ഡി.ഐ.ജി ഓഫിസ് മാര്‍ച്ച്: എല്‍ദോ എബ്രഹാം എം.എല്‍.എക്ക് മുന്‍കൂര്‍ ജാമ്യമില്ല
കൊച്ചി: ഞാറക്കല്‍ സി.ഐക്കെതിരേ നടപടിയാവശ്യപ്പെട്ടു സി.പി.ഐ ഡി.ഐ.ജി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നു രജിസ്റ്റര്‍ ചെയ്ത കേസില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്‍കൂര്‍ ജാമ്യമനുവദിച്ചില്ല. കേസിലെ പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ കീഴടങ്ങാനും കോടതി നിര്‍ദേശം നല്‍കി. കഴിഞ്ഞ ജൂലൈ 23 നു നടന്ന മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നുള്ള കേസില്‍ എല്‍ദോ എബ്രഹാം, സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു, കെ.കെ അഷറഫ്, കെ.എന്‍ സുഗതന്‍, മുണ്ടക്കയം സദാശിവന്‍, അസ്്‌ലഫ് പറേക്കാടന്‍, ആല്‍വിന്‍ സേവ്യര്‍, സതീഷ് കുമാര്‍ പി.കെ, ജോണ്‍ എം.എം, ടി.സി സഞ്ജിത് എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിച്ചത്.
ഇവര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ ഉടന്‍ തന്നെ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സി.പി.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള കണ്ടാലറിയാവുന്ന 300 ഓളംപേര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മാര്‍ച്ച് നിയന്ത്രിക്കാന്‍ ശ്രമിച്ച പൊലിസുകാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിയില്‍ തടസം നിന്നുവെന്നും പൊതു മുതല്‍ നശിപ്പിച്ചുവെന്നും ആരോപിച്ചാണ് കേസെടുത്തത്. പി.രാജു ഒന്നാം പ്രതിയും എല്‍ദോ എബ്രഹാം രണ്ടാം പ്രതിയുമാണ്. സംഭവത്തില്‍ എല്‍ദോ എബ്രഹാമിനും സി.പി.ഐ നേതാക്കള്‍ക്കും പൊലിസുകാര്‍ക്കും പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."