ഗാന്ധി ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് കാലത്തിന്റെ അനിവാര്യത: ഗവര്‍ണര്‍
തിരുവനന്തപുരം: ഗാന്ധിയന്‍ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
കേരള ഗാന്ധി സ്മാരക നിധിയുടെ ആഭിമുഖ്യത്തില്‍ തൈക്കാട് ഗാന്ധിഭവനില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പരമുള്ള സ്നേഹവും സഹവര്‍ത്തിത്വവുമാണ് കേരളത്തിലെ ജനങ്ങളുടെ പ്രത്യേകതയെന്നും ഇതാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണത്തിന് അര്‍ഹമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിനുവേണ്ടി മാത്രമായിരുന്നില്ല ഗാന്ധിയുടെ പോരാട്ടം, മറിച്ച് സമൂഹത്തിലെ മുഴുവന്‍ തിന്മകളോടുമായിരുന്നു. മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഗാന്ധിഭവന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകയാണ്. സംസ്ഥാനത്തുടനീളം മദ്യവര്‍ജനത്തിനായി മികച്ച പ്രവര്‍ത്തനം നടത്താനും ഫലം സൃഷ്ടിക്കാനും ഗാന്ധിഭവന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളാ ഗാന്ധി സ്മാരക നിധി ചെയര്മാന് ഡോ. എന്‍. രാധാകൃഷ്ണന് അധ്യക്ഷനായി. പ്രമുഖ ഗാന്ധിയന്‍ പി. ഗോപിനാഥന് നായര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. കേരളാ ഗാന്ധി സ്മാരക നിധി സെക്രട്ടറി ഡോ. എന്‍. ഗോപാലകൃഷ്ണന് നായര്‍ സ്വാഗതവും കേരളാ ഗാന്ധി സ്മാരക നിധി ഡയരക്ടര്‍ ഡോ. ജേക്കബ് പുളിക്കന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."