയില്‍ കാവനൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ ഊടുവഴികളിലും വെള്ളമെത്തിക്കുന്നതിനായാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഏറനാട് മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിയപ്പോള്‍ കാവനൂര്‍ ആവശ്യപ്പെട്ടത് കുടിവെള്ള പദ്ധതിയായിരുന്നു. എന്നാല്‍ മറ്റു പഞ്ചായത്തുകള്‍ക്ക് പ്രഖ്യാപിച്ച പാലങ്ങള്‍ അടക്കമുള്ള പദ്ധതികള്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്ത് വര്‍ഷങ്ങളായിട്ടും കാവനൂരിലെ കുടിവെള്ള പദ്ധതിക്ക് ഇത് വരെ ജീവന്‍ വെച്ചിരുന്നില്ല. പദ്ധതി വൈകുന്നതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പി.കെ ബഷീര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പദ്ധതിക്ക് ഫണ്ട് കണ്ടെത്താന്‍ സര്‍ക്കാറില്‍ നിരന്തരമായ ഇടപെടലുകള്‍ നടത്തിയിരുന്നു. എന്നാല്‍ എല്‍.ഡി.എഫ് നിയന്ത്രണത്തിലുള്ള കാവനൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും എം.എല്‍.എയും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലാഴ്മ കാരണം മുടങ്ങുകയായിരുന്നു. പഞ്ചായത്ത് ഭരണം യു.ഡി.എഫ് തിരിച്ചുപിടിച്ചതോടെയാണ് കുടിവെള്ള പദ്ധതി വേഗത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ എം.എല്‍.എയും പഞ്ചായത്ത് അധികൃതരും നടത്തിയ ശ്രമങ്ങള്‍ വിജയിച്ചത്.
ഗതാഗത തടസം സൃഷ്ടിക്കുന്ന തരത്തില്‍ റോഡരികില്‍ പൈപ്പുകള്‍ കൂട്ടിയിട്ടത് മാത്രമായിരുന്നു പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ നാല് വര്‍ഷമായി നടന്നിരുന്നത്. റോഡ് കീറി മുറിച്ച് പൈപ്പുകള്‍ സ്ഥാപിക്കണമെങ്കില്‍ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വേണമെന്ന തടസമായിരുന്നു വകുപ്പ് അധികൃതര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നത്. പിന്നീട് പ്രതിഷേധം ഉയര്‍ന്നതോടെ പ്രധാന റോഡുകളെല്ലാം കീറിമുറിച്ച് പൈപ്പുകള്‍ സ്ഥാപിക്കുകയായിരുന്നു. പദ്ധതിയുടെ പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് റോഡ് കീറിമുറിക്കാനുള്ള അനുമതി പോലും വാട്ടര്‍ അതോറിറ്റി നേടിയെടുത്തിരുന്നത്. നിലവില്‍ 17 കോടി രൂപ വിനിയോഗിച്ച് കിണര്‍, ടാങ്ക് നിര്‍മാണം പൂര്‍ത്തീകരിച്ച് കഴിഞ്ഞു. കാവനൂര്‍ പഞ്ചായത്തില്‍ 165 കിലോമീറ്റര്‍ ദൂര പരിധിയില്‍ നടപ്പാക്കേണ്ട പദ്ധതി ആദ്യ ഘട്ടത്തില്‍ 22 കിലോമീറ്ററില്‍ നടപ്പാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 17 കോടി രൂപയുടെ എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് 22 കിലോമീറ്റര്‍ ദൂരപരിധിയില്‍ മാത്രം വെള്ളം എത്തിച്ചാല്‍ പഞ്ചായത്തിലെ വളരെ ചുരുക്കം വീടുകള്‍ക്ക് മാത്രമെ കുടിവെള്ളം ലഭിക്കുകയൊള്ളു. ഇതിന് പരിഹാരം കാണുന്നതിനാണ് 10.80 കോടി രൂപ കൂടി അനുവദിച്ച് ഭരണാനുമതി ആയതെന്ന് പി.കെ ബഷീര്‍ എം.എല്‍.എ പറഞ്ഞു.
നിലവിലെ 10.80 കോടിക്ക് പുറമെ ഇനി 5 കോടി രൂപയെങ്കിലും പുതുതായി ലഭിച്ചെങ്കില്‍ മാത്രമെ പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും വെള്ളം എത്തിക്കാന്‍ സാധിക്കുകയൊള്ളു. കഴിഞ്ഞ വേനലില്‍ കുടിവെള്ള പ്രശ്‌നം രൂക്ഷമായി അനുഭവപ്പെട്ട പഞ്ചായത്തുകളിലൊന്നാണ് കാവനൂര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."