'അട്ട്‌മോസ്റ്റ് ഹാപ്പിനസി'നിടയില്‍ അണ്‍ഹാപ്പിയായി...
എഴുത്തിലും നിലപാടുകളിലും വിട്ടുവീഴ്ചയ്ക്ക് തയാറാവാത്ത വ്യക്തിയാണ് അരുന്ധതി. ബഹുഭൂരിഭാഗവും തനിക്കെതിരേ വാളോങ്ങുന്നുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും താന്‍ ഉയര്‍ത്തിപ്പിടിച്ച വിളക്കുമാടത്തെ കെടുത്താന്‍ അവര്‍ തയാറാവുന്നില്ല. നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമാവാനുള്ള ശ്രമമാണ് രചനകളിലൂടെയും നിലപാടുകളിലൂടെയും അവര്‍ പലപ്പോഴും പ്രകടിപ്പിക്കാറുളളത്. അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്ക് നേരെ ഏക ശബ്ദത്തിന്റെ മുന്നറിയിപ്പ് നല്‍കുന്ന കാലത്ത് അരുന്ധതി റോയ് തന്റെ നിലപാടുകള്‍ വ്യക്തമാക്കുകയാണ് എഴുത്തുകാരനായ സാക് ഒ യാഹ് നടത്തിയ അഭിമുഖത്തിലൂടെ. ദ ഹിന്ദുവില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
Q. ഇന്ത്യയിലിരുന്നു എഴുതുകയും ലോകം മുഴുവന്‍ വായിക്കപ്പെടുകയെന്നുള്ള സ്വപ്‌നത്തിന് പുതിയ തലമുറയിലെ ഇന്ത്യന്‍ എഴുത്തുകാര്‍ക്ക് താങ്കള്‍ ഒരു പ്രചോദനമാണ്. സ്വന്തം പ്രതിച്ഛായയെക്കുറിച്ച് എന്തുതോന്നുന്നു. എപ്പോഴെങ്കിലും അതിനെക്കുറിച്ച് താങ്കള്‍ ചിന്തിച്ചിട്ടുണ്ടോ?
സത്യത്തില്‍ ഇല്ല. കാരണം, സന്തോഷവും സന്താപവും തുല്യമായി സമ്മേളിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. സ്വ പ്രവര്‍ത്തനങ്ങളില്‍ നിമഗ്നയായി ജീവിക്കുന്ന ഒരാളാണെങ്കിലും മുഖ്യധാരയില്‍ ഇടപെടുന്നത് ഇഷ്ടപ്പെടാത്ത നിരവധി എഴുത്തുകാരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. ഞാന്‍ അത്തരം വിഭാഗങ്ങളില്‍പ്പെട്ടയാളല്ല. ഈ രാജ്യത്ത് പ്രതികരണാത്മക സമീപനങ്ങള്‍ അനിവാര്യമാണ്. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. ഞാനിവിടെയുണ്ടെന്നും നിങ്ങളുടെ കൂടെയുണ്ടെന്നും അവരോട് പറയണം. ഇതാണ് എന്റെ അഭിപ്രായം. അല്ലാതെ, പൊതുധാരയില്‍ നിന്ന് ഒളിഞ്ഞിരിക്കാനില്ല. ആര്‍ക്കെങ്കിലും ബന്ധനത്തിന്‍ അതിരുകള്‍ ഭേദിച്ച് പുറത്തിറങ്ങാനുള്ള കരുത്ത്, പുതിയ അനുഭവങ്ങള്‍ തുടങ്ങിയവ നല്‍കുകയെന്നുള്ളത് മഹത്തരമായ കാര്യമാണ്.
Q. സാഹിത്യ ഫെസ്റ്റുകളില്‍ നിങ്ങളെ കാണാതിരിക്കുന്നത് പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ചിലതില്‍ ഞാനും പങ്കെടുത്തില്ലെങ്കിലും ഈയ്യിടെ ഇന്ത്യയില്‍ നടന്ന നൂറില്‍പരം സാഹിത്യ ഫെസ്റ്റുകളില്‍ നിങ്ങളെ കണ്ടിട്ടില്ല. മറ്റുള്ള എഴുത്തുകാരില്‍ നിന്ന് അകലം പാലിക്കാനുള്ള ശ്രമമാണോ ഇത്?
ഇത് മറ്റുള്ള എഴുത്തുകാരെ സംബന്ധിച്ചുള്ള വിഷയമല്ല. എനിക്കറിയില്ല നിങ്ങള്‍ എന്റെ Capitalism A Ghost story walking with the Comrades? എന്ന പ്രബന്ധം വായിച്ചിട്ടുണ്ടോ എന്ന്. ജയ്പൂര്‍ സാഹിത്യഫെസ്റ്റിന് പണം ചെലവഴിച്ചിരുന്നത് ആദിവാസികളെ നിശബ്ദമാക്കി, അവരെ വീടുകളില്‍ നിന്ന് പുറത്താക്കിയ ഒരു വിഭാഗം കുപ്രസിദ്ധരായ ഖനന കമ്പനികളായിരുന്നു. ഇപ്പോള്‍ പണം നല്‍കുന്നത് സീ ടിവിയാണ്. അവരാണെങ്കില്‍ എന്റെ രക്തത്തിനായി മുറവിളികൂട്ടുന്നവരാണ്. അതിനാല്‍ എന്റെ ധാര്‍മികതിയില്‍നിന്ന് ഞാന്‍ പിന്നോട്ടില്ല. എനിക്കെങ്ങനെ സാധ്യമാവും? ഞാന്‍ അവര്‍ക്കെതിരേയാണ് എഴുതുന്നത്. ഇതിന്റെ അര്‍ഥം ഞാന്‍ ശുദ്ധയായ വ്യക്തിയാണെന്നല്ല. എല്ലാവരെയും പോലെ വിരുദ്ധ അഭിപ്രായങ്ങളും വിയോജിപ്പുമുള്ള വ്യക്തിയാണ്. ഞാന്‍ ഗാന്ധിയെപ്പോലെയുള്ള വ്യക്തിയല്ല. പക്ഷേ നിലപാടുകളില്‍ കര്‍ശനമായി നിലകൊള്ളും. ലോകത്തിലെ പാവപ്പെട്ടവരുടെ ശബ്ദങ്ങള്‍ നിശബ്ദമാക്കാന്‍ ശ്രമിക്കുമ്പോള്‍ എങ്ങനെയാണ് നിശബ്ദയായിരിക്കാനാവുക. അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞ് എഴുത്തുകാര്‍ പിന്നെ എങ്ങനെ ലോകം മുഴുവന്‍ പറന്നുനടക്കുക?
Q. താങ്കള്‍ നിരവധി ഇന്ത്യന്‍ ഗദ്യ-പദ്യ സാഹിത്യങ്ങള്‍ വായിക്കാറുണ്ടോ?
ഈ പുസ്തകം എഴുതുമ്പോള്‍ എനിക്ക് ആനുകാലിക വിഷയങ്ങളില്‍പോലും ആഴത്തിലുള്ള ഗ്രാഹ്യമുണ്ടായിരുന്നില്ല. ഫേസ്ബുക്കിലെ വര്‍ത്തമാന ചര്‍ച്ചകളെക്കുറിച്ചുപോലും അറിയില്ല. ഇതില്‍ എന്തെങ്കിലും കുറവുള്ളതായി ഒരിക്കലും തോന്നിയിട്ടില്ല. ഒരിക്കല്‍ എഡ്വേര്‍ഡ് സ്‌നൈഡര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ഫേസ്ബുക്ക് ആരംഭിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് സി.ഐ.എ ആയിരുന്നുവെന്നാണ്.
കാരണം, അവര്‍ക്ക് എല്ലാ വിവരങ്ങളും പ്രയത്‌നമില്ലാതെ ലഭ്യമാവുന്നുണ്ട്. അത് ഒരു വശം, നിങ്ങള്‍ എഴുതാനിരിക്കുമ്പോ കുറച്ചൊക്കെ വായനയോട് അപരിചിതത്വം കാണിക്കണം. ചിലപ്പോള്‍ ഞാന്‍ വളരെയധികം പുസ്തകങ്ങളൊന്നും വായിക്കാറില്ല. സ്വന്തം യുക്തി ഉപയോഗിച്ചാണ് പലപ്പോഴും കാര്യങ്ങള്‍ കണ്ടെത്തുന്നത്.
Q. ആരാധിക്കുന്ന ഏതെങ്കിലുംഇന്ത്യന്‍ എഴുത്തുകാരുണ്ടോ?
ലോക വീക്ഷണത്താല്‍ വ്യത്യസ്ത ധ്രുവങ്ങളിലാണെങ്കിലും വി.എസ് നയ്‌പ്പോള്‍ മികച്ച എഴുത്തുകാരനാണെന്നാണ് തോന്നുന്നത്. പക്ഷേ ആരും എന്നില്‍ സ്വാധീനം ചെലുത്തിയിട്ടില്ല. ചില ഇന്ത്യന്‍ എഴുത്തുകാര്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ജാതീയതയെ ഇപ്പോഴും അനുകൂലിക്കുന്നവരും ആ കൂട്ടത്തിലുണ്ട്. അത് ഇവിടെ നിലനില്‍ക്കുന്ന വ്യവസ്ഥിതിയുടെ പ്രശ്‌നമാണ്.
Q. അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ താങ്കളെ തീഹാര്‍ ജയിലില്‍ കാണാനായത് ഞെട്ടിപ്പിച്ച കാര്യമാണ്?
തീഹാര്‍...(ദീര്‍ഘ ശ്വാസം വലിക്കുന്നു). അതെ ഞട്ടിച്ചു. പക്ഷേ, ആയിരക്കണക്കിന് ജനങ്ങള്‍ അഴികള്‍ക്കുള്ളില്‍ കിടക്കുന്നു അവര്‍ക്കെതിരേ ചുമത്തിയ കേസെന്താണെന്ന് പോലും അറിയാതെ. അതിനാല്‍ എന്റെ കാര്യത്തില്‍ വിചിത്രമായതൊന്നും തോന്നുന്നില്ല. ജനങ്ങള്‍ വര്‍ഷങ്ങളോളം യാതൊരു കാരണവുമില്ലാതെ ജയിലില്‍ കിടക്കുന്നു. വെറുതെ professor P.O.W എന്ന പ്രബന്ധം എഴുതിയതിനാല്‍ ഞാന്‍ ഇപ്പോള്‍ കോടതിയലക്ഷ്യ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. അത് നിങ്ങള്‍ക്ക് ഔട്ട് ലുക്ക് മാഗസിനില്‍ വായിക്കാനാവും.
ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ലാത്ത ഒരു രാജ്യത്തേക്ക് പോകാന്‍ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
സര്‍വര്‍ക്കും അറിയാം ഞാന്‍ ഇവിടെയാണ്. എല്ലാവര്‍ക്കും എന്നെ അറിയാം. സത്യത്തില്‍ ഞാന്‍ പുറത്ത് ജീവിച്ചിട്ടില്ല. അപരിചിതമായ രാജ്യത്ത് ജീവിക്കുകയെന്നുള്ളത് ഭയപ്പെടുത്തുന്ന കാര്യമാണ്. പക്ഷേ, ഇപ്പോള്‍ അങ്ങേയറ്റം അപകടകരമായ സ്ഥലമാണ് നമ്മുടെ രാജ്യം. എനിക്കോ മറ്റുള്ളവര്‍ക്കോ ആവട്ടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. ആരെ കൊല്ലണമെന്നും വെടിവയ്ക്കണമെന്നും ഇവിടെ പൊതുജനമാണ് തീരുമാനിക്കുന്നത്. ഫിക്ഷന്‍, നോണ്‍ഫിക്ഷന്‍ സാഹിത്യ രചനകളില്‍ ഏറ്റവും കൂടുതല്‍ സന്തോഷം തരുന്നത് ഏതാണ്. അല്ല രണ്ടും തുല്യ സംതൃപ്തിയാണോ നല്‍കുന്നത്?
ഇല്ല. ഇവ രണ്ടിനുമിടയില്‍ എനിക്ക് താരതമ്യമില്ല. നോണ്‍ ഫിക്ഷന്‍ സന്തോഷമല്ല നല്‍കുന്നത്. അത് ഒരു തരം തിടുക്കവും ഒപ്പം തീക്ഷ്ണതയുമാണ്. പക്ഷേ, ഫിക്ഷന്‍ സന്തോഷത്തിന്റേതാണ്.
വിവ: അര്‍ശദ് തിരുവള്ളൂര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."