ഗാന്ധിസ്മൃതിയില്‍ സംസ്ഥാനം
തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. ഗാന്ധിസ്മൃതിയുടെ ഭാഗമായി ഇന്ദിരാഭവനില്‍ രാവിലെ ഒന്‍പതരയോടുകൂടി പുഷ്പാര്‍ച്ചനയും സര്‍വമത പ്രാര്‍ഥനയും നടന്നു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, മണ്‍വിള രാധാകൃഷ്ണന്‍, എന്‍.ശക്തന്‍, പാലോട് രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, വര്‍ക്കല കഹാര്‍ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയിലും സര്‍വമത പ്രാര്‍ഥനയിലും പങ്കെടുത്തു.
പദയാത്രകള്‍ക്ക് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയും എറണാകുളത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കോഴിക്കോട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും നേതൃത്വം നല്‍കി. തിരുവനന്തപുരത്ത് യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിനു മുന്നിലെ സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയ്ക്കു മുന്‍പില്‍നിന്നും ആരംഭിച്ച പദയാത്ര കിഴക്കേക്കോട്ട ഗാന്ധിപാര്‍ക്കിലെ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി സമാപിച്ചു. എ.കെ ആന്റണി നയിച്ച പദയാത്രയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് പ്രവര്‍ത്തകരും നേതാക്കളും പങ്കെടുത്തു.
കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്തലിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഏകത്വം രാജ്യത്തെ തകര്‍ച്ചയിലേക്കു നയിക്കുമെന്ന് പദയാത്രയുടെ സമാപനവേദിയില്‍ എ.കെ ആന്റണി പറഞ്ഞു. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും വര്‍ഗത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ പ്രാദേശികമായി ഭിന്നിച്ചുനിന്ന ജനതയെ ഒരു ചരടില്‍ കോര്‍ത്തെടുത്തത് ഗാന്ധിയാണ്. നാനാത്വത്തിലെ ഏകത്വത്തിനു വേണ്ടിയാണ് ഗാന്ധിജി നിലകൊണ്ടതെങ്കില്‍ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ തന്ത്രമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അടിച്ചമര്‍ത്തലിലൂടെ രാജ്യത്ത് ഏകത്വം നടപ്പിലാക്കാന്‍ അവര്‍ ശ്രമിക്കുന്നു. അത് രാജ്യത്തെ തകര്‍ച്ചയിലേക്കു നയിക്കും. എന്തു വിലകൊടുത്തും ഭാരതത്തിന്റെ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കണം. രാജ്യത്തെ തകര്‍ക്കുന്ന തെറ്റായ നയങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ക്കു പിന്നില്‍ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും എ.കെ ആന്റണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."