വായനാപക്ഷാചരണത്തിന് ഇന്ന് തുടക്കം
തൃശൂര്‍: പി.എന്‍ പണിക്കരുടെ ചരമദിനം മുതല്‍ ജൂലൈ ഏഴ് ഐ.വി ദാസ് ജന്മദിനം വരെയുള്ള ദിവസങ്ങളില്‍ ജില്ലാഭരണകൂടം, പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, വിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, സാക്ഷരത മിഷന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ വായനാപക്ഷാചരണം സംഘടിപ്പിക്കുന്നു.
ഈ ദിവസങ്ങളില്‍ സ്‌കൂളുകളിലും വായനശാലകളിലും തുടര്‍ വിദ്യകേന്ദ്രങ്ങളിലും വായനാമത്സരങ്ങള്‍ പൂസ്തക ചര്‍ച്ചകള്‍, സെമിനാറുകള്‍, അനുസ്മരണങ്ങള്‍ സംഘടിപ്പിക്കും. സ്‌കൂള്‍ ലൈബ്രറികളുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും സ്‌കൂള്‍ ലൈബ്രറി ചുമതലക്കാരായ അദ്ധ്യാപകര്‍ക്കുള്ള പരിശീലനവും ഈ കാലയളവില്‍ നടക്കും. വായനാപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് തൃശൂര്‍ ഗവ. മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ വി.എസ് സുനില്‍ കുമാര്‍ നിര്‍വഹിക്കും.
ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് മുരളി പെരുനെല്ലി അദ്ധ്യക്ഷനാകും. ജില്ലാ കലക്ടര്‍ ഡോ. എ കൗശികന്‍ വായനാദിന സന്ദേശം നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, മേയര്‍ അജിത ജയരാജന്‍ പങ്കെടുക്കും. ലൈബ്രറി കൗണ്‍സില്‍ സ്റ്റേറ്റ് എക്‌സി. അംഗം ടി.കെ. വാസു പി.എന്‍ പണിക്കര്‍ അനുസ്മരണം നടത്തും.
ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകരായി തെരഞ്ഞെടുക്കപ്പെട്ട സി.വി തങ്കപ്പന്‍ (യുവജന വായനശാല വില്ലടം), പി.പി സജി (ജ്ഞാനോദയം വായനശാല, വെസ്റ്റ് കൊരട്ടി) പി.കെ വാസു (എം.വി. വേണുഗോപാല്‍ സ്മാരക ലൈബ്രറി, വെസ്റ്റ് പെരിഞ്ഞനം), സി.വി സുധാകരന്‍ (വാടാനപ്പിള്ളി യൂത്ത് ലീഗ് ലൈബ്രറി) മോഹനന്‍ പി.ആര്‍ (ഗ്രാമീണ വായനശാല, വേലൂര്‍വടക്കുമുറി) വി.വി. തിലകന്‍(താഷ്‌ക്കന്റ് ലൈബ്രറി, പട്ടേപ്പാടം) വി.എന്‍ ഗോപാലകൃഷ്ണന്‍ (ഗ്രാമീണ വായനശാല, അവിണിശ്ശേരി) എന്നിവരെ ചടങ്ങില്‍ ആദരിക്കും. മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകര്‍ക്ക് 3000 രൂപയും മെമെന്റോയും നല്കും.
ജില്ലയിലെ മികച്ച സ്‌കൂള്‍ ലൈബ്രറികളായി തെരഞ്ഞെടുത്ത ജി.എച്ച് എസ്.എസ്. ചേര്‍പ്പ്, ഗവ. ബോയ്‌സ് ഹയര്‍സസെക്കന്‍ഡറി സ്‌കൂള്‍ കൊടുങ്ങല്ലൂര്‍, ജി.എച്ച്.എസ്.എസ്. പാഞ്ഞാള്‍ എന്നീ സ്‌കൂളുകള്‍ക്ക് 3000 രൂപയുടെ പുസ്തക കിറ്റ് നല്‍കും. മികച്ച ലൈബ്രറി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ തുടര്‍ വിദ്യാകേന്ദ്രത്തിനും പുസ്തകകിറ്റ് സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."